സസ്പെൻസ് കഴിഞ്ഞു, ഇനി ഒരുക്കം; എതിരാളി സൗദിയോ ഓസ്‌ട്രേലിയയോ, കാത്തിരിപ്പിൽ കാര്യവട്ടം

4 months ago 6

Lionel Messi

കുറാസോയ്‌ക്കെതിരെ ഗോൾ നേട്ടം ആഘോഷിക്കുന്ന മെസ്സിയും അർജന്റീനൻ ടീം അംഗങ്ങളും |ഫോട്ടോ:AFP

കോഴിക്കോട്: കഴിഞ്ഞ കുറച്ചുദിവസമായി കേരളം ചർച്ചചെയ്ത പ്രധാനസംഭവങ്ങളിലൊന്ന് ലയണൽ മെസ്സിയുടെയും അർജന്റീനാ ടീമിന്റെയും കേരളത്തിലേക്കുള്ള വരവായിരുന്നു. മെസ്സി വരുമെന്നും വരില്ലെന്നും വാർത്തകൾ മാറിമാറിവന്നു. അതിനനുസരിച്ച് നാട്ടിടങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ചർച്ച ചൂടുപിടിച്ചു. മെസ്സിയുടെ വരവിൽ വ്യക്തതയില്ലാത്തതിനാൽ കായികമന്ത്രി വി. അബ്ദുറഹ്മാനും വിമർശനവിധേയനായി. ഒടുവിൽ സ്ഥിരീകരണം വന്നിരിക്കുന്നു. ലോകചാമ്പ്യന്മാർ പന്തുതട്ടാൻ കൊച്ചുകേരളത്തിലേക്ക് എത്തുന്നു. അർജന്റീനയ്ക്ക് പരമ്പരാഗതമായി കടുത്ത ആരാധകക്കൂട്ടമുള്ള നാടാണ് കേരളം. ആദ്യം മാറഡോണയെയും ഇപ്പോൾ ലയണൽ മെസ്സിയെയും ഹൃദയത്തിലേറ്റുന്ന വലിയൊരുവിഭാഗം ആരാധകരുമുണ്ട്. ഓരോ ലോകകപ്പിലും അർജന്റീന കളിക്കാനിറങ്ങുമ്പോൾ അതിന്റെ മിടിപ്പ് കേരളത്തിലുമുണ്ടാകും. ഖത്തർ ലോകകപ്പിൽ മെസ്സിയും സംഘവും കപ്പുയർത്തിയപ്പോൾ ബ്യൂണസ് ഐറിസിൽ മാത്രമായിരുന്നില്ല ആഘോഷം. കേരളത്തിലെ അർജന്റീനാ ആരാധകരും അത്‌ വലിയ ആഘോഷമാക്കി. കേരളത്തിലെ ആഘോഷത്തിന് അർജന്റീനാ അസോസിയേഷൻ നന്ദിപറയുകയും ചെയ്തു. അർജന്റീനാ ഫുട്‌ബോൾ ടീമിനെ ഹൃദയത്തോട് ചേർത്തുനിർത്തുന്നയിടത്തേക്കാണ് മെസ്സിയും കൂട്ടരും വരുന്നത്.

ഇന്ത്യയിൽ കളിക്കാൻ അർജന്റീനാ ടീം പ്രകടിപ്പിച്ച താത്‌പര്യത്തോട് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ മുഖംതിരിച്ചപ്പോഴാണ് കേരളത്തിൽ കളിപ്പിക്കാനുള്ള ചിന്തയുണ്ടാകുന്നത്. കായികമന്ത്രിയും സർക്കാരും അതിന്റെ പിന്നാലെകൂടി. സ്‌പോൺസറെ കണ്ടെത്തുകയും ഓരോരോ പ്രതിബന്ധങ്ങൾ മറികടക്കുകയും ചെയ്തതോടെയാണ് ടീമിന്റെ വരവ് സാധ്യമായത്. ഇതിനിടെ ടീം വരില്ലെന്നും കരാർലംഘനമുണ്ടായെന്നതുമൊക്കെ വാർത്തകളായി. ചൈനയിൽ നിശ്ചയിച്ചിരുന്ന അർജന്റീനാ ടീമിന്റെ കളികൾ റദ്ദായതും അമേരിക്കയിലെ കളികൾ ഒക്ടോബറിലായതും കേരളത്തിന് ഗുണകരമായി. മെസ്സിയുടെ കളി നേരിട്ടുകാണാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകരാണ് സംഘാടകർക്കുമുന്നിൽ ഇനിയുള്ള വലിയ വെല്ലുവിളി.

സൗദിയോ ഓസ്ട്രേലിയയോ?

ലയണൽ മെസ്സിയും സംഘവും കേരളത്തിൽ കളിക്കാനെത്തുമ്പോൾ എതിരാളിയുടെ കാര്യത്തിലും ‘ടോപ്’ ഉറപ്പാക്കാൻ സംഘാടകർ. ഏഷ്യയിൽനിന്നുള്ള മികച്ച ടീമുകളിലൊന്ന് അർജന്റീനയുടെ എതിരാളിയായെത്തുമെന്നാണ് സൂചന. സൗദി അറേബ്യ, ഓസ്‌ട്രേലിയ എന്നിവയിലൊരു ടീം അർജന്റീനയ്ക്കെതിരേ കളിക്കാൻ കേരളത്തിലെത്തുമെന്നാണ് സൂചന. ഓസ്‌ട്രേലിയ അർജന്റീനയ്ക്കെതിരെ കളിക്കാൻ താത്പര്യം പ്രകടിപ്പിച്ചതായി കായികമന്ത്രി വി. അബ്ദുറഹ്മാൻ സൂചിപ്പിച്ചിരുന്നു.

ഫിഫ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന അർജന്റീന സൗഹൃദമത്സരത്തിനിറങ്ങുമ്പോഴും മികച്ചടീമുകളെത്തന്നെയാണ് എതിരാളിയായി ആഗ്രഹിക്കുന്നത്. ഫിഫ റാങ്കിങ്ങിൽ ആദ്യ 50-നുള്ളിൽനിൽക്കുന്ന ടീമുകളുമായി കളിക്കാനാണ് തങ്ങൾക്ക് താത്പര്യമെന്ന് അർജന്റീനാ ഫുട്ബോൾ അസോസിയേഷനും പറഞ്ഞിരുന്നു. ഏഷ്യയിൽ ജപ്പാനാണ് (17) ഫിഫ റാങ്കിങ്ങിൽ ഏറ്റവും മുകളിൽനിൽക്കുന്ന ടീം. എന്നാൽ, ജപ്പാനെ കേരളത്തിലെത്തിക്കണമെങ്കിൽ നല്ലൊരു തുക മുടക്കേണ്ടിവരും. ചില ആഫ്രിക്കൻ ടീമുകളും പരിഗണനയിലുണ്ട്.

എന്നാൽ, സംഘാടകർക്ക് ഏറെ താത്പര്യമുള്ള ഏഷ്യൻ ടീം സൗദി അറേബ്യയാണ്. ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ ആദ്യകളിയിൽ സൗദി അവരെ അട്ടിമറിച്ചതും ആരാധകരുടെ ഓർമ്മകളിൽ മായാതെയുണ്ട്. കേരളവുമായി നല്ല ബന്ധത്തിലുള്ള സൗദിക്ക് ഇവിടെ കളിക്കാനെത്തുന്നത് ഏറെ താത്പര്യമുള്ള കാര്യമാണ്. ഫിഫ റാങ്കിങ്ങിൽ 59-ാം സ്ഥാനത്താണെങ്കിലും സൗദി അറേബ്യയുമായി കളിക്കാൻ അർജന്റീന തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിനുള്ള ഓണസമ്മാനം -മന്ത്രി വി. അബ്ദുറഹ്‌മാൻ

അർജൻറീനാ ടീമിന്റെയും മെസ്സിയുടെയും വരവ് കേരളത്തിനുള്ള ഓണസമ്മാനമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. ഒരുക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് മത്സരത്തിന് പരിഗണിക്കുന്നത്. അടുത്തയാഴ്ച മുംബൈയിൽനിന്നും ഡൽഹിയിൽനിന്നുമായി സ്റ്റേഡിയം പരിശോധിക്കാൻ വിദഗ്ധസംഘമെത്തും. എതിരാളികൾ ആരെന്ന് നിശ്ചയിച്ചിട്ടില്ല. ഓസ്ട്രേലിയൻ ടീം താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രി മാതൃഭൂമിയോട് പറഞ്ഞു.

അവസാന നിമിഷംവരെ ശ്രമിച്ചു -ആന്റോ അഗസ്റ്റിൻ

അർജന്റീനയും മെസ്സിയും കേരളത്തിൽ കളിക്കാൻ വരുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നെന്നും അവസാന നിമിഷംവരെ അതിന് ശ്രമിച്ചെന്നും മത്സരത്തിന്റെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ പറഞ്ഞു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നേരിട്ട് സംസാരിച്ചിരുന്നെന്നും അവർ വാക്ക് മാറ്റിയില്ലെന്നും റിപ്പോർട്ടർ ടിവി ചെയർമാൻ റോജി അഗസ്റ്റിൻ പറഞ്ഞു.

കാര്യവട്ടം കാത്തിരിക്കുന്നു

ലയണൽ മെസ്സിയും അർജന്റീനിയൻ ടീമും കളത്തിലിറങ്ങുക കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ. ഇതോടെ തിരുവനന്തപുരം അന്താരാഷ്ട്ര ഫുട്‌ബോൾ മാപ്പിൽ ഇടംപിടിക്കും. നേരത്തേ ഇവിടെ നിശ്ചയിച്ചിരുന്ന വനിതാ ലോകകപ്പിന്റെ വേദി നഷ്ടമായതിന്റെ നിരാശയിലായിരുന്നു കായികപ്രേമികൾ. എന്നാൽ ലോകത്തെതന്നെ ഏറ്റവും വലിയ സ്പോർട്‌സ് ബ്രാൻഡുതന്നെ തിരുവനന്തപുരത്ത് എത്തുമെന്നാണ് ഇപ്പോൾ കായികമന്ത്രി അബ്ദുറഹിമാൻ അറിയിച്ചിരിക്കുന്നത്.

കാര്യവട്ടം സ്റ്റേഡിയത്തിന് 50000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. എന്നാൽ സുരക്ഷാകാരണങ്ങളാൽ പൂർണശേഷിയോടെ കാണികളെ ഉൾക്കൊള്ളാനാകില്ലെന്നാണ് വിലയിരുത്തൽ.

കേരളത്തിലങ്ങളോമിങ്ങോളമുള്ള ഫുട്‌ബോൾ പ്രേമികൾ മെസ്സിയെ കാണാൻ തലസ്ഥാനത്ത് എത്തും. സംസ്ഥാനം ഇന്നുവരെ കണ്ട ഏറ്റവും വലിയ ഫാൻ ഫെസ്റ്റ് ആയിരിക്കും നവംബറിൽ തലസ്ഥാനത്ത് നടക്കുക.

അർജന്റീനിയൻ ടീമിന് എതിരാളിയായി ലോകത്തെ മുൻനിര ടീമുകളിലേതെങ്കിലുമായിരിക്കും എതിരാളികളായി എത്തുക. തലസ്ഥാനവാസികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള മത്സരം കാണാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്.

നിലവിൽ ഗ്രീൻഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയമാണ്. അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയം രണ്ടു മാസത്തിനുള്ളിൽ ഫുട്‌ബോൾ മത്സരത്തിനായി ഒരുക്കിയെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.

മെസ്സി എത്തുമ്പോൾ ലോകോത്തര നിലവാരമുള്ള മൈതാനം തയ്യാറാക്കേണ്ടിവരും. കൂടാതെ സ്റ്റേഡിയത്തിലും പുറത്തും ഉയർന്ന സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തേണ്ടിവരും.

നിലവിൽ ഇവിടെ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ സെപ്റ്റംബർ ഏഴുവരെയാണ്. ജനുവരിയിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ട്വന്റി 20 മത്സരത്തിനും വേദിയായി സ്റ്റേഡിയത്തെ നിശ്ചയിച്ചിട്ടുമുണ്ട്. മത്സരശേഷം കുറഞ്ഞ കാലയളവിൽ തിരികെ ഇത് വീണ്ടും ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റിയെടുക്കലും പ്രായോഗികമല്ല. ഇതിനെല്ലാം സർക്കാർ പരിഹാരം കാണേണ്ടതുണ്ട്.

Content Highlights: Argentina's World Champions Set to Play Exhibition Match Kerala

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article