‘സഹതാപത്തിനല്ല, സത്യം അറിയാൻ; വനിതാ ക്രിക്കറ്റിലേക്ക് പരിഗണിക്കണം’: ട്രാൻസ്‌വുമണായ ശേഷമുള്ള പരിശോധനാ ഫലവുമായി അനായ

7 months ago 7

ഓൺലൈൻ ഡെ‌സ്‌ക്

Published: June 19 , 2025 11:02 AM IST

1 minute Read

ആര്യൻ ബംഗാർ വിരാട് കോലിക്കൊപ്പം, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ അയാനയായ ആര്യൻ
ആര്യൻ ബംഗാർ വിരാട് കോലിക്കൊപ്പം, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ അയാനയായ ആര്യൻ

മുംബൈ∙ വനിതാ ക്രിക്കറ്റിന്റെ ഭാഗമാകുന്നതിന് അവകാശവാദം ഉന്നയിച്ച്, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ വാർത്തകളിൽ ഇടംപിടിച്ച അനായ ബംഗാർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചർച്ചയാകുന്നു. ട്രാൻസ്‍‌വുമണായ ശേഷമുള്ള ശാസ്ത്രീയ പരിശോധനാ ഫലം പരസ്യമായി പങ്കുവച്ചാണ്, വനിതാ ക്രിക്കറ്റിന്റെ ഭാഗമാകുന്നതിനുള്ള അവകാശവാദം കഴിഞ്ഞ ദിവസം അനായ ബംഗാർ ഉന്നയിച്ചത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നാണ് അനായ ബംഗാറിന്റെ ആവശ്യം.

ആരുടെയും സഹതാപം പിടിച്ചുപറ്റാനല്ല, സത്യം വെളിപ്പെടുത്താനാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പരിശോധനാ ഫലവും പുറത്തുവിട്ടത്. മുൻ ഇന്ത്യൻ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ, കഴിഞ്ഞ വർഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. തുടർന്ന് അനായ ബംഗാർ എന്ന പേരു സ്വീകരിച്ച താരം, യുകെയിലാണ് താമസം. മുൻപ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‍ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു.

ബിസിസിഐയെയും ഐസിസിയെയും അഭിസംബോധന ചെയ്താണ് അനായയുടെ കുറിപ്പ് ആരംഭിക്കുന്നത്. ‘‘എന്റെ പേര് അനായ ബംഗാർ. ഞാൻ മുൻ പ്രഫഷനൽ ക്രിക്കറ്റ് താരവും ട്രാൻസ്ജെൻഡർ വനിതയുമാണ്. ഹോർമോൺ തെറപ്പി ഒരു കായിക താരത്തിൽ വരുത്തുന്ന മാറ്റങ്ങൾ വിശദീകരിക്കുന്നതിന് ശാസ്ത്രീയ പരിശോധനകൾക്ക് വിധേയയാവുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ആളുകളിൽ ഒരാളുമാണ്.’

‘ഇക്കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ, മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട് (യുകെ) നടത്തിയ എട്ട് ആഴ്ച നീണ്ട ഗവേഷണ പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നു. ഹോർമോൺ തെറാപ്പി എന്റെ കരുത്ത്, സ്റ്റാമിന, ഹീമോഗ്ലോബിൻ, ഗ്ലൂക്കോസ് ലെവൽ എന്നിവയിലും എന്റെ ആകെ ശാരീരിക ശേഷിയിലും എപ്രകാരം മാറ്റം വരുത്തി എന്ന് വിലയിരുത്തുകയും അതിനെ വനിതാ കായിക താരങ്ങളുടേതുമായി താരതമ്യപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം’ – അനായ കുറിച്ചു.

തുടർന്ന് പരിശോധനയിൽനിന്ന് കണ്ടെത്തിയ കാര്യങ്ങളും അവർ അക്കമിട്ട് നിരത്തിയിട്ടുണ്ട്. തന്റെ ശാരീരികമായ പ്രത്യേകതളെല്ലാം വനിതാ കായിക താരങ്ങളുടേതിനു സമാനമാണെന്ന്, പരിശോധനാ ഫലം തെളിവായി നിര‍ത്തി അനായ സമർഥിക്കുന്നുമുണ്ട്.

അതേസമയം, ഒരു രാഷ്ട്രീയ പ്രസ്താവനയല്ല തന്റെ ലക്ഷ്യമെന്നും ഈ വിഷയത്തിൽ ശാസ്ത്രീയമായ ചർച്ചകൾക്കു തുടക്കമിടുകയാണെന്നും അനായ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെയാണ്, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ വനിതാ ക്രിക്കറ്റിൽ ഉൾപ്പെടുത്തുന്ന കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന് ബിസിസിഐയോട് അഭ്യർഥിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെയും കായിക താരങ്ങളുടെയും നിയമോപദേശകരുടെയും സഹകരണത്തോടെ ഏറ്റവും മികച്ച നയരൂപീകരണത്തിന് മുൻകയ്യെടുക്കണമെന്ന അഭ്യർഥനയും ഒപ്പമുണ്ട്.

2024 ഓഗസ്റ്റ് 23ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ, ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു. ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് ക്രിക്കറ്റിൽ തുടരാൻ അനുകൂല സാഹചര്യമില്ലാത്തതിനാൽ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനമെന്നും കുറിച്ചിരുന്നു.

English Summary:

Trans cricketer Anaya Bangar urges BCCI, ICC to reconsider inclusion rules backed by technological data

Read Entire Article