സസ്പെൻസ്, വൈകാരികത, പിരിമുറുക്കം; മനസിനെ പിടിച്ചുലച്ച് ദിലീഷ്-ഷാഹി ടീമിന്റെ റോന്ത്

7 months ago 6

ണ്ടു പോലിസുകാരോടൊപ്പം പട്രോളിംഗ് ജീപ്പില്‍ ഒരു യാത്ര. അതില്‍ അവരുടെ ജോലിയുടെ തീവ്രതയുണ്ട്, വ്യക്തിജീവിതത്തിലെ നോവുണ്ട്. ഷാഹി കബീറിന്റെ റോന്ത് പോലീസ് പശ്ചാത്തലത്തിലൊരുക്കിയ സസ്‌പെന്‍സ് ഇമോഷണല്‍ ഡ്രാമയാണ്. ഒരോ സീന്‍ കഴിയുമ്പോഴും അടുത്തതെന്തായിരിക്കുമെന്ന് ത്രില്ലടിപ്പിക്കുന്ന ചിത്രമാണിത്.യോഹന്നാന്‍ എന്ന എസ്‌ഐയായി ദിലീഷ് പോത്തനും പോലീസ് ഡ്രൈവറായ ദിന്‍നാഥായി റോഷന്‍ മാത്യൂസുമാണ് എത്തുന്നത്. ഈ കേന്ദ്രകഥാപാത്രങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. പോലീസ് പശ്ചാത്തലത്തില്‍ വരുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. റിയലിസ്റ്റിക്ക് വിഭാഗത്തിലെ ചിത്രമാണെങ്കിലും പ്രേക്ഷകനെ ഒരു നിമിഷം പോലും മടുപ്പിക്കുന്നില്ല.

സമൂഹത്തെ ഏറ്റവുമധികം സ്വാധിനിക്കാന്‍ കഴിവുള്ള കലകളില്‍ പ്രധാനിയാണ് സിനിമ. സമൂഹത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യത്തെ സിനിമയിലൂടെ ഒട്ടും മടുപ്പിക്കാത്ത എത്തിക്കാനും അത് പ്രേക്ഷകനെ ചിന്തിപ്പിക്കാനുമായാല്‍ സിനിമ വിജയിച്ചുവെന്ന് ചുരുക്കം. ആ കണ്ണിലൂടെ നോക്കുകയാണെങ്കില്‍ റോന്ത് മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു.

ഇലവീഴാപൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. തിരക്കഥയെഴുതിയ ജോസഫ്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നിവയിലെല്ലാം കാണിച്ച പോലീസ് പശ്ചാത്തലമാണ് ഈ ചിത്രത്തിലുള്ളതും. എന്നാല്‍ മുന്‍ചിത്രങ്ങളിലെ യാതൊരും ഛായയുമില്ലാത്ത, തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ എടുത്ത ചിത്രമാണിത്. ഷാഹി കബീര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ ശക്തി. തന്റെ ശക്തമായ രാഷ്ട്രീയം സിനിമാ ആസ്വാദനത്തെ ബാധിക്കാതെ, എന്നാല്‍ പ്രേക്ഷന് മനസിലാക്കിക്കൊടുക്കുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഷാഹി കബീറിന്റെ സംവിധാന മികവിന്റെ മറ്റൊരു ഉദാത്ത ഉദാഹരണമാണ് ചിത്രം.

മുകളില്‍ പറഞ്ഞതു പോലെ തന്നെ പോലീസിന്റെ ജീവിതവും അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള വിരിഞ്ഞുമുറുക്കലുമാണ് സിനിമയുടെ കഥാതന്തു. തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിഭാവുകതയുടെ ഒരു അംശം പോലും ചിത്രത്തില്‍ എങ്ങുമില്ല. പത്രത്താളുകളില്‍ കണ്ട ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പോലീസിന്റെ കൈകളിലൂടെ എങ്ങനെയാണ് കടന്നുപോവുന്നതെന്ന് കാണിക്കുന്നു. ഞെട്ടലോടെയല്ലാതെ ഈ ഭാഗങ്ങള്‍ പ്രേക്ഷകന് കണ്ടുതീര്‍ക്കാനാവില്ല. ലക്ഷകണക്കിന് ജനങ്ങളെ സംരക്ഷിക്കാന്‍ എണ്ണത്തില്‍ തുച്ഛമായ പോലീസുകാര്‍ ചെയ്യേണ്ടി വരുന്ന പെടാപ്പാട് ചിത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം ഈ മേഖലയിലെ പുഴുകുത്തിനെയും കാണിച്ചുതരുന്നുണ്ട്.

രണ്ടുമണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം ഒരു സീന്‍ പോലും അധികമോ കുറവോ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രത്തിന്റെ വൈകാരിക തീവ്രവലയത്തില്‍ പ്രേക്ഷകനും കുടങ്ങിപോവുന്നുണ്ട്. കേന്ദ്രകഥാപാത്രങ്ങള്‍ കടന്നു പോവുന്ന വൈകാരിക തീവ്രനിമിഷങ്ങള്‍ പ്രേക്ഷകനും അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. തിയേറ്റര്‍ വിട്ടിറങ്ങിയാലും ഈ വലയത്തില്‍ നിന്ന് പെട്ടെന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. അത്രയധികം കൊളുത്തി വലിക്കുന്നതാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍.

കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ദിലീഷ് പോത്തനും റോഷന്‍ മാത്യുവും നിറഞ്ഞ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. അച്ചടക്കമുള്ള തിരക്കഥയെ അതിന്റെ മേന്മ നിലനിര്‍ത്തി അവതരിപ്പിക്കാന്‍ ഇരുവരുടെയും അഭിനയത്തിനായി.

ഒരേസമയം ഉപദേശം നല്‍കുന്ന സഹോദരനായും അതേസമയം അവഹേളിക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥനായും യോഹന്നാനെ നമുക്ക് കാണാം. ദേഷ്യം, നിസഹായത, പക്വത എല്ലാം മിന്നിമറയുന്ന തികച്ചും യാഥാര്‍ത്ഥ്യ ബോധമുള്ള കഥാപാത്രമാണ് യോഹന്നാന്‍.

ഉത്തരവാദിത്ത്വങ്ങള്‍ നിരവധിയുള്ള ജോലിയില്‍ സത്യസന്ധത അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന സാധാരണക്കാരനാണ് ദിന്‍നാഥ്. അയാള്‍ അനുഭവിക്കുന്ന വൈകാരികനിമിഷങ്ങളും തീവ്രമാണ്.

ചിത്രത്തില്‍ എവിടെയും കഥാപാത്രത്തില്‍ നിന്ന് വിട്ട് പോവാതെ ഇരുവരും മത്സരിച്ച് അഭിനയിച്ചു. ഇരുവരുടെയും അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട വേഷങ്ങളിലൊന്നായിരിക്കും യോഹന്നാനും ദിന്‍നാഥും. നമ്മളൊക്കെ ജീവിതത്തില്‍ എവിടെയൊക്കെയോ കണ്ടുമറന്ന യഥാര്‍ത്ഥ പോലീസുകാരുടെ രൂപഭാവങ്ങള്‍ ഇരുവരിലും കാണാന്‍ സാധിക്കും. പോലീസുകാരായി അഭിനയിച്ച എല്ലാവരും മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.

ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മാതാവ്.

മനേഷ് മാധവനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം. അനില്‍ ജോണ്‍സണ്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗാനരചന അന്‍വര്‍ അലി. എഡിറ്റര്‍: പ്രവീണ്‍ മംഗലത്ത്‌.

Content Highlights: Ronth Movie Review: A gripping constabulary drama

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article