Published: November 29, 2025 03:36 PM IST Updated: November 29, 2025 03:56 PM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം സംബന്ധിച്ച ചർച്ചകളാണ് സമൂഹമാധ്യമങ്ങൾ മുഴുവൻ. നവംബർ 23 നടക്കേണ്ടിയിരുന്ന വിവാഹം അപ്രതീക്ഷിത സംഭവവികാസങ്ങൾക്കൊടുവിലാണ് മാറ്റിവച്ചത്. അപ്പോൾ മുതൽ ഇതു സംബന്ധിച്ച് പല അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. സ്മൃതിയുടെ പിതാവും അതിനുശേഷം പ്രതിശ്രുത വരൻ പലാശും ആശുപത്രിയിലായതോടെയാണ് വിവാഹം മുടങ്ങിയത്. ഇതിനിടെ പലാശിന്റേതെന്ന പേരിൽ ചില ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതാണ് വിവാഹം മാറ്റിവയ്ക്കാൻ കാരണമെന്നും ചിലർ ആരോപിച്ചു.
കൊറിയോഗ്രഫറുമാരായ മേരി ഡി കോസ്റ്റ്, നന്ദിക ദ്വിവേദി, ഗുൽനാസ് ഖാൻ എന്നിവരുമായി ചേർത്തും ചില ആരോപങ്ങൾ ഉയർന്നിരുന്നു. ഇവരുമായുള്ള പലാശിന്റെ അടുപ്പമാണ് വിവാഹം മുടങ്ങാൻ കാരണമെന്നായിരുന്നു ആരോപണം. പലാശുമായി ചാറ്റു ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മേരി ഡി കോസ്റ്റ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നന്ദിക ദ്വിവേദിയും ഗുൽനാസ് ഖാനും വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. പലാശിന്റെയും സ്മൃതിയുടെയും ബന്ധത്തിൽ താൻ ഇടപെട്ടിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ നീണ്ട കുറിപ്പിൽ നന്ദിക പറഞ്ഞു. പലാശിന്റെയോ സ്മൃതിയുടേയോ പേരുകൾ കുറിപ്പിൽ പരാമർശിക്കുന്നില്ല.
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മറ്റു ചിലരുടെ വളരെ വ്യക്തിപരമായ കാര്യങ്ങളിൽ എന്റെ പങ്കാളിത്തമുണ്ടെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ ഞാൻ കണ്ടു. എന്നെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ, പ്രത്യേകിച്ച് ആരുടെയെങ്കിലും ബന്ധം തകർക്കുന്നതിൽ ഞാൻ ഒരു പങ്കുവഹിച്ചെന്നത് സത്യമല്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പങ്കില്ലാത്ത ഒരു കാര്യത്തെ ചുറ്റിപ്പറ്റിയുള്ള ഈ ചർച്ച കാണുന്നത് വളരെ വേദനാജനകമാണ്. യാഥാർഥ്യമല്ലാത്ത ഈ കഥകൾ ഇത്ര വേഗത്തിൽ പ്രചരിക്കുന്നത് കാണാൻ അതിലും ബുദ്ധിമുട്ടാണ്.”– നന്ദിക കുറിച്ചു.
ഗോസിപ്പുകളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങളെയും അവർ വിമർശിച്ചു. ‘‘ദയവായി മനസ്സിലാക്കുക, ഇതിൽ നിന്ന് പുറത്തുവരുന്നത് എനിക്ക് എളുപ്പമായിരിക്കില്ല. ഇനി എന്നെ ക്രൂശിക്കരുത്. അസത്യമായ കാര്യങ്ങൾ കാരണം ഞാൻ സ്നേഹിക്കുന്നവർ സമ്മർദത്തിലാകുകയും വേദനിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്, അത് എന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നു.
കുടുംബാംഗങ്ങൾ പോലും കാണുന്ന തരത്തിൽ എനിക്ക് ഭീഷണികൾ ലഭിച്ചിരുന്നു. അതുകൊണ്ടാണ് ഞാൻ എന്റെ അക്കൗണ്ട് സ്വകാര്യമാക്കിയത്. ദയവായി, കിംവദന്തികൾ നിർത്താൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. മുംബൈയിലേക്ക് വരാനും ജോലി ചെയ്യാനും എന്റെ ലക്ഷ്യങ്ങൾ നേടാനും ഞാൻ ഒരുപാട് ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. ദയവായി എന്റെ പേര് ഇതിനപ്പുറം കൊണ്ടുപോകരുത്; എനിക്ക് ഇക്കാര്യങ്ങളിലൊന്നും ബന്ധമില്ല. ഒടുവിൽ, സത്യം അതിന്റെ വഴി കണ്ടെത്തും.’’– വൈകാരികമായ കുറിപ്പിൽ നന്ദിക പറഞ്ഞു.
സ്മൃതി മന്ഥനയും പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം മാറ്റിവച്ചതിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി കൊറിയോഗ്രഫറായ ഗുൽനാസും വ്യക്തമാക്കി. ‘‘എന്നെയും എന്റെ സുഹൃത്ത് നന്ദികയെയും കുറിച്ച് ധാരാളം ഊഹാപോഹങ്ങളും തെറ്റായ അവകാശവാദങ്ങളും പ്രചരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ വിഷയത്തിൽ ഉൾപ്പെട്ട വ്യക്തി ഞങ്ങളല്ല. ഒരാളെ നമുക്ക് അറിയാം എന്നതോ അവരോടൊപ്പം ഒരു ഫോട്ടോ ഉണ്ട് എന്നതോ അവരുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് അർഥമാക്കുന്നില്ല. ദയവായി കാര്യങ്ങൾ മാന്യമായി കൈകാര്യം ചെയ്യണം. തിടുക്കത്തിൽ നിഗമനങ്ങളിൽ എത്തരുത്.’’– ഗുൽനാസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി.
English Summary:








English (US) ·