സാക്ഷാൽ ഭുവിയെ ‘തല്ലി’ വരവറിയിച്ച 17കാരൻ, ഒരു ഓവറിലെ 6 പന്തും ബൗണ്ടറി; ധോണി പോയാലും ചെന്നൈയുടെ ഭാവി, ആയുഷ് മാൻ ഭവ!

8 months ago 6

എ. ഹരിപ്രസാദ്

എ. ഹരിപ്രസാദ്

Published: May 06 , 2025 07:35 AM IST Updated: May 06, 2025 09:51 AM IST

1 minute Read

dhoni-ayush-mhatre-suresh-raina
ധോണിയും ആയുഷ്‌ മാത്രെയുമാണ് ആദ്യ ചിത്രത്തിൽ, ആയുഷിന് സുരേഷ് റെയ്‌നയുടെ അഭിനന്ദനം

പ്രായം വെറും സംഖ്യ മാത്രമാണെന്നു പറയാറുള്ളത് പ്രായം തളർത്താത്ത ചിലരെ കാണുമ്പോഴാണ്. ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 18–ാം പതിപ്പിൽ പക്ഷേ, പ്രായം കൊണ്ടു വളരാത്തവരാണ് സംഖ്യയുടെ കഥ പറയിപ്പിക്കുന്നത്. പതിനെട്ടിന്റെ പടി കടക്കാത്തവരുടെ പടയോട്ടത്തിനായി വരച്ചിരിക്കുന്നതാണ് ഇത്തവണത്തെ ഐപിഎലിന്റെ ക്രീസ്. വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരൻ ശതകം കൊണ്ട് ഉഴുതുമറിച്ച ആ കളത്തിലെ പുതിയ എൻട്രി ആയുഷ് മാത്രെയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റർ. വയസ് 17. നാല് ഇന്നിങ്സുകൾ കൊണ്ടു ചെന്നൈയുടെ ഭാവിപ്രതീക്ഷയായി മാറിക്കഴിഞ്ഞു ഈ ഓപ്പണർ.

ബെംഗളൂരുവിൽ റോയൽ ചാലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 48 പന്തിൽ 94 റൺസ് കുറിച്ച ആ ഇന്നിങ്സിനു പിന്നാലെ ഗൂഗിളിൽ ആയുഷ് മാത്രെ എന്ന പേരു തിരഞ്ഞവർ ഒരു വിഡിയോ കൂടി കണ്ടിരിക്കും. ബാറ്റ്സ്മാൻ ആകാനാണ് ആഗ്രഹമെന്നു ആറാം വയസ്സിൽ ആയുഷ് പറയുന്ന വിഡിയോ! ആഭ്യന്തര ക്രിക്കറ്റിൽ ഒരു ട്വന്റി20 മത്സരം പോലും കളിക്കും മുൻപേ എം.എസ്.ധോണിയും കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങും ചെന്നൈയുടെ ഭാഗമാക്കിയ കൗമാരക്കാരന്റെ കഥയുടെ തുടക്കവും അവിടെയാണ്.

ഒരു പന്തിനു മുന്നിലും പകച്ചു നിൽക്കാതെ നിർഭയനായി ബാറ്റ് വീശുന്നുവെന്നു ഇപ്പോൾ കമന്റേറ്റർമാർ വിലയിരുത്തുന്ന ആയുഷിന്റെ മികവ് അന്നേ തിരിച്ചറിഞ്ഞൊരാളുണ്ട്, മുംബൈ ജൂനിയർ ടീമിന്റെ കോച്ച് ദിനേശ് ലാഡ്. ദിനേശിനെ അധികം പേരറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ഒരു ശിഷ്യനെ ലോകമറിയും– രോഹിത് ശർമ!

ഹിറ്റ്മാന്റെ ആരാധകൻ കൂടിയായ മാത്രെയിൽ രോഹിത്തിനെയും കാണുന്നുണ്ട് ദിനേശ് ലാഡ്. പതിനഞ്ചാം വയസ്സിൽ രോഹിത് കളിച്ച അതേ രീതിയിലാണ് ഇപ്പോൾ ആയുഷിന്റെ കളിയെന്നാണു ഗുരുവിന്റെ സാക്ഷ്യപത്രം. പത്താം വയസ്സിൽ ആയുഷിനെ ആദ്യം കണ്ടപ്പോൾതന്നെ ഒഴുക്കുള്ള സ്ട്രോക്ക് പ്ലേ ശ്രദ്ധയിൽപെട്ടിരുന്നുവെന്നും ദിനേശ് വ്യക്തമാക്കുന്നു.

മുംബൈ നഗരത്തിൽ നിന്നേറെ അകലെയായി വിരാറിലാണു ആയുഷിന്റെ വീട്. കനമുള്ള ക്രിക്കറ്റ് കിറ്റുമായി ദിവസവും ആറു മണിക്കൂറോളം യാത്ര ചെയ്താണു ആയുഷ് വളർന്നത്.

∙ പാതിവഴിയിൽ ഐപിഎൽ

സീസണിന്റെ പാതിവഴിയിലാണ് ആയുഷിന് ഐപിഎലിന്റെ വിളിയെത്തിയത്. ചെന്നൈ ക്യാപ്റ്റനും മുഖ്യ ബാറ്ററുമായ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ പകരക്കാരനായിട്ടാണ് ആയുഷിന് അവസരമൊരുങ്ങിയത്. ചെന്നൈയ്ക്കു വണ്ടികയറിയ പയ്യൻ ആദ്യം കളത്തിലെത്തിയതു സ്വന്തം നാട്ടിൽ മുംബൈ ഇന്ത്യൻസിനെതിരെ.

15 പന്തിൽ 32 റൺസുമായി വരവറിയിച്ച താരം രണ്ടാമൂഴത്തിൽ ഹൈദരാബാദിനെതിരെ ചെപ്പോക്കിലെ ദുഷ്ക്കരമായ പിച്ചിലും അതേ ഗിയറിൽ ബാറ്റ് വീശി. 19 പന്തിൽ 30 റൺസ്. രണ്ടിന്നിങ്സിലും ആശിക്കുന്ന തുടക്കം കിട്ടിയ ആയുഷിന്റെ പ്രഹരശേഷി ലീഗ് കണ്ടതു നാലാമത്തെ വരവിലാണ്. ബെംഗളൂരുവിൽ റോയൽ ചാലഞ്ചേഴ്സിനെതിരായ മത്സരം.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ കോലിയും കൂട്ടരും ഉയർത്തിയതു 214 റൺസെന്ന വലിയ ലക്ഷ്യം. എതിരാളികളുടെ കോട്ടയിൽ അന്ന് ആയുഷ് സ്റ്റാൻസ് എടുത്തത് ആളിക്കത്താനായിരുന്നു. ട്വന്റി20യിലെ പെർഫക്്ട് പേസർമാരിലൊരാളായ ഭുവനേശ്വർ കുമാറാണ് ആ ചൂടിൽ വാടിക്കരിഞ്ഞത്.

ഭുവിയുടെ ഒരോവറിലെ ആറു പന്തും ബൗണ്ടറിയിലേക്കു പാഞ്ഞു. അഞ്ചു ഫോറും ഒരു സിക്സുമായി ആ ഓവറിൽ 26 റൺസ് വാരിക്കൂട്ടിയ ആയുഷ് 25 പന്തിൽ ആദ്യ അർധശതകവും കുറിച്ചു. ഒടുവിൽ സെഞ്ചറിക്കു 6 റൺസ് മാത്രമകലെ മാത്രെ മടങ്ങിയതോടെ ചെന്നൈയും വീണുപോയി.

English Summary:

Ayush Mhatre: The Teenage Sensation Taking the IPL by Storm

Read Entire Article