Published: December 11, 2025 11:14 AM IST
2 minute Read
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ചരിത്രത്തിൽ ഇതാദ്യമല്ല! ഒരു സൂപ്പർ താരം സ്വന്തം ക്ലബ്ബിനെതിരെ സംസാരിക്കുന്നത് അടുത്തകാലത്ത് ഇതിനു മുൻപു കേട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയിൽനിന്നാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സംസാരിക്കാൻ ധൈര്യം കാട്ടിയ പോർച്ചുഗീസ് താരം വൈകാതെ ക്ലബ്ബിനോടും ആരാധകരോടും യാത്ര പറയുകയും ചെയ്തു. ഇപ്പോൾ, മുഹമ്മദ് സലായുടെ ഊഴമാണ്. ലിവർപൂൾ കോച്ച് അർനെ സ്ലോട്ടിനെതിരെ ആഞ്ഞടിച്ച മുഹമ്മദ് സലായ്ക്കു പരസ്യമായി പിന്തുണ നൽകാൻ ആരും രംഗത്തുവന്നിട്ടില്ല എന്നതാണു ദുഖകരം. ‘കോച്ചുമായി ഇപ്പോഴൊരു ബന്ധവുമില്ല, ചിലർ എല്ലാ കുറ്റവും എന്റെ മേൽ വച്ചുകെട്ടുന്നു’ തുടങ്ങിയ പ്രസ്താവനകൾ സലായ്ക്കു വിനയായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്റർ മിലാനെതിരെയുള്ള മത്സരത്തിനു മുഹമ്മദ് സലായെ ടീമിനൊപ്പം കൂട്ടാതെ കോച്ച് വീണ്ടും നയം വ്യക്തമാക്കിയപ്പോൾ സലായും വിട്ടുകൊടുത്തില്ല. ഇത്തവണ വാക്കുകൊണ്ടല്ല, ചിത്രം കൊണ്ടായിരുന്നു സലായുടെ പ്രതികരണം. ലിവർപൂളിന്റെ ട്രെയിനിങ് കോംപ്ലക്സിലെ ജിംനേഷ്യത്തിൽ ഒറ്റയ്ക്കു വർക്കൗട്ട് ചെയ്യുന്ന ചിത്രമായിരുന്നു സലാ പങ്കുവച്ചത്. തന്നെ ഒറ്റയ്ക്കാക്കി ഇറ്റലിയിലേക്കു പോയ ടീമിനോടുള്ള പ്രതിഷേധം ഇതിനപ്പുറം വാചാലമാകേണ്ടതില്ലല്ലോ!
എന്താണു പ്രശ്നം?ലിവർപൂളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുണ്ട് മുപ്പത്തിമൂന്നുകാരൻ സലാ. 2 പ്രിമിയർ ലീഗ്, ഒരു ചാംപ്യൻസ് ലീഗ് എന്നിവ ഉൾപ്പെടെയുള്ള ട്രോഫികൾ ആൻഫീൽഡിലേക്കു വന്നതു സലായുടെ മികവിലാണ് എന്നു പരിശീലകർ പോലും സമ്മതിക്കും. മെസ്സിക്കും റൊണാൾഡോയ്ക്കുമൊപ്പം പരിഗണിക്കേണ്ട താരമാണു മുഹമ്മദ് സലായെന്ന് മുൻ ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ് പലവട്ടം പറഞ്ഞിട്ടുണ്ട്. ക്ലോപ്പ് ക്ലബ് വിട്ടശേഷം കഴിഞ്ഞ സീസണിൽ ലിവർപൂൾ പ്രിമിയർ ലീഗ് കിരീടം നേടുമ്പോഴും സലായായിരുന്നു ടീമിന്റെ ടോപ്സ്കോറർ (34 ഗോൾ). പ്രിമിയർ ലീഗ് ട്രോഫികളുടെ എണ്ണത്തിൽ (20) റെക്കോർഡിനൊപ്പമെത്തിയ ലിവർപൂൾ പക്ഷേ ഈ സീസണിൽ കളി മറന്ന മട്ടാണ്. ഇതാണു സലായ്ക്കു തിരിച്ചടിയായതും.
പോയിന്റ് പട്ടികയിൽ 10–ാം സ്ഥാനത്തായിപ്പോയ ലിവർപൂളിന്റെ പ്രധാന പ്രശ്നം മുഹമ്മദ് സലാ ഉൾപ്പെടെയുള്ളവർ സ്കോറിങ് മറന്നതാണ്. സലാ ഫോം ഔട്ടായതോടെ കഴിഞ്ഞ 3 കളികളിൽ ഡച്ചുകാരൻ കോച്ച് അർനെ സ്‌ലോട്ട് താരത്തെ സൈഡ് ബെഞ്ചിലിരുത്തി. സലായെപ്പോലെ ഒരാൾക്ക് ഇതു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. എട്ടരക്കോടി ഫോളോവേഴ്സുള്ള സമൂഹമാധ്യമ അക്കൗണ്ടിൽ മുഹമ്മദ് സലാ ക്ലബ്ബിനെയും കോച്ചിനെയും തള്ളിപ്പറഞ്ഞു. അതോടെ, കോച്ചും സലായെ തള്ളിപ്പറഞ്ഞു. ഇനിയങ്ങോട്ട് സലായുടെ ഭാവിയെന്താകുമെന്നു തനിക്കു പോലും അറിയില്ലെന്നായിരുന്നു കോച്ചിന്റെ കമന്റ്.
ആരാധകർ എന്തുചെയ്യും?സ്ലോട്ടും സലായും തമ്മിലുള്ള പ്രശ്നത്തിൽ ആരാധകർ ആർക്കൊപ്പം നിൽക്കുമെന്നതിന്റെ ഉത്തരം കഴിഞ്ഞ രാത്രി മിലാനിലെ സാൻസിറോ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ചാംപ്യൻസ് ലീഗിൽ ഇന്റർ മിലാനെതിരായ മത്സരം കാണാൻ ഇംഗ്ലണ്ടിൽനിന്നു യാത്ര ചെയ്തെത്തിയത് അയ്യായിരത്തോളം ആരാധകരാണ്. അവർ മത്സരം തുടങ്ങും മുൻപും മത്സരത്തിനു ശേഷവും കോച്ച് സ്ലോട്ടിനെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളാണു സ്റ്റേഡിയത്തിൽ മുഴക്കിയത്.‘‘എനിക്ക് ഇതു ധാരാളമാണ്. എന്നെ സ്നേഹിക്കുന്നവരല്ല ഇവർ. ക്ലബ്ബിനെ സ്നേഹിക്കുന്നവർ. എല്ലാവർക്കുമൊരു കഠിന കാലമുണ്ടാകും. അതിനെ നേരിടുകയാണു വേണ്ടത്’’ – സ്ലോട്ട് പറഞ്ഞു.
മുഹമ്മദ് സലാ ഇനി എറെക്കാലം ലിവർപൂളിന് ഒപ്പമുണ്ടാകില്ലെന്ന സൂചനയാണ് പ്രിമിയർ ലീഗ് നൽകുന്നത്. സലായുടെ നടപടിയെ വിമർശിച്ച് ആദ്യം രംഗത്തെത്തിയത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായിരുന്ന വെയ്ൻ റൂണിയാണ്. മുൻ ലിവർപൂൾ താരങ്ങൾ ഉൾപ്പെടെ പലരും സലാ സംയമനം പാലിക്കേണ്ടതായിരുന്നു എന്ന അഭിപ്രായമാണു പങ്കുവച്ചത്.ആൻഫീൽഡിലെ വിഖ്യാതമായ കോപ്പ് സ്റ്റാൻഡിൽ ഇതിഹാസ നായകർക്കൊപ്പം ചിരഞ്ജീവിയായി വാഴേണ്ടയാളാണു സലാ. ‘ഒരു സെൽഫ് ഗോളിന്റെ’ പേരിൽ അസ്തമിക്കേണ്ടതല്ല ലിവർപൂൾ ജഴ്സിക്കു പൊന്നുംവില നേടിക്കൊടുത്ത ആ കരിയർ!
English Summary:








English (US) ·