08 September 2025, 11:59 AM IST

ഡൊണാൾഡ് ട്രംപ് | ഫോട്ടോ - എഎഫ്പി, x.com/EricLDaugh
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ഫൈനലില്‍ കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തിനൊടുവില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസിന് വിജയകിരീടം. ഇറ്റലിയുടെ യാനിക് സിന്നറിനെ നാല് സെറ്റ് നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ കീഴടക്കുകയായിരുന്നു. അല്‍ക്കരാസിന്റെ രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടമാണിത്. ജയത്തോടെ 22-കാരനായ താരം ലോക ഒന്നാംനമ്പര്‍ സ്ഥാനം സിന്നറില്‍നിന്ന് തിരിച്ചു പിടിക്കുകയും ചെയ്തു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫൈനല്‍ വീക്ഷിക്കാനെത്തിയതോടെ ആര്‍തര്‍ ആഷെ വേദി സവിശേഷ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. ട്രംപ് എത്തുന്നതിന്റെ ഭാഗമായി വര്‍ധിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടിവന്നു. ഇതോടെ അരമണിക്കൂര്‍ വൈകിയാണ് ഫൈനല്‍ മത്സരം നടന്നത്. ഇത് കാണികളെ പ്രകോപിപ്പിക്കുകയും ചെയ്തു. അക്ഷമരായ കാണികള്‍ ട്രംപ് കളി കാണാന്‍ എത്തിയപ്പോള്‍ കൂക്കുവിളികളോടെയാണ് വരവേറ്റത്. ചിലര്‍ ഉച്ചത്തില്‍ കൂവി അനിഷ്ടം പ്രകടിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ അദ്ദേഹമായ ഹാര്‍ദമായി വരവേറ്റു. ദേശീയഗാനത്തിന് മുന്‍പ് ട്രംപ് സല്യൂട്ട് ചെയ്ത് നില്‍ക്കുന്നതായി സ്‌ക്രീനില്‍ കാണിച്ചപ്പോഴും കൂവലുകളായിരുന്നു കാണികളുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ട്രംപ് യുഎസ് ഓപ്പണ്‍ നേരില്‍ കാണാനെത്തുന്നത്.
അല്‍ക്കരാസിന്‍റെ വിജയത്തെ തുടര്‍ന്ന് ട്രംപിനെ നിരാശനായി കാണപ്പെട്ടതും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. അല്‍ക്കരാസ് ജയിക്കുമ്പോള്‍ ഒട്ടും മതിപ്പില്ലാത്ത ഭാവത്തിലായിരുന്നു ട്രംപിന്റെ ശരീരഭാഷയെന്ന് സോഷ്യല്‍ മീഡിയ വായിച്ചെടുത്തു. 'അല്‍ക്കാരസ് മെക്‌സിക്കന്‍ അല്ലെന്ന് അദ്ദേഹത്തിന് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്കൂ' എന്നായിരുന്നു ഒരു കമന്റ്. ട്രംപ് സിന്നറിനുവേണ്ടി പന്തയം വച്ചിട്ടുണ്ടെന്നും അല്ലെങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് അല്‍ക്കരാസിന്റെ വിജയം ആഘോഷിക്കാത്തതെന്നും ചോദിക്കുന്നവരുണ്ട്.
എങ്കിലും മത്സരം ആസ്വദിച്ചെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു. രണ്ടുപേരും അവിശ്വസനീയമായ പ്രതിഭയുള്ളവരാണെന്ന് പുകഴ്ത്തിയ ട്രംപ്, താന്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ ശക്തമായാണ് ഇരുവരും പന്ത് അടിക്കുന്നതെന്ന് തോന്നിയെന്നും കൂട്ടിച്ചേര്‍ത്തു. ഏകദേശം 24,000 പേര്‍ക്ക് ഇരിക്കാവുന്ന ലോകത്തെ ഏറ്റവും വലിയ ടെന്നീസ് വേദിയായ ക്വീന്‍സിലെ ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
Content Highlights: Trump's US Open Appearance Overshadowed by Alcaraz's Triumphant Victory








English (US) ·