സമ്മർദങ്ങളുടെ കൊടുമുടി കീഴടക്കാനാകാതെ ഇടറി വീണ് കൗമാരപ്പട; നഖ്‌വി നോക്കിനിൽക്കെ ഇന്ത്യൻ താരങ്ങൾക്ക് മെഡൽ നൽകിയത് മുബാഷിർ ഉസ്മാനി

1 month ago 2

മനോരമ ലേഖകൻ

Published: December 22, 2025 11:48 AM IST Updated: December 22, 2025 11:57 AM IST

1 minute Read

 ACC
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിൽനിന്ന്. ചിത്രം: ACC

ദുബായ് ∙ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ റണ്ണേഴ്സ് അപ്പായ ഇന്ത്യൻ ക്രിക്കററ് ടീമിനു മെഡൽ സമ്മാനിച്ചത് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സെക്രട്ടറിയും ഐസിസി ഭാരവാഹിയുമായ മുബാഷിർ ഉസ്മാനി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക്ക് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റുമായ മെഹ്‌സിൻ നഖ്‌വിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്.

സീനിയർ ഏഷ്യ കപ്പിൽ ചാംപ്യന്മാരായ ഇന്ത്യൻ ടീം നഖ്‌വിയിൽനിന്നു ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടെടുത്തിരുന്നു. അണ്ടർ 19 ഏഷ്യകപ്പിലും പാക്കിസ്ഥാൻ ടീമുമായി ഹസ്തദാനം നടത്തില്ലെന്നു മുൻപേ പ്രഖ്യാപിച്ച ഇന്ത്യൻ ടീം നഖ്‌വിയിൽനിന്ന് പുരസ്കാരം സ്വീകരിക്കില്ലെന്നും നിലപാടെടുത്തു. അതേസമയം, ജേതാക്കളായ പാക്കിസ്ഥാൻ ടീമിന് നഖ്‌വിയാണ് ട്രോഫി സമ്മാനിച്ചത്.

ഫൈനലിൽ പാക്കിസ്ഥാനെതിരെ 191 റൺസിനാണ് ഇന്ത്യ ദയനീയമായി തോറ്റത്. കലാശപ്പോരാട്ടം, എതിരാളിയായി പാക്കിസ്ഥാൻ, പ്രതീക്ഷകളുടെ ഭാരം... സമ്മർദങ്ങളുടെ കൊടുമുടി കീഴടക്കാനാകാതെ ഇന്ത്യൻ കൗമാരപ്പട ഇടറി വീഴുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ ഓപ്പണർ സമീർ മിൻഹാസിന്റെ (172) സെഞ്ചറി മികവിൽ 347 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 156 റൺസിൽ ഓൾഔട്ടായി. വൻ വിജയങ്ങളിലൂടെ ടൂർണമെന്റിലെ ഫേവ്റിറ്റുകളായിരുന്ന ഇന്ത്യയ്ക്കു ഫൈനലിൽ കാലിടറിയപ്പോൾ ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യയ്ക്കെതിരെ 90 റൺസ് തോൽവി വഴങ്ങിയ ശേഷമാണ് പാക്കിസ്ഥാൻ ടീം തിരിച്ചുവന്നത്. അണ്ടർ 19 ഏഷ്യാ കപ്പിൽ പാക്കിസ്ഥാന്റെ രണ്ടാം കിരീടനേട്ടമാണിത്.

348 റൺസിന്റെ വലിയ ലക്ഷ്യം മുന്നിൽനിൽക്കുമ്പോഴും ബാറ്റിങ്ങിൽ കരുത്തരായ ഇന്ത്യയ്ക്ക് ആശങ്കകളുണ്ടായിരുന്നില്ല. ഇന്നിങ്സിലെ ആദ്യ പന്തിൽ സിക്സർ പറത്തി തുടങ്ങിയ വൈഭവ് സൂര്യവംശി ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർത്തി. ആദ്യ 2 ഓവറിൽ 32 റൺസ് നേടിയ ഇന്ത്യയുടെ തകർച്ച തുടങ്ങിയത് മൂന്നാം ഓവറിലാണ്. അലി റാസയുടെ പന്തിൽ ക്യാപ്റ്റൻ ആയുഷ് മാത്രെ (2) പുറത്ത്. 4 ഫോറുമായി ആക്രമിച്ചു കളിച്ച ആരോൺ ജോർജിനെയും (9 പന്തിൽ 16) വൈഭവ് സൂര്യവംശിയെയും (10 പന്തിൽ 26) അടുത്തടുത്ത പന്തുകളിൽ നഷ്ടമായതോടെ പ്രതീക്ഷ മങ്ങി.

വൈഭവിനും പത്താമനായി ബാറ്റിങ്ങിനെത്തിയ ദീപേഷ് ദേവേന്ദ്രനും (36) മാത്രമാണ് ഇന്ത്യൻ ഇന്നിങ്സിൽ 20ന് മുകളിൽ റൺസ് നേടിയത്. നേരത്തേ, ടോസ് വിജയിച്ച ഇന്ത്യയ്ക്കു ബോളിങ്ങിലും പിഴച്ചു. തുടക്കം മുതൽ ആഞ്ഞടിച്ച സമീർ മിൻഹാസിനെ തളയ്ക്കാൻ ബോളർമാർക്കായില്ല. 113 പന്തിൽ 17 ഫോറും 9 സിക്സും ഉൾപ്പെടെ 172 റൺസ് നേടിയ മിൻഹാസ് 43–ാം ഓവറിൽ പുറത്താകുമ്പോൾ പാക്ക് സ്കോർ 302ൽ എത്തിയിരുന്നു.
 

English Summary:

Under 19 Asia Cup witnessed India's decision against Pakistan successful the final. Despite being tourney favorites, the Indian squad faltered, allowing Pakistan to clinch their 2nd rubric successful the Under 19 Asia Cup.

Read Entire Article