Published: August 29, 2025 04:56 PM IST
1 minute Read
മുംബൈ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ ഓപ്പണർ സ്ഥാനം കിട്ടിയില്ലെങ്കിലും സഞ്ജു സാംസണ് തിളങ്ങാൻ സാധിക്കുമെന്ന് സഞ്ജുവിന്റെ മെന്ററും മുൻ ക്രിക്കറ്റ് താരവുമായ റെയ്ഫി വിൻസെന്റ് ഗോമസ്. ടീമിലുണ്ടാകുന്ന ഏതു മാറ്റവുമായും എളുപ്പത്തിൽ ഒത്തുപോകാന്‍ സഞ്ജുവിനു സാധിക്കുമെന്ന് റെയ്ഫി വിൻസെന്റ് ഗോമസ് പ്രതികരിച്ചു. ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗിൽ എത്തുന്നതോടെ ഓപ്പണറായി ആരെ ഇറക്കുമെന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.
അഭിഷേക് ശർമയ്ക്കൊപ്പം ശുഭ്മൻ ഗില്ലോ, സഞ്ജു സാംസണോ ഓപ്പണിങ്ങിൽ ഇറങ്ങും. ‘‘ബാറ്റിങ് ക്രമത്തിൽ സഞ്ജുവിന് താഴേക്ക് ഇറങ്ങേണ്ടിവന്നാലും അദ്ദേഹം അതുമായി പൊരുത്തപ്പെടും. ഏതു സാഹചര്യവുമായും ഇണങ്ങിച്ചേരാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. തന്റെ മികവിൽ സഞ്ജുവിന് നല്ല ആത്മവിശ്വാസമുണ്ട്.’’– ഗോമസ് വ്യക്തമാക്കി.
‘‘ഇത്തരം സമ്മർദങ്ങളെക്കുറിച്ച് സഞ്ജു എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല, ഇതൊക്കെ പുറത്തുള്ള ചർച്ചകൾ മാത്രമാണ്. ബാറ്റിങ്ങിൽ മെച്ചപ്പെട്ട രീതിയിൽ കളിക്കുക എന്നതു മാത്രമാണു ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യന്‍ ടീമിൽ എന്തൊക്കെ ചെയ്യാം എന്നതു മാത്രമാണ് സഞ്ജു ആലോചിക്കുന്ന കാര്യം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സംഭവിച്ചതെല്ലാം മത്സരത്തിന്റെ ഭാഗമാണ്. എല്ലാ ക്രിക്കറ്റ് താരങ്ങളും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകും. ഐപിഎലിനിടെയുണ്ടായ പരുക്കിനെ തുടർന്ന് സഞ്ജു ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ പരിശീലിച്ച് ഫിറ്റ്നസ് വീണ്ടെടുത്തുകഴിഞ്ഞു. ഇപ്പോൾ കേരള ക്രിക്കറ്റ് ലീഗിൽ ഗംഭീരമായി ബാറ്റു ചെയ്യുന്നു.’’– റെയ്ഫി വിൻസന്റ് ഗോമസ് പ്രതികരിച്ചു.
ട്വന്റി20 ലോകകപ്പിനു ശേഷം നടന്ന ട്വന്റി20 മത്സരങ്ങളിലെല്ലാം സഞ്ജു സാംസണും അഭിഷേക് ശർമയുമായിരുന്നു ഇന്ത്യയുടെ ഓപ്പണർമാർ. ഒടുവിൽ കളിച്ച പത്ത് രാജ്യാന്തര മത്സരങ്ങളിൽ മൂന്ന് സെഞ്ചറികൾ സഞ്ജു നേടിയിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിനെതിരെ ഓപ്പണറുടെ റോളിൽ തിളങ്ങാതിരുന്നതോടെയാണ് ഏഷ്യാ കപ്പിലേക്ക് ഗില്ലിന്റെ പേരും ഉയർന്നുവന്നത്. യുഎഇയിലെത്തി ടീം പരിശീലനം തുടങ്ങിയതിനു ശേഷം ഓപ്പണർമാരെ തീരുമാനിക്കുമെന്നാണ് ബിസിസിഐയുടെ ഔദ്യോഗിക നിലപാട്.
English Summary:








English (US) ·