
Photo: x.com/Kochibluetigers
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം എഡിഷനില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി സഞ്ജു സാംസന്റെ സഹോദരന്‍ സാലി സാംസണ്‍. സഞ്ജു ടീമിന്റെ വൈസ് ക്യാപ്റ്റനാകും. ടീം ഉടമ സുഭാഷ് ജി. മാനുവലാണ് ഇന്‍സ്റ്റഗ്രാമിലൂടെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ചത്. ആദ്യമായാണ് സഞ്ജു കെസിഎലിന്റെ ഭാഗമാകുന്നത്. കഴിഞ്ഞസീസണിലും കൊച്ചിയുടെ താരമായിരുന്നു സാലി. കെ.എം. ആസിഫ്, വിനൂപ് മനോഹരന്‍, അഖിന്‍ സത്താര്‍, ജെറിന്‍ പി.എസ്., ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, നിഖില്‍ തോട്ടത്ത് തുടങ്ങിയവരും ടീമിലുണ്ട്.
തിരുവനന്തപുരത്തു നടന്ന താരലേലത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് 26.8 ലക്ഷം രൂപയെന്ന റെക്കോഡ് തുകയ്ക്കാണ് സഞ്ജുവിനെ റാഞ്ചിയത്. ലേലത്തില്‍ താരങ്ങള്‍ക്കായി മുടക്കാന്‍ സാധിക്കുമായിരുന്ന തുകയുടെ പകുതിയിലേറെ കൊടുത്താണ് കൊച്ചി, സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്. എന്നാല്‍ സഞ്ജുവിന്റെ ചേട്ടനായ സാലി സാംസണിനെ വാങ്ങാന്‍ വെറും 75,000 രൂപ മാത്രമേ കൊച്ചിക്കു വേണ്ടി വന്നുളളൂ. സാംസണ്‍ ബ്രദേഴ്സ് ഒന്നിക്കുമ്പോള്‍ തീപാറുന്ന പ്രകടനം തന്നെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് കൊച്ചി ടീം മാനേജ്മെന്റും ആരാധകരും.
എസ്. മനോജ് റോയല്‍സ് കോച്ച്
ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി മുന്‍ രഞ്ജി താരം എസ്. മനോജ് ചുമതലയേറ്റു. തൃപ്പൂണിത്തുറ സ്വദേശിയായ മനോജ് കഴിഞ്ഞ സീസണില്‍ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു. കേരള അണ്ടര്‍-19 ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു. അഭിഷേക് മോഹനാണ് ബൗളിങ് കോച്ച്. മദന്‍ മോഹനെ ഫീല്‍ഡിങ് കോച്ചായും തിരഞ്ഞെടുത്തു. അരുണ്‍ റോയ് (ഫിസിയോ), എ.എസ്. ആശിഷ് (കണ്ടീഷനിങ് കോച്ച്) എന്നിവരും ടീമിനൊപ്പമുണ്ട്. രാജു മാത്യുവാണ് മാനേജര്‍. പ്രിയദര്‍ശന്‍, കല്യാണി പ്രിയര്‍ദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരുടെ പ്രോ വിഷന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ടീം ഉടമ.
Content Highlights: Saly Samson captains Kochi Blue Tigers successful Kerala Cricket League, with member Sanju arsenic vice-captain








English (US) ·