തിരുവനന്തപുരം∙ ടീമിന്റെ നെടുന്തൂണുകളായ സാംസൺ ബ്രദേഴ്സ് നിരാശപ്പെടുത്തിയെങ്കിലും, കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ വിജയക്കുതിപ്പിന് തൽക്കാലം തടസങ്ങളില്ല. കാര്യവട്ടം സ്റ്റേഡിയത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ആലപ്പി റിപ്പിൾസിനെ നിഷ്പ്രഭരാക്കിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം. വിനൂപ് മനോഹരന്റെ ഓൾറൗണ്ട് പ്രകടനം കരുത്തുപകർന്ന മത്സരത്തിൽ, ആലപ്പി റിപ്പിൾസിനെ 34 റൺസിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് കീഴടക്കിയത്. ഇതോടെ പോയിന്റ് പട്ടികയിലും സലി സാംസൺ നയിക്കുന്ന ടീം ഒന്നാം സ്ഥാനത്തെത്തി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 183 റൺസാണ്. മറുപടി ബാറ്റിങ്ങിൽ ആലപ്പി റിപ്പിൾസിന്റെ പോരാട്ടം 19.2 ഓവറിൽ 149 റൺസിൽ അവസാനിച്ചു. നാലു വിക്കറ്റ് നേട്ടവുമായി തിളങ്ങിയ മുഹമ്മദ് ആഷിക്, കെ.എം. ആസിഫ് എന്നിവരുടെ പ്രകടനമാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന് വിജയം സമ്മാനിച്ചത്.
ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്ന നിലയിലായിരുന്ന ആലപ്പി റിപ്പിൾസ്, പിന്നീട് കൂട്ടത്തകർച്ച നേരിട്ട് തോൽവിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വെറും നാലു പന്തുകൾക്കിടെ മൂന്നു വിക്കറ്റ് പിഴുത മുഹമ്മദ് ആഷിക്കാണ് ആലപ്പി റിപ്പിൾസിനെ തകർത്തത്. മത്സരത്തിലാകെ ആഷിക് മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
36 പന്തിൽ നാലു ഫോറുകളോടെ 33 റൺസെടുത്ത ഓപ്പണർ അക്ഷയ് ചന്ദ്രനാണ് ആലപ്പി റിപ്പിൾസിന്റെ ടോപ് സ്കോറർ. അഭിഷേക് നായർ (13 പന്തിൽ 29), അനൂജ് ജോട്ടിൻ (10 പന്തിൽ 15), ജലജ് സക്സേന (15 പന്തിൽ 16), മുഹമ്മദ് അസ്ഹറുദ്ദീൻ (ഒൻപതു പന്തിൽ 11) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ഏറ്റവും തിളങ്ങിയത് 3 ഓവറിൽ 17 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആഷിക് തന്നെ. കെ.എം. ആസിഫ് 3.2 ഓവറിൽ 23 റൺസ് വഴങ്ങിയും നാലു വിക്കറ്റ് വീഴ്ത്തി. ആൽഫി ഫ്രാൻസിസ് ജോൺ, വിനൂപ് മനോഹരൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
∙ മുൻനിര തിളങ്ങി, വാലറ്റവും!
നേരത്തെ, ഓപ്പണർ വിനൂപ് മനോഹരന്റെ നേതൃത്വത്തിലുള്ള മുൻനിര സമ്മാനിച്ച മിന്നുന്ന തുടക്കം ‘സാംസൺ ബ്രദേഴ്സ്’ ഉൾപ്പെടുന്ന മധ്യനിരയ്ക്ക് മുതലാക്കാനായില്ലെങ്കിലും വാലറ്റക്കാരുടെ കൂറ്റനടികളുടെ മികവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആലപ്പി റിപ്പിൾസിനു മുന്നിൽ 184 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സ്, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 183 റൺസെടുത്തത്. 31 പന്തിൽ 66 റൺസുമായി ഓപ്പണർ വിനൂപ് മനോഹരൻ കൊച്ചിയുടെ ടോപ് സ്കോററായി.
ആദ്യ അഞ്ച് ഓവറിൽ തകർത്തടിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റണ്‍സുമായി കൂറ്റൻ സ്കോറിന് അടിത്തറയിട്ടതാണ്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ക്യാപ്റ്റൻ സലി സാംസൺ, കെസിഎലിലെ കന്നി ഇന്നിങ്സിന് ഇറങ്ങിയ സഞ്ജു സാംസൺ തുടങ്ങിയവർക്ക് മികവു കാട്ടാനാകാതെ പോയതാണ് അനായാസം 200 കടക്കാമായിരുന്നിട്ടും കൊച്ചിയെ 183ൽ ഒതുക്കിയത്.
വിനൂപ് മനോഹരൻ 31 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതമാണ് 66 റൺസടുത്തത്. വാലറ്റത്ത് 13 പന്തിൽ നാലു സിക്സും ഒരു ഫോറും സഹിതം 31 റൺസുമായി പുറത്താകാതെ നിന്ന ആൽഫി ഫ്രാൻസിസ് ജോണിന്റെ ഇന്നിങ്സാണ് കൊച്ചിയെ 183ൽ എത്തിച്ചത്. മുഹമ്മദ് ആഷിക് മൂന്നു പന്തിൽ രണ്ടു സിക്സുകൾ സഹിതം 12 റൺസെടുത്തും പുറത്തായി. ഓപ്പണർ വിപുൽ ശക്തി (എട്ടു പന്തിൽ രണ്ടു ഫോറുകളോടെ 11), മുഹമ്മദ് ഷാനു (അഞ്ച് പന്തിൽ രണ്ടു സിക്സറുകൾ സഹിതം 15) തുടങ്ങിയവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഓപ്പണിങ് വിക്കറ്റിൽ വിനൂപ് – വിപുൽ സഖ്യം 21 പന്തിൽ 49 റൺസും, രണ്ടാം വിക്കറ്റിൽ വിനൂപ് – ഷാനു സഖ്യം 10 പന്തിൽ അടിച്ചുകൂട്ടിയത് 31 റൺസ്. പിന്നീട് വാലറ്റത്ത് എട്ടാം വിക്കറ്റിൽ ആഷിക് – ആൽഫി സഖ്യം 13 പന്തിൽ അടിച്ചുകൂട്ടിയ 25 റൺസും നിർണായകമായി.
നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറുമായി തുടക്കമിട്ടെങ്കിലും, ക്യാപ്റ്റൻ സലി സാംസൺ മൂന്നാം പന്തിൽ പുറത്തായി. പതിവിനു വിപരീതമായി പ്രതിരോധത്തിലൂന്നിക്കളിച്ച സഞ്ജു, 22 പന്തിൽ 13 റൺസെടുത്തും മടങ്ങി. ഒരു ബൗണ്ടറി പോലും നേടാനാകാതെയാണ് സഞ്ജു മടങ്ങിയത്. വിക്കറ്റ് കീപ്പർ ബാറ്റർ നിഖിൽ തോട്ടത്ത് 14 പന്തിൽ ഒൻപത് റൺസെടുത്തും കെ.ജെ. രാകേഷ് 23 പന്തിൽ 12 റൺസെടുത്തും പുറത്തായി. ഒടുവിൽ വാലറ്റത്ത് മുഹമ്മദ് ആഷിക് (മൂന്നു പന്തിൽ 12), ആൽഫി ഫ്രാൻസിസ് ജോൺ (13 പന്തിൽ പുറത്താകാതെ 31) എന്നിവരാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്.
ആലപ്പി റിപ്പിൾസിനായി ജലജ് സക്സേന നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ശ്രീഹരി നായർ, അക്ഷയ് ചന്ദ്രൻ എന്നിവർ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വിഘ്നേഷ് പുത്തൂർ മൂന്ന് ഓവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. ശേഷിക്കുന്ന ഒരു വിക്കറ്റ് രണ്ട് ഓവറിൽ 37 റൺസ് വഴങ്ങി ബാലു ബാബു സ്വന്തമാക്കി.
English Summary:








English (US) ·