
ആകാശ്ദീപും കുടുംബവും | Instagram.com/akashdeep
എഡ്ജ്ബാസ്റ്റണില്‍ കാര്‍മേഘം മൂടിക്കെട്ടിയ ആകാശം തെളിഞ്ഞെങ്കിലും ഇംഗ്ലണ്ടിനെ എറിഞ്ഞിടാനാകുമോ എന്ന് സംശയിച്ചവര്‍ ഏറെയായിരുന്നു. ബുംറയില്ലാതെ പേസ്‌നിര വിയര്‍ക്കുമോ എന്ന് ആശങ്കപ്പെട്ടവരും. എന്നാല്‍ ആ ആശങ്കകള്‍ക്കൊക്കെ കുറച്ച് സമയത്തെ ദൈര്‍ഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കണ്ടത് കരിയറില്‍ പത്ത് ടെസ്റ്റ് പോലും കളിച്ചിട്ടില്ലാത്ത ഒരു 28 കാരന്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ വിറപ്പിക്കുന്ന കാഴ്ചയാണ്. ആകാശ്ദീപ് എഡ്ജ്ബാസ്റ്റണില്‍ നടത്തിയ പ്രകടനത്തിന് സമാനതകളില്ല.
എന്നാല്‍ മത്സരത്തില്‍ ആകാശ്ദീപ് വീറോടെ വിക്കറ്റുകള്‍ ഒന്നൊന്നായി വീഴ്ത്തുമ്പോഴും അത്ര സന്തോഷത്തിലായിരുന്നില്ല താരം. കാരണം സ്വന്തം സഹോദരിയായ ജ്യോതി സിങ് കാന്‍സറിനോടുള്ള പോരാട്ടത്തിലായിരുന്നു. മത്സരശേഷം ചരിത്രജയം സഹോദരിക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് ജ്യോതി സിങ്.
ഇത് ഇന്ത്യക്ക് അഭിമാനകരമാണ്. അവൻ 10 വിക്കറ്റ് വീഴ്ത്തിയിരിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ഞങ്ങൾ വിമാനതാവളത്തിൽ പോയി അവനെ കണ്ടു. എനിക്ക് ഒരു കുഴപ്പവുമില്ലെന്നും എന്നെക്കുറിച്ച് വിഷമിക്കേണ്ടെന്നും ഞാൻ അവനോട് പറഞ്ഞു. രാജ്യത്തിന് വേണ്ടി നന്നായി കളിക്കാനും പറഞ്ഞു. ഞാൻ കാൻസറിന്റെ മൂന്നാം ഘട്ടത്തിലാണ്. ഡോക്ടർ പറഞ്ഞിരിക്കുന്നത് ചികിത്സ ആറ് മാസത്തോളം തുടരണമെന്നാണ്.- ആകാശ് ദീപിന്റെ സഹോദരി ഇന്ത്യ ടുഡെയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ആകാശ് വിക്കറ്റ് നേടുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നും. അവന് വിക്കറ്റ് കിട്ടുമ്പോൾ ഞങ്ങളെല്ലാവരും വലിയ ശബ്ദത്തിൽ കൈയ്യടിക്കാനും ആർപ്പുവിളിക്കാനും തുടങ്ങും. തനിക്ക് കാൻസറാണെന്ന വിവരം ആകാശ്ദീപ് നേരത്തേ വെളിപ്പെടുത്തിയിരുന്നെന്ന് അറിയില്ലായിരുന്നുവെന്നും ജ്യോതി പറഞ്ഞു.
'ആകാശ് അങ്ങനെ പറയുമെന്ന് ഞാൻ വിചാരിച്ചില്ല. അത് പരസ്യമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. പക്ഷെ അവൻ വികാരഭരിതനായി എനിക്ക് വേണ്ടി പറഞ്ഞ രീതിയും ജയം എനിക്ക് സമർപ്പിച്ചതും വലിയ കാര്യമാണ്. അത് നമ്മുടെ കുടുംബത്തോടും എന്നോടുമുള്ള സ്നേഹം എത്ര വലുതാണെന്ന് കാണിക്കുന്നു. വീട്ടിൽ ഈ സാഹചര്യമായിരുന്നിട്ടും അവിടെ കളിക്കുകയും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. ഞാൻ അവന് ഏറ്റവും അടുപ്പമുള്ള ആളാണ്.'
'എൻ്റെ കാൻസർ ചികിത്സയ്ക്കിടെ എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത് അവനായിരുന്നു. ഞാൻ അവനോട് വിഷമിക്കേണ്ടെന്നും എൻ്റെ ഭർത്താവ് കൂടെയുണ്ടെന്നും പറയുമായിരുന്നു. എന്നാൽ അവനുള്ളതെല്ലാം അവൻ്റെ സഹോദരിമാർക്കും കുടുംബത്തിനും വേണ്ടിയാണെന്ന് അവൻ എപ്പോഴും പറയുമായിരുന്നു. ഓരോ മത്സരത്തിന് മുൻപും ശേഷവും അവൻ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യും. ഇതെല്ലാം ചെയ്യുന്നതും വിക്കറ്റുകൾ നേടുന്നതും എനിക്കും രാജ്യത്തിനും വേണ്ടിയാണെന്ന് അവൻ പറയാറുണ്ടായിരുന്നു.' - ആകാശ് ദീപിൻ്റെ സഹോദരി പറഞ്ഞു
എഡ്ജ്ബാസ്റ്റണിൽ ആദ്യമായാണ് ഇന്ത്യ ജയിക്കുന്നത്. ഇതുവരെ ഏഴു തോൽവിയും ഒരുസമനിലയുമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. എഡ്ജ്ബാസ്റ്റണിൽ പത്തുവിക്കറ്റ് നേടുന്ന നാലാമത്തെ താരമായി ആകാശ് ദീപ് മാറി. ഇതാദ്യമായിട്ടാണ് ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇന്നിങ്‌സുകളിലുമായി ഇന്ത്യയുടെ മൊത്തം സ്കോർ 1000 കടക്കുന്നത്. ഇതിനുമുമ്പ് 2004-ൽ ഓസ്‌ട്രേലിയക്കെതിരേ രണ്ട് ഇന്നിങ്‌സുകളിലുമായി 916 റൺസ് നേടിയതായിരുന്നു റെക്കോഡ്.
Content Highlights: Akash Deeps show vs england sister crab battle








English (US) ·