സാന്ദ്രയോട് കാണിച്ചത് നീതികേട്; സംഘടനയിൽ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സമാന്തര കമ്പനി-ശശി അയ്യഞ്ചിറ

5 months ago 5

Sasi Ayyanchira

നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമായ ശശി അയ്യഞ്ചിറ | സ്ക്രീൻ​ഗ്രാബ്

കൊച്ചി: നിർമാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനയും സാന്ദ്രാ തോമസും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ കൊടുമ്പിരിക്കൊള്ളുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാന്ദ്രാ തോമസ് നൽകിയ പത്രിക വരണാധികാരി തള്ളിയതോടെ ഇത് മറ്റൊരു തലത്തിലെത്തിയിരിക്കുകയാണ്. സാന്ദ്രയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയുമായ ശശി അയ്യഞ്ചിറ. സാന്ദ്രാ തോമസിനോട് കാണിച്ചത് നീതികേടാണെന്നും സംഘടനയിൽ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സമാന്തര കമ്പനിയുണ്ടെന്നും ശശി അയ്യഞ്ചിറ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

നയമനുസരിച്ച് മൂന്ന് സിനിമകളുടെ സെൻസർഷിപ്പ് കാർഡുണ്ടെങ്കിൽ സംഘടനയിലെ സ്ഥാനമാനങ്ങളിലേക്ക് മത്സരിക്കാമെന്ന് ശശി അയ്യഞ്ചിറ പറഞ്ഞു. എക്സിക്യൂട്ടീവ് അം​ഗമാണെങ്കിൽ ഒരു സെൻസർഷിപ്പ് കാർഡ് മതിയെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹി മാത്രമാണെങ്കിൽ മൂന്ന് കാർഡ് വേണം. അതനുസരിച്ച് നോക്കുമ്പോൾ സാന്ദ്ര മത്സരിക്കാൻ പൂർണയോ​ഗ്യയാണ്. അവരുടെ പത്രിക തള്ളിക്കളയാൻ പാടില്ലായിരുന്നു. സ്ഥാനത്തിരിക്കുന്നവർ മിതമായ ശൈലി ഉപയോ​ഗിച്ച് പെരുമാറണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ സംഭവം ഇപ്പോൾ കോടതിയിൽ പോവില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"സംഘടനയുടെ ജനറൽ സെക്രട്ടറിയായി ഞാൻ ആറുവർഷം ഇരുന്നതാണ്. അന്നൊന്നും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കെട്ടിടം കൊച്ചി ന​ഗരത്തിന്റെ ഹൃദയഭാ​ഗത്താണ്. ആ കെട്ടിടം ഉണ്ടാക്കിയശേഷം ഇപ്പോൾ ഒരു കമ്പനി രൂപീകരിച്ചിരിക്കുകയാണ്. അസോസിയേഷൻ ഭാരവാഹികളായ പത്ത് പേരടങ്ങുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണത്. യുഎഫ്ഒ, ക്യൂബ് ഒക്കെ തിയേറ്ററുകളിലേക്ക് പടം എത്തിക്കുന്നതുപോലെ നൂറ്റമ്പതോളം തിയേറ്ററുകൾക്ക് ഇവരാണ് സിനിമ എത്തിക്കുന്നത്. അതിന്റെ വരുമാനം മുഴുവൻ ഈ പത്തുപേരാണ് എടുക്കുകുന്നത്. അല്ലാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അല്ല.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഒരു ചാരിറ്റബിൾ ട്രസ്റ്റാണ്. അതിന്റെ ബൈലോ പ്രകാരം ഒറ്റപ്പൈസ നമ്മൾ എടുക്കാൻ പാടില്ല. ഇപ്പറഞ്ഞ കമ്പനിയുണ്ടാക്കാൻ സംഘടനയുടെ ജനറൽ ബോഡി തീരുമാനിച്ചിട്ടില്ല. ഇങ്ങനെയൊരു സംഭവം നടക്കുന്നതായി പല നിർമാതാക്കൾക്കും അറിയില്ല. ജി. സുരേഷ് കുമാറാണ് ഈ കമ്പനിയുടെ നേതൃത്വത്തിലുള്ളത്. ഇവരുടെ ലാഭം മുഴുവൻ ഇവരെടുക്കുകയാണ്. ഇതിന്റെ കണക്കൊന്നും എവിടെയുമില്ല. ആ കെട്ടിടത്തിൽ ആറു മുറിയെങ്കിലും ഓരോരുത്തരും കൈവശം വെച്ചിരിക്കുകയാണ്. അത് ജനറൽബോഡി തീരുമാനപ്രകാരമൊന്നുമല്ല. അവർ വന്ന് വസ്ത്രങ്ങളും മറ്റും വെച്ചിട്ട് പുറത്തുപോകുമ്പോൾ പൂട്ടിയിട്ട് പോകും. കയ്യേറിവെച്ചിരിക്കുകയാണെന്ന് തന്നെ പറയാം.

സംഘടനയിൽ അം​ഗമായ ഒരു നിർമാതാവ് ഒരാളോട് മോശമായി പെരുമാറി. ഇതുമായി ബന്ധപ്പെട്ട പരാതി അവിടത്തെ ചേംബർ ഭാരവാഹികൂടിയായ ഒരാൾ ജി. സുരേഷ്കുമാറിനെ അറിയിച്ചു. പരാതിയിലുൾപ്പെട്ടവരെ വിളിപ്പിക്കുകയും ചില തെളുവുകൾ ഹാജരാക്കുകയും ചെയ്തു. ഒരു സാധാരണ ജീവനക്കാരനാണ് ആ തെളിവുകൾ കാണിച്ചത്. അയാളെ പുറത്താക്കണമെന്ന ധാരണയിലാണ് അസോസിയേഷൻ ഭാരവാഹികൾ മുന്നോട്ടുപോകുന്നത്. ഈ ജീവനക്കാരനെ വിശ്വാസമില്ലെന്ന് പറഞ്ഞു. തെറ്റുചെയ്തയാളെ ബലമായി സംഘടനയിൽനിന്ന് പുറത്താക്കുകയാണ് വേണ്ടത്. തെറ്റ് ആരുചെയ്യുന്നോ, അവർ അസോസിയേഷനിൽ നിൽക്കാൻ പാടില്ല." ശശി അയ്യഞ്ചിറ വ്യക്തമാക്കി.

സാന്ദ്ര ആരോപിച്ച കാര്യങ്ങൾ ഏകദേശം ശരിയാണ്. സാന്ദ്രാ തോമസ് ഇത്തവണ തിരഞ്ഞെടുപ്പിന് നിന്നാൽ ജയിക്കുമെന്നാണ് വിശ്വസിക്കുന്നത്. താൻ അവരെ പിന്തുണയ്ക്കും. നല്ലൊരു സമിതി വരണം. പത്തുപേരുടെ കമ്മിറ്റി പിരിച്ചുവിടണം. പത്തുപേർ കയ്യടിക്കിവെച്ചിരിക്കുന്ന ലാഭം അസോസിയേഷനിലേക്ക് കണ്ടുകെട്ടണം. അതിനുള്ള കമ്മിറ്റിയാവണം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതെന്നും ശശി അയ്യഞ്ചിറ കൂട്ടിച്ചേർത്തു.

Content Highlights: Sandra Thomas`s information rejection sparks contention successful Kerala Film Producers Association electio

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article