
സയ്യിദ് മിർസ | photo:mathrubhumi
കോഴിക്കോട്: സാംസ്കാരികമാലിന്യം സിനിമയായി വരുകയും അതിന് അവാർഡ് നൽകുകയും ചെയ്യുന്ന കാലമാണിതെന്ന് സംവിധായകനും കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ചെയർമാനുമായ സയ്യിദ് മിർസ. കോഴിക്കോട്ട് മേഖലാ രാജ്യാന്തര ചലച്ചിത്രമേളയുടെ (ആർഐഎഫ്എഫ്‌കെ) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സിനിമകളുടെ മൂല്യംകൊണ്ടും പങ്കാളിത്തംകൊണ്ടും രാജ്യത്തെ മുൻനിര ചലച്ചിത്രോത്സവമാണ് ഐഎഫ്എഫ്‌കെ. 30 വർഷമായി അത് നടത്തിവരുകയെന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ മേയർ ബീനാ ഫിലിപ്പ് അധ്യക്ഷയായി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി. തോട്ടത്തിൽ രവീന്ദ്രൻ, നടി മീനാക്ഷി ജയന് കൈമാറി ഫെസ്റ്റിവൽ ബുക്ക് പ്രകാശനംചെയ്തു. ഫെസ്റ്റിവൽ ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം നടൻ സുധീഷിന് നൽകി എസ്.കെ. സജീഷ് നിർവഹിച്ചു. ഡൗൺസിൻഡ്രോമിനോട് പോരാടി ആമിർഖാന്റെ ‘സിതാരെ സമീൻപർ’വരെയെത്തിയ നടൻ ഗോപീകൃഷ്ണൻ വർമയെ ആദരിച്ചു.
ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ, 29-ാം ഐഎഫ്‌എഫ്‌കെ ക്യുറേറ്റർ ഗോൾഡ സെല്ലം, നടൻ സുധീഷ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജനറൽ കൗൺസിൽ അംഗങ്ങളായ കുക്കു പരമേശ്വരൻ, സോഹൻ സീനുലാൽ, സന്തോഷ് കീഴാറ്റൂർ, കെഎസ്‌എഫ്ഡിസി എംഡി പി.എസ്. പ്രിയദർശനൻ, പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സൺ എസ്.കെ. സജീഷ്, സംഘാടകസമിതി കൺവീനർമാരായ കെ.ടി. ശേഖർ, കെ.ജെ. തോമസ്, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് ‘ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്’ പ്രദർശിപ്പിച്ചു.
സയ്യിദ് മിർസ ടോക്സ്;
അടൂർ തിരിച്ചുവരണം
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അടൂർ തിരിച്ചുവരണം. മുൻപത്തെ ഡയറക്ടർ മികച്ച ഭരണാധികാരിയായിരുന്നെങ്കിലും ആരോപണങ്ങളുയർന്നതോടെ രാജിവെക്കേണ്ടിവന്നു. അന്വേഷണത്തിലും പലതും ശരിയെന്നു കണ്ടെത്തി. ഡയറക്ടർ രാജിവെച്ചതോടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ലോകപ്രശസ്തസംവിധായകനായ അടൂർ ചെയർമാൻസ്ഥാനം ഒഴിഞ്ഞത്. തുടർന്നാണ് ഞാൻ സ്ഥാനമേറ്റത്. ആദ്യത്തെ പ്രശ്നങ്ങൾക്കുശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടൂരിനെ ചെയർമാൻസ്ഥാനത്ത് തിരിച്ചുകൊണ്ടുവരണമെന്ന് അഭ്യർഥിക്കുകയാണ്.
കോഴിക്കോടൻ അനുഭവം.
എനിക്ക് വളരെയധികം ഇഷ്ടമാണ് ഈ നഗരം. മുൻപ് പലതവണ കോഴിക്കോട്ട് വന്നിട്ടുണ്ട്. 1994-ൽ ആണ് ആദ്യംവന്നത്. അന്ന് ഇവിടത്തെ വിദ്യാർഥികൾ എന്റെ സിനിമയെപ്പറ്റി ചോദ്യങ്ങൾ ചോദിച്ചതൊക്കെ നല്ല ഓർമ്മയായി മനസ്സിലുണ്ട്. ഇവിടത്തെ ബിരിയാണിമാത്രമല്ല കോഴിക്കോടിന്റെ പ്രത്യേകത. പോർച്ചുഗീസുകാരുമായി ബസപ്പെട്ട ചരിത്രം, വ്യാപാരം എന്നിവയെല്ലാം വിശേഷപ്പെട്ടതാണ്.
പുതിയ മലയാളം സിനിമകൾ
പൊതുവായിട്ടുള്ള ഇന്ത്യൻസിനിമകളിൽനിന്ന് വ്യത്യസ്തമായി സ്വതന്ത്രസിനിമകൾ ഉണ്ടാകുന്നു എന്നതാണ് മലയാളസിനിമയുടെ പ്രത്യേകത. ബോളിവുഡ് സിനിമകളിൽനിന്ന് വ്യത്യസ്തമാണത്. ആ മാറ്റം നമുക്ക് കാണാൻകഴിയും.
ഐഎഫ്എഫ്ഐയും ഐഎഫ്എഫ്കെയും വ്യത്യസ്തമാവുന്നത്
ഐഎഫ്എഫ്ഐ ഇപ്പോൾ രാഷ്ട്രീയലക്ഷ്യത്തോടെയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. കേരള സ്റ്റോറിയൊക്കെ അതിനൊരു ഉദാഹരണമാണ്. തിരഞ്ഞെടുക്കപ്പെടുന്ന മറ്റുസിനിമകൾ നല്ലതായാലും ഒരു സിനിമ ഇത്തരത്തിലുള്ളതായാൽ മേളയുടെ പ്രാധാന്യം നഷ്ടപ്പെടും. ഐഎഫ്എഫ്കെ അങ്ങനെയല്ല. അതിലെ സിനിമകളുടെ തിരഞ്ഞെടുപ്പ് ഏറെ മികച്ചതാണ്.
അവാർഡുകൾ വിവാദമാവുമ്പോൾ
ഒരാൾക്ക് അവാർഡ് ലഭിച്ചില്ല, അല്ലെങ്കിൽ മറ്റേയാൾക്ക് ലഭിച്ചു എന്നതരത്തിലുള്ള വിവാദങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. ഇവിടെ അതല്ല വിഷയം. അവാർഡിന് തിരഞ്ഞെടുക്കപ്പെടുന്ന സിനിമതന്നെയാണ് വിഷയം. അത്തരമൊരു സിനിമ തിരഞ്ഞെടുക്കുന്നതുതന്നെയാണ് വിവാദം. ആ സിനിമയ്ക്കുതന്നെ അവാർഡും കൊടുക്കുന്നു.
Content Highlights: this is the clip erstwhile taste discarded is made into movies and fixed awards- Saeed Mirza
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·