19 September 2025, 11:46 AM IST

റോബിൻ ഉത്തപ്പ| Photo: TwitterIPL
കർണാടക: ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ പരിണിക്കാതിരുന്ന സമയത്ത് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ഉത്തപ്പയുടെ കരിയറിനെ തന്നെ പിടിച്ചുലച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തപ്പ. ആ അഭിമുഖത്തിന്റെ ഒരു ഭാഗം കാണിച്ച് അന്നത്തെ ഒരു സഹതാരം താൻ കരുൺ നായരെക്കുറിച്ചാണ് അത് പറഞ്ഞതെന്ന് കരുണിനോട് പറഞ്ഞെന്നും അതിന് ശേഷം കരുൺ തന്നിൽ നിന്ന് അകന്നതായും റോബിൻ ഉത്തപ്പ കൂട്ടിച്ചേർത്തു.
'ആ സമയത്ത് ഞാൻ ടെസ്റ്റ് ടീമിൽ കയറാനുള്ള ശ്രമത്തിലായിരുന്നു. നന്നായി കളിച്ചിട്ടും എന്നെ പരിഗണിക്കാത്തതിനാൽ ഞാൻ നിരാശനായിരുന്നു. ഒരുപക്ഷേ ആ വികാരങ്ങളെല്ലാം ആ സംഭാഷണത്തിൽ പുറത്തുവന്നിട്ടുണ്ടാകാം. വളരെ എളുപ്പത്തിൽ ചിലർ ടെസ്റ്റ് ടീമിലെത്തുന്നുവെന്നും ടീമിലെ സ്ഥാനം കളിയുടെ മികവിലാണ് നേടിയെടുക്കേണ്ടതെന്നും ഞാൻ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഞങ്ങളുടെ ടീമിലുള്ള ഒരാൾ അഭിമുഖത്തിൻ്റെ ആ ഭാഗമെടുത്ത് ഞാൻ കരുൺ നായരെക്കുറിച്ചാണ് അത് പറഞ്ഞതെന്ന് അദ്ദേഹത്തോട് പറഞ്ഞു.' - റോബിൻ ഉത്തപ്പ ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു.
അതിന് ശേഷം കരുൺ നായർ തന്നിൽ നിന്ന് അകന്നതായി റോബിൻ ഉത്തപ്പ പറഞ്ഞു. ഒരു അനുജനെപ്പോലെയായിരുന്നു കരുൺ നായർ. ടെസ്റ്റ് ക്യാപ്പ് ലഭിക്കാൻ സാധ്യതയുണ്ടായിരുന്നതിനാൽ അവൻ അന്ന് എന്നിൽ നിന്ന് അകന്നു. എന്നോടൊന്നും ചോദിക്കാതെ കരുൺ അത് വിശ്വസിച്ചു. മാധ്യമങ്ങൾ ഞാൻ കരുണിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അത് ചിത്രീകരിച്ചു. കരുൺ അത് വിശ്വസിക്കുകയും എന്നിൽ നിന്ന് അകലം പാലിക്കുകയും ചെയ്തു. - അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാൻ ടീമിനെ തകർക്കുകയാണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, അവർ കൈ ഉയർത്തണമെന്നും ഉടൻ തന്നെ ടീം വിടുമെന്നും ഞാൻ അവരോട് പറഞ്ഞു. ആരും കൈ ഉയർത്തിയില്ലെന്നും അതൊരു സംഘടിതമായ ആക്രമണമാണെന്ന് മനസ്സിലായതായും റോബിൻ ഉത്തപ്പ പറഞ്ഞു. ആ സംഭവത്തിന് ശേഷം വൈകാരികമായ ആ ബന്ധം തകർന്നിരുന്നു. പിന്നാലെ കർണാടക ടീമിനായുള്ള നൂറാം മത്സരത്തിന് മുമ്പായി ടീം വിട്ടെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.
Content Highlights: Robin Uthappa Reveals How Teammate Ruined His Relationship With karun nair








English (US) ·