12 August 2025, 07:25 AM IST

സജി നന്ത്യാട്ട്, സാന്ദ്രാ തോമസ് | Photo: Screen grab/ Mathrubhumi News, Facebook/ Sandra Thomas
കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നിർമാതാവ് സജി നന്ത്യാട്ട് രാജിെവച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്നാണ് രാജി. താൻ ചേംബറിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാൻ ചിലർ വ്യാജ പരാതി നൽകിയെന്ന് സജി ആരോപിച്ചു. തനിക്കെതിരേ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നും സാന്ദ്രാ തോമസിനെ താൻ പിന്തുണച്ചത് എതിർപ്പിനു കാരണമായെന്നും സജി നന്ത്യാട്ട് പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളിൽ സജി നന്ത്യാട്ട് സാന്ദ്രാ തോമസിനെ പിന്തുണച്ചിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡൻറ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ സാന്ദ്രാ തോമസ് സമർപ്പിച്ച പത്രിക വരണാധികാരി തള്ളിയിരുന്നു. ചുരുങ്ങിയത് മൂന്ന് സിനിമകളെങ്കിലും നിർമിച്ചാൽ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. ഇതിൽ സജി പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ചില അംഗങ്ങൾക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു.
എറണാകുളത്ത് തിങ്കളാഴ്ച നടന്ന യോഗത്തിൽ സജി നൽകിയ രാജിക്കത്ത് നിർമാതാവ് ജി. സുരേഷ് കുമാർ അടക്കമുള്ളവർ ആദ്യം നിരസിച്ചിരുന്നു. എന്നാൽ, അവർ യോഗത്തിൽനിന്ന് പോയ ശേഷം തനിക്കെതിരേ വീണ്ടും ഗൂഢാലോചന നടന്നുവെന്ന് സജി പറയുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് സജി പത്രിക നൽകിയിട്ടുണ്ട്. കോടതിവിധി അനുകൂലമായി സാന്ദ്രാ തോമസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാൽ ട്രഷറർ സ്ഥാനത്തേക്കാകും സജി മത്സരിക്കുക.
Content Highlights: Saji Nanthiyattu resigns from Film Chamber`s General Secretary station citing disagreements
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·