സായ് സുദർശന്റെ പോരാട്ടം വിഫലം, ഗുജറാത്തിനെ തകർത്ത് മുംബൈ; രണ്ടാം ക്വാളിഫയറിൽ പഞ്ചാബിനെ നേരിടും

7 months ago 8

ഓൺലൈൻ ഡെസ്ക്

Published: May 30 , 2025 09:34 PM IST Updated: May 31, 2025 12:05 AM IST

2 minute Read

കുശാൽ മെൻഡിസ് ഹിറ്റ് വിക്കറ്റായി പുറത്താകുന്നു. (Photo by Shammi MEHRA / AFP)
കുശാൽ മെൻഡിസ് ഹിറ്റ് വിക്കറ്റായി പുറത്താകുന്നു. (Photo by Shammi MEHRA / AFP)

ചണ്ഡിഗഡ് ∙ ഹിറ്റ്മാൻ രോഹിത് ശർമയുടെ അർധസെഞ്ചറി പ്രകടനത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച ഗുജറാത്ത് ഓപ്പണർ സായ് സുദർശന്റെ പോരാട്ടം വിഫലം. ഗുജറാത്തിനെ 20 റൺസിന് തകർത്ത മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേഓഫിലെ രണ്ടാം ക്വാളിഫയറിൽ കടന്നു. ജൂൺ ഒന്നിന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ പഞ്ചാബിനെ നേരിടും. സ്കോർ: മുംബൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ്. ഗുജറാത്ത് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ്. 49 പന്തിൽ ഒരു സിക്സും 10 ഫോറുമുൾപ്പെടെ 80 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.

229 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് ഇന്നിങ്സിലെ നാലാം പന്തിൽ നായകൻ ശുഭ്മൻ ഗില്ലിനെ (ഒരു റൺ) നഷ്ടമായി. രണ്ടാം വിക്കറ്റിൽ സായ് സുദർശൻ – കുശാൽ മെൻഡിസ് കൂട്ടുകെട്ട് ഗുജറാത്തിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 34 പന്തിൽ 64 റൺസെടുത്തു. കുശാൽ മെൻഡിസ് 20 റൺസെടുത്തു പുറത്തായി. മൂന്നാം വിക്കറ്റിൽ സായ് സുദർശൻ – വാഷിങ്ടൻ സുന്ദർ കൂട്ടുകെട്ട് 44 പന്തിൽ 84 റൺസെടുത്തു. 24 പന്തിൽ 48 റൺസെടുത്താണ് വാഷിങ്ടൻ സുന്ദർ മടങ്ങിയത്.

ഗുജറാത്ത് വിജയത്തിലേക്ക് അടുക്കുന്നു എന്നു തോന്നിപ്പിച്ച ഘട്ടത്തിൽ മികച്ച ഫോമിലായിരുന്ന സായ് സുദർശനെ റിച്ചഡ് ഗ്ലീസൻ ബൗൾഡാക്കി. റൺ റേറ്റ് ഉയർന്നത് ഗുജറാത്ത് ബാറ്റർമാരെ സമ്മർദത്തിലാക്കി. 19 ാം ഓവറിൽ ഷെർഫെയ്ൻ റുഥർഫോർഡ് (15 പന്തിൽ 24 റൺസ്) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. അവസാന ഓവറിൽ ഷാറുഖ് ഖാനും (13 റൺസ്) മടങ്ങി. 16 റൺസുമായി രാഹുൽ തെവാത്തിയയും റണ്ണൊന്നുമെടുക്കാതെ റാഷിദ് ഖാനും പുറത്താകാതെ നിന്നു. മുംബൈയ്‌ക്കു വേണ്ടി ട്രെന്റ് ബോൾട്ട് രണ്ടും ജസ്പ്രീത് ബുമ്ര, റിച്ചഡ് ഗ്ലീസൻ, മിച്ചൽ സാന്റ്നർ, അശ്വനി കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.

സൂര്യകുമാർ യാദവ് (Photo by Shammi MEHRA / AFP)

സൂര്യകുമാർ യാദവ് (Photo by Shammi MEHRA / AFP)

നേരത്തെ, ഹിറ്റ്മാൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ മുൻനിര ബാറ്റർമാരുടെ മികവിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ നേടിയത്. 81 റൺസെടുത്ത രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്കോറർ. ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയ്‌ക്ക് മികച്ച തുടക്കമാണ് രോഹിത് ശർമ – ജോണി ബെയർസ്റ്റോ കൂട്ടുകെട്ട് നൽകിയത്. 44 പന്തിൽ 84 റൺസ് അടിച്ചുകൂട്ടി മികച്ച അടിത്തറ പാകിയ ശേഷമാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 22 പന്തിൽ 47 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് ആദ്യം പുറത്തായത്. പിന്നാലെ സൂര്യകുമാർ യാദവുമായി ചേർന്ന് 34 പന്തിൽ 59 റൺസ് കൂട്ടുകെട്ട് രോഹിത് ശർമ പടുത്തുയർത്തി. 20 പന്തിൽ 33 റൺസെടുത്താണ് സൂര്യകുമാർ യാദവ് മടങ്ങിയത്. തുടർന്ന് രോഹിത് ശർമ – തിലക് വർമ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 22 പന്തിൽ 43 റൺസ് നേടി.

ഗുജറാത്ത് ടൈറ്റൻസ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൽ നിന്ന്. (Photo by Shammi MEHRA / AFP)

ഗുജറാത്ത് ടൈറ്റൻസ് – മുംബൈ ഇന്ത്യൻസ് മത്സരത്തിൽ നിന്ന്. (Photo by Shammi MEHRA / AFP)

ടീം സ്കോർ 186ൽ എത്തിനിൽക്കെ, സെഞ്ചറിയിലേക്കു കുതിക്കുകയായിരുന്ന രോഹിത് ശർമ മടങ്ങി. 50 പന്തിൽ നാലു സിക്സും ഒൻപതു ഫോറുമുൾപ്പെടെയാണ് രോഹിത് 81 റൺസെടുത്തത്. പിന്നാലെ 11 പന്തിൽ 25 റൺസെടുത്ത് തിലക് വർമയും ഒൻപതു റൺസെടുത്ത് നമൻ ദിറും പുറത്തായി. ഒൻപതു പന്തിൽ 22 റൺസുമായി ഹാർദിക് പാണ്ഡ്യയും റണ്ണൊന്നുമെടുക്കാതെ മിച്ചൽ സാന്റ്നറും പുറത്താകാതെ നിന്നു. ഗുജറാത്തിനു വേണ്ടി സായ് കിഷോർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. 

English Summary:

Indian Premier League, Mumbai Indians vs Gujarat Titans Eliminator Match Updates

Read Entire Article