നീലി, ചാത്തന്‍, മാടന്‍, കുട്ടിച്ചാത്തന്‍... മിത്തായും ഐതിഹ്യങ്ങളായും നാം കേട്ട് കിടിലംകൊണ്ട, ഭയന്നുവിറച്ച ആ കഥാപാത്രങ്ങള്‍ ഇവിടെ ജീവിച്ചിരുന്നവരാണോ? ആ കഥകളെല്ലാം ശരിക്കുമുള്ളതാണോ? അതോ അവർ ഇപ്പോഴും നമുക്കിടയില്‍ ജീവിക്കുന്നുണ്ടാകുമോ? കാലം താണ്ടി സഞ്ചരിക്കുന്ന ആ കഥകളും കഥാപാത്രങ്ങളും ഉള്ളിലെവിടെയോ പേറിനടക്കുന്നവരാണ് നമ്മള്‍. 'ലോക: ചാപ്റ്റര്‍: 1 ചന്ദ്ര' തന്ന ആവേശഭരിതമായ അനുഭവം ഈ ചോദ്യങ്ങള്‍ മനസ്സില്‍ ബാക്കിവെക്കും.
ആരാണെന്നോ എന്താണെന്നോ അറിയാതെ നമുക്ക് മുന്നിലേക്ക് വന്നെത്തുന്ന ഒരുത്തി. തീയില്‍നിന്നും കുതിച്ചുചാടി, പ്രേക്ഷകരുടെ മനസ്സിലേക്ക് ഒരുപാട് നിഗൂഢതകളുമായാണ് ചന്ദ്ര വന്നുവീഴുന്നത്. ആരാണവള്‍? അവിചാരിതമായി സണ്ണിയുടെ കണ്ണിലുടക്കുന്ന അവളുടെ കണ്ണുകള്‍, രൂപം. അവളെത്തിയത് സണ്ണിയുടെ തൊട്ടടുത്ത താമസക്കെട്ടിടത്തിലേക്കാണ്. സണ്ണിയോടൊപ്പം കൂട്ടുകാരായ വേണുവും നൈജിലുമുണ്ട്. സുന്ദരിയും വൈഡൂര്യക്കണ്ണുകളുമുള്ള ചന്ദ്ര ആരായിരിക്കും? ഈ നഗരത്തിലവള്‍ ആദ്യമാണ്. അവളെ കുറിച്ചുള്ള അന്വേഷണം ഒരുപാട് രസകരമായ സന്ദര്‍ഭങ്ങളാണ് നമുക്ക് മുന്നിൽ നിരത്തുന്നത്.
അതിനിടെ വന്നുചേരുന്ന അമാനുഷിക അനുഭവങ്ങള്‍ ചന്ദ്ര ആരാണെന്നതിന് ഉത്തരം നല്‍കുന്നു. ഫ്‌ളാഷ്ബാക്കുള്ള അവളുടെ കഥയ്ക്ക് ചോരയുടെ ഗന്ധമുണ്ട്. ആരുമില്ലാത്തവര്‍ക്ക് ദൈവമായി വര്‍ത്തിക്കാന്‍ അയച്ച പെണ്ണാണ് ചന്ദ്ര. സണ്ണിക്കും വേണുവിനും നൈജിലിനും അവളെ കുറിച്ച് കൂടുതലറിയണം.
പാലമരവും പാലപ്പൂക്കളും ഇഷ്ടപ്പെടുന്ന, രക്തത്തോട് ഭ്രമമുള്ള, സ്‌നേഹിക്കുന്നവരെ സ്വന്തമെന്ന് കരുതുന്ന, അവര്‍ക്കായി കരുതലൊരുക്കുന്ന ചന്ദ്ര? അവള്‍ മാത്രമല്ല, അവരൊരുപാടു പേരുണ്ട്. അവര്‍ക്കെല്ലാമൊരു മൂത്തോനുണ്ട്! ലോക: ചാപ്റ്റര്‍: 1, 'ലോക' യൂണിവേഴ്‌സിലേക്കുള്ള മലയാളത്തിന്റെ മാസ് എന്‍ട്രിതന്നെയാണ്.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രത്തിന്റെ എഴുത്തുകാരനും സംവിധായകനുമായ ഡൊമിനിക് അരുണും ഛായാഗ്രഹണം നിര്‍വഹിച്ച നിമിഷ് രവിയും എഡിറ്റിങ് നിര്‍വഹിച്ച ചമന്‍ ചാക്കോയും സംഗീതം പകര്‍ന്ന ജേക്‌സ് ബിജോയും അഭിനേതാക്കളായ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍, ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി, നിഷാന്ത് സാഗര്‍ എന്നിവരും മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോയിന്‍ ചലച്ചിത്രത്തെ അനശ്വരമാക്കിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം.
അഭിനയം മാത്രമല്ല ചിത്രത്തിന്റെ സാങ്കേതികത്തികവും എടുത്തുപറയേണ്ടതാണ്. മനോഹരമായ ദൃശ്യഭംഗിയും ശബ്ദവും തകര്‍പ്പന്‍ സംഘട്ടനവുമെല്ലാം ഒത്തുചേര്‍ന്ന മെഗാബജറ്റ് ചിത്രമായ ലോക: ചാപ്റ്റര്‍ വണ്ണിലെ കാമിയോ റോളുകള്‍ പ്രേക്ഷകരെ ഞെട്ടിക്കുമെന്നുറപ്പാണ്. ഇതൊരു തുടക്കം മാത്രമാണെന്ന് അവ ഓര്‍മപ്പെടുത്തുന്നു.
ചന്ദ്രയായി കല്യാണിയും സണ്ണിയായി നസ്ലിനും വേണു, നൈജില്‍ എന്നീ കഥാപാത്രങ്ങളായി ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരുമാണ് അഭിനയിച്ചിരിക്കുന്നത്. പോലീസ് ഉദ്വോഗസ്ഥനായ നാച്ചിയപ്പ ഗൗഡയുടെ വേഷത്തില്‍ സാന്‍ഡി ഗംഭീരമാക്കി. ഹൃദ്യമായ സൗഹൃദത്തിന്റെയും പോരാട്ടത്തിന്റെയും കഥകൂടിയാണ് 'ലോക' എന്നുപറയാം.
കാലം സാങ്കേതികവിദ്യയില്‍ സൃഷ്ടിച്ച വിശാലമായ സാധ്യതകളെ കൃത്യമായി ഉപയോഗിക്കുകയും സ്വഭാവികത നഷ്ടപ്പെടാതെ പുതുമയോടെ കഥ അവതരിപ്പിക്കുകയും ചെയ്തതില്‍ ഡൊമിനിക് അരുണും കൂട്ടരും വിജയിച്ചുവെന്നത് നിസ്തര്‍ക്കമാണ്. കഥയുടെ കടലാഴത്തിലേക്ക് ഊളിയിട്ടിറങ്ങുന്ന, വിരസത തൊട്ടുതീണ്ടാത്ത ഫസ്റ്റ് ഹാഫും ആവേശംനിറച്ച സെക്കന്‍ഡ് ഹാഫും കണ്‍ചിമ്മാതെ ഈ മായികലോകം കണ്ടിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കും.
വിമണ്‍ സൂപ്പര്‍ ഹീറോ സിനിമ? അതും മലയാളത്തില്‍? ഈ ചോദ്യചിഹ്നങ്ങളെ പുതുമയുള്ള അവതരണംകൊണ്ട് ഈ ചിത്രം തള്ളിക്കളയുന്നു. ഒരു സാധാരണ പ്രേക്ഷകന്റെ പ്രതീക്ഷയെ നിരുത്സാഹപ്പെടുത്താതെ ചിത്രം കഥ പറയുന്നു.
തമിഴ്, മലയാളം, കന്നഡയെല്ലാം കടന്നുവരുന്ന സംഭാഷണങ്ങളുണ്ട് ചിത്രത്തില്‍, കഥാപാത്രങ്ങളും. ഭാഷയ്ക്കപ്പുറം കഥയുടെ ശക്തി, ഒഴുക്ക്, കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിവയെല്ലാം ശ്രദ്ധേയമാണ്. ഓരോ കഥാപാത്രങ്ങളേയും കൃത്യമായി നോട്ട്‌ചെയ്യാനാകുന്ന വിധത്തിലാണ് വിന്യസിച്ചിരിക്കുന്നത്. അവരുടെ സ്വഭാവസവിശേഷതകളില്‍ മാത്രമല്ല, കോസ്റ്റ്യൂമിലും മേക്കപ്പിലുമെല്ലാം ഈ 'യുണീക്ക്‌നെസ്' കാണാം.
കഥകളും കഥാപാത്രങ്ങളും മുത്തുപോലെ കോര്‍ത്തുവെച്ചിരിക്കുന്ന 'ലോക: ചാപ്റ്റര്‍: 1 ചന്ദ്ര'ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. എന്നാല്‍ സിനിമ കണ്ടിറങ്ങയശേഷം 'ലോക' എന്ന സൂപ്പര്‍ഹീറോ സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലേക്കാണ് അതു നമ്മെ കൂട്ടിക്കൊണ്ടുചെല്ലുന്നത്. 'ലോക'യുടെ മാന്ത്രികത അനുഭവിച്ചറിയാന്‍ തിയേറ്റര്‍ തന്നെ തിരഞ്ഞെടുക്കണം, അതുതരുന്ന മാന്ത്രികതയുടെ വലയത്തില്‍ കുരുങ്ങിക്കിടക്കണം. അപ്പോള്‍ കണ്ണിലും ഉള്ളിലുമെല്ലാം സാങ്കല്‍പികതയുടെ മായാലോകം അടരടരായി തെളിയുന്നത് കാണാം.
Content Highlights: Movie reappraisal of Lokah Malayalam superhero film
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·