Published: September 23, 2025 05:13 PM IST
1 minute Read
കൊച്ചി∙ അർജന്റീന ഫുട്ബോള്‍ ടീമിന്റെ പ്രതിനിധി ഹെക്ടർ ഡാനിയേൽ കബ്രേര ചർച്ചകൾക്കു വേണ്ടി കൊച്ചിയിലെത്തി. കബ്രേര കായിക മന്ത്രി വി. അബ്ദുറഹിമാനുമായി കൂടിക്കാഴ്ച നടത്തി. മത്സരം നടത്താൻ പരിഗണിക്കുന്ന കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയവും കബ്രേര സന്ദർശിച്ചു. സ്റ്റേഡിയത്തിലെ സീറ്റുകൾ, ലൈറ്റുകൾ എന്നിവ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ഒരു മാസത്തിനകം പൂർത്തിയാകുമെന്ന് മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.
‘‘കൊച്ചിയിലെ ഫീൽഡ് മികച്ചതാണ്. അതിൽ ചില ജോലികൾ നടത്തേണ്ടതുണ്ട്. രണ്ടു ദിവസത്തിനകം അതു പൂർത്തിയാക്കും. സ്റ്റേഡിയത്തിലെ സീറ്റുകളും ലൈറ്റുകളും മാറ്റുന്ന പണികൾ ഒരു മാസത്തിനകം തീർക്കും. പൊലീസുമായുള്ള ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു. മറ്റു വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും.
മത്സരം നടത്താൻ തിരുവനന്തപുരത്തെ ആദ്യം പരിഗണിച്ചിരുന്നു. പക്ഷേ അവിടത്തെ പിച്ച് മാറ്റിയെടുക്കേണ്ടിവരും. അതുകൊണ്ടാണു കളി കൊച്ചിയിലേക്കു മാറ്റാൻ തീരുമാനിച്ചത്. ഹോട്ടലുകളുടെ സൗകര്യം, യാത്രാ സൗകര്യം എന്നിവയെല്ലാം നോക്കിയാണ് ഈ തീരുമാനം. നവംബർ 16,17 തീയതികളിൽ മത്സരം നടത്താനാണു പരിഗണിക്കുന്നത്. സാധാരണക്കാർക്ക് മെസ്സിയെ കാണാനുള്ള അവസരം സർക്കാർ ഒരുക്കും. ഫാൻ മീറ്റ് സംഘടിപ്പിക്കും. അർജന്റീന ടീം തൃപ്തരാണ്. അവരുടെ ആവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ അതു പരിഗണിക്കും.’’– മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
അർജന്റീനയുടെ സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയ എതിരാളികളാകുമെന്നാണു വിവരം. മന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. അർജന്റീന ടീം കേരളത്തിലെത്തുമ്പോൾ താമസിക്കാനുള്ള സ്ഥലങ്ങൾ, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ എന്നിവ കായിക മന്ത്രിയുമായി കബ്രേര ചർച്ച ചെയ്തു. നവംബർ 15നാണ് അർജന്റീന ടീം കേരളത്തിലെത്തുക. നവംബർ 17നോ 18 നോ ആയിരിക്കും മത്സരം നടക്കുക.
English Summary:








English (US) ·