സാന്ദ്രയെ ഭീഷണിപ്പെടുത്തിയ റെനി കടുത്ത മദ്യപാനി, ആ മെസേജ് വളരെ മോശമായിപ്പോയി -ഷിബു ജി. സുശീലൻ

7 months ago 7

Shibu G Suseelan

ഷിബു ജി. സുശീലൻ | ഫോട്ടോ: Facebook

കൊച്ചി: സാന്ദ്രാ തോമസിനെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രൊഡക്ഷൻ കൺട്രോളർമാരുടെ യൂണിയൻ ജനറൽ സെക്രട്ടറി ഷിബു ജി. സുശീലൻ. റെനി ജോസഫിന്റെ സന്ദേശം മോശമായിപ്പോയെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിന്റെ ചർച്ചയിൽ പറഞ്ഞു. റെനി ജോസഫ് കടുത്ത മദ്യപാനിയാണെന്നും മുൻപും ഇത്തരത്തിൽ മറ്റുചില അം​ഗങ്ങളോട് പെരുമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്ന് വാട്സാപ്പ് ​ഗ്രൂപ്പിൽനിന്ന് പുറത്താക്കപ്പെട്ട റെനിയെ യൂണിയൻ തിരഞ്ഞെടുപ്പ് സമയത്താണ് വീണ്ടും ​ഗ്രൂപ്പിൽ ചേർക്കുന്നതെന്നും ഷിബു ജി. സുശീലൻ പറഞ്ഞു.

"വ്യാഴാഴ്ച വൈകിട്ടാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് എന്നെ വിളിച്ച് റെനി ജോസഫിനും മുകേഷ് തൃപ്പൂണിത്തുറയ്ക്കുമെതിരെ കേസുണ്ടെന്ന് പറഞ്ഞത്. സാന്ദ്രാ തോമസിനെതിരെ ഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പ് കിട്ടിയിട്ടുണ്ടെന്നും പറഞ്ഞു. വെള്ളിയാഴ്ച സ്റ്റേഷനിലെത്താനാണ് പറഞ്ഞത്. ഇതനുസരിച്ച് ഞാനും എൻ.എം. ബാദുഷയും സ്റ്റേഷനിൽ പോവുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകീട്ടുമാത്രമാണ് പോലീസ് സ്റ്റേഷനിൽനിന്ന് വിളിക്കുന്നത്.

സാന്ദ്രയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് കേട്ടിരുന്നു. കുറച്ചുമാസങ്ങൾക്ക് മുമ്പാണത്. 484 അം​ഗങ്ങളുള്ള പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരുടെ വാട്സാപ്പ് ​ഗ്രൂപ്പാണത്. പ്രൊഡക്ഷൻ കൺട്രോളർമാരെക്കുറിച്ച് സാന്ദ്രാ തോമസ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതുമായി ബന്ധപ്പെട്ട് യൂണിയനിൽ ചർച്ചകൾ നടന്നു. പുതിയ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വിജ്ഞാപനം നടക്കുന്ന സമയത്താണ് ഒരു ദിവസം രാത്രി റെനി ജോസഫ് ​ഗ്രൂപ്പിൽ ഇങ്ങനെയൊരു മെസേജ് ഇട്ടത്. കുറച്ചുപേർ അത് കേട്ടിരുന്നു. പിറ്റേന്ന് റെനിതന്നെ ആ മെസേജ് ഡിലീറ്റ് ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്.

റെനി അയച്ച ആ മെസേജ് വളരെ മോശമായിപ്പോയി. റെനി കടുത്ത മദ്യപാനിയാണ്. യൂണിയൻ അം​ഗങ്ങളുൾപ്പെടെ പലരേയും അദ്ദേഹം മുൻപും അധിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്ക് കത്തുനൽകുകയും ​ഗ്രൂപ്പിൽനിന്ന് ഒഴിവാക്കുകയുമൊക്കെ ചെയ്തിരുന്നു. യൂണിയൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇദ്ദേഹത്തെ വീണ്ടും വാട്സാപ്പ് ​ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത്. സാന്ദ്രാ തോമസിനെതിരെ മാർച്ച് രണ്ടാം വാരമാണ് വക്കീൽ നോട്ടീസയച്ചത്. ഇത് മാർച്ച് 25-ന് സാന്ദ്ര കൈപ്പറ്റിയതായാണ് പോസ്റ്റോഫീസ് രേഖകളുള്ളത്. കേസ് ഫയൽ ചെയ്തു. അന്ന് കോടതി അവധിയായിരുന്നു.

കേസുമായി മുന്നോട്ടുപോകണോ വേണ്ടയോ എന്ന് ജനറൽ ബോഡിയാണ് തീരുമാനിക്കേണ്ടത്. മേയ് ഒന്നിന് ജനറൽ ബോഡി ചേരുകയും എല്ലാ അം​ഗങ്ങളും കേസുമായി പോകാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അങ്ങനെ കഴിഞ്ഞ 30-ാം തീയതിയാണ് കേസ് ഫയൽ ചെയ്തത്. അന്ന് ആ മെസേജ് കണ്ട ഒരം​ഗം പോലും റെനി ജോസഫിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ചിട്ടില്ല. മുകേഷ് തൃപ്പൂണിത്തുറ എന്താണ് പോസ്റ്റ് ചെയ്തതെന്ന് അറിഞ്ഞിരുന്നില്ല. പോലീസ് സ്റ്റേഷനിൽനിന്ന് വിളിച്ചപ്പോൾ മാത്രമാണ് കേസിനെക്കുറിച്ച് അറിഞ്ഞത്. അപ്പോൾത്തന്നെ ഫെഫ്കയോട് സംസാരിച്ച് അവരെ സസ്പെൻഡ് ചെയ്തു.

സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ ബി. ഉണ്ണിക്കൃഷ്ണൻ വിളിച്ചു. അദ്ദേഹത്തോടാലോചിച്ചല്ല നമ്മുടെ യൂണിയന്റെ പ്രവർത്തനം നടക്കുന്നത്. നാനൂറിലേറെ അം​ഗങ്ങൾ ഒരുപോലെ ആവശ്യപ്പെട്ടതുകൊണ്ടുമാത്രമാണ് സാന്ദ്രയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സാന്ദ്രയുമായി വ്യക്തിവൈരാ​ഗ്യമോ മറ്റുപ്രശ്നങ്ങളോ ഒന്നുമില്ല. ഞാൻ യൂണിയന്റെ ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ കേസ് കൊടുക്കാൻ നിർബന്ധിതനാവുകയായിരുന്നു." ഷിബു ജി. സുശീലൻ വിശദീകരിച്ചു.

Content Highlights: Shibu G Suseelan clarifies connected decease menace issued by Reni Joseph against shaper Sandra Thomas

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article