സായി ധൻസികയുമായുള്ള വിവാഹം വൈകിയതെന്തുകൊണ്ട്? ചോദ്യത്തിന് മറുപടിയുമായി വിശാൽ

4 months ago 5

Vishal and Dhanshika

വിശാലും സായ് ധൻസികയും | ഫോട്ടോ: www.instagram.com/actorvishalofficial/

മിഴ്നടൻ വിശാൽ അടുത്തിടെ തൻ്റെ ജന്മദിനം ഒരു ഗംഭീര ചടങ്ങോടെയാണ് ആഘോഷിച്ചത്. അത് നടി സായ് ധൻസികയുമായുള്ള അദ്ദേഹത്തിൻ്റെ വിവാഹനിശ്ചയം കൂടിയായിരുന്നു. ധൻസികയുമായുള്ള വിവാഹം വൈകിയതെന്തുകൊണ്ടെന്നുള്ള താരത്തിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഓഗസ്റ്റ് 29-ന് വിവാഹിതരാകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ വിവാഹം മാറ്റിവയ്ക്കുകയായിരുന്നുവെന്നും വിശാൽ വെളിപ്പെടുത്തി.

തമിഴ് സിനിമാ താരസംഘടനയായ നടികർ സംഘത്തിന്റെ തിരഞ്ഞെടുപ്പ് സമയത്ത്, സംഘടനയ്ക്ക് ഒരു പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് വിശാൽ വാഗ്ദാനം ചെയ്തിരുന്നു. നടികർസംഘം കെട്ടിടം ഉദ്ഘാടനം കഴിയുന്നതുവരെ കാത്തിരിക്കണമെന്ന് താൻ ധൻസികയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വിശാൽ തമിഴ് മാധ്യമങ്ങളോട് പ്രതികരിച്ചു. അവർ അത് അം​ഗീകരിക്കുകയും ചെയ്തു. ഈ ഓഫീസിനായി തങ്ങൾ ഒമ്പത് വർഷം കാത്തിരുന്നു. ഇനി അത് പൂർത്തിയാകാൻ വെറും രണ്ട് മാസം കൂടി മതി. തുടക്കത്തിൽ തൻ്റെ ജന്മദിനത്തിൽ വിവാഹം കഴിക്കാൻ ഇരുവരും ആഗ്രഹിച്ചിരുന്നുവെന്നും വിശാൽ പറഞ്ഞു.

"ഞങ്ങളുടെ വിവാഹത്തിനായി ഞാൻ ഇതിനകം ഒരു ഓഡിറ്റോറിയം ബുക്ക് ചെയ്തിട്ടുണ്ട്. കെട്ടിടം ഉദ്ഘാടനം ചെയ്താലുടൻ ഞങ്ങൾ ഒരു തീയതി നിശ്ചയിക്കും. നടികർ സംഘത്തിന് സ്വന്തമായി കെട്ടിടമെന്നത് ഒരുപാട് നാളത്തെ കാത്തിരിപ്പാണ്. അതേസമയം, എൻ്റെ ജീവിതം പങ്കിടാൻ പറ്റിയ ശരിയായ പങ്കാളിയെ ഞാൻ ഒടുവിൽ കണ്ടെത്തുകയും ചെയ്തിരിക്കുന്നു." വിശാൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞമാസം 29-ന് നടന്ന വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ വിശാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് പരസ്പരം ചേര്‍ത്ത് പിടിച്ച് ഇരുവരും നില്‍ക്കുന്നതിന്റേയും പരസ്പരം വിരലുകളില്‍ മോതരം അണിയിക്കുന്നതിന്റേയും ചിത്രങ്ങളാണ് വിശാല്‍ പങ്കുവെച്ചത്. 'എന്റെ ജന്മദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് ആശംസകളും ആശീര്‍വാദങ്ങളും ചൊരിഞ്ഞ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. സായ് ധന്‍സികയ്‌ക്കൊപ്പം എന്റെ വിവാഹനിശ്ചയം ഇന്ന് നടന്നു എന്ന സന്തോഷവാര്‍ത്ത സന്തോഷപൂര്‍വം അറിയിക്കുന്നു. എല്ലാവരുടേയും അനുഗ്രഹം തേടുന്നു.' -ഇതാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിശാല്‍ കുറിച്ചത്.

തമിഴില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത അഭിനേത്രിയാണ് സായ് ധന്‍സിക. ബിജോയ് നമ്പ്യാര്‍ സംവിധാനംചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സോളോ'യിലൂടെ മലയാളത്തില്‍ നടി സാന്നിധ്യം അറിയിച്ചു. 'കബാലി'യില്‍ ധൻസിക അവതരിപ്പിച്ച രജനീകാന്തിന്റെ മകളുടെ വേഷം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

സായ് ധന്‍സിക പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'യോഗി ഡാ' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍- ഓഡിയോ ലോഞ്ചിലാണ് ഇരുവരും വിവാഹക്കാര്യം വെളിപ്പെടുത്തിയത്. വിശാല്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. 15 വര്‍ഷത്തോളമായി തങ്ങള്‍ സുഹൃത്തുക്കളാണെന്ന് സായ് ധന്‍സിക അന്ന് പറഞ്ഞിരുന്നു.

Content Highlights: Vishal gets engaged to Sai Dhansika, postponing wedding until Nadigar Sangam gathering completion

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article