സാവിയും AIFF-ഉം തമ്മിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് റിപ്പോർട്ട്; 'പ്രശസ്തിക്ക് പേരുപയോഗിക്കുന്നു'

5 months ago 7

26 July 2025, 03:59 PM IST

xavi hernandez

സാവി ഹെർണാണ്ടസ് | AFP

ന്യൂഡല്‍ഹി: സ്പിയിനിന്റെയും ബാഴ്‌സലോണയുടെയും ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് റിപ്പോര്‍ട്ട്. സാവിയും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) തമ്മില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ലോകപ്രശസ്ത ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ പറഞ്ഞു.

എഐഎഫ്എഫ് പരിശീലകസ്ഥാനത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നതിനായി സാവിയുടെ പേര് ഇന്ത്യ മനഃപൂര്‍വം ഉപയോഗിക്കുകയായിരുന്നെന്നാണ് പ്രശസ്ത സ്പാനിഷ് പത്രപ്രവര്‍ത്തകനായ ഫെറാന്‍ കൊറിയാസ് പറയുന്നത്. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സാവി ഒരിക്കലും അപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ തറപ്പിച്ച് പറയുന്നു. പുതിയ പരിശീലകനുവേണ്ടിയുള്ള തിരച്ചിലില്‍, ഈ സ്ഥാനത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരിക്കണം എഐഎഫ്എഫ് സാവിയുടെ പേര് മനഃപൂര്‍വം ഉപയോഗിക്കുന്നതെന്നും ഫെറാന്‍ കൊറിയാസ് പറഞ്ഞു.

ഇന്ത്യന്‍ പരിശീലകനാവാന്‍ സാവി മെയില്‍ വഴി അപേക്ഷ അയച്ചിരുന്നെന്നും എന്നാല്‍ വന്‍തുക പ്രതിഫലം നല്‍കേണ്ടിവരുമെന്നതിനാല്‍ എഐഎഫ്എഫ് അപേക്ഷ പരിഗണിക്കാതിരിക്കുകയായിരുന്നെന്നുമാണ് നേരത്തേ വന്ന റിപ്പോര്‍ട്ട്. എഐഎഫ്എഫ് നാഷണല്‍ ടീം ഡയറക്ടര്‍ സുബ്രതാപാല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. സ്‌പെയിനിന്റെ 2010 ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ സാവി, ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ വിശ്വസ്ത മധ്യനിര താരമായിരുന്നു. കറ്റാലന്‍ ക്ലബിനായി എഴുന്നൂറിലേറെ മത്സരങ്ങള്‍ കളിച്ചു. മൂന്നുതവണ ചാമ്പ്യന്‍സ് ലീഗും അഞ്ചുതവണ ലാലിഗയും നേടി.

2021-24 കാലയളവില്‍ ബാഴ്‌സലോണയുടെ പരിശീലകനുമായി. 2023-ല്‍ ടീമിനെ ലാലിഗ കിരീടത്തിലേക്കും സ്പാനിഷ് സൂപ്പര്‍ കപ്പിലേക്കും നയിച്ചു. സ്പാനിഷ് കോച്ച് മനോളോ മാര്‍ക്വേസ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ പരിശീലകനെ കണ്ടെത്താന്‍ എഐഎഫ്എഫ് അപേക്ഷ ക്ഷണിച്ചത്.

Content Highlights: Xavi Hernandez and the Indian Football Team: A Case of Misinformation Report

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article