പി. പ്രജിത്ത്
13 April 2025, 02:59 PM IST
.jpg?%24p=9c7fd2c&f=16x10&w=852&q=0.8)
വിക്രത്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്
ചിയാൻ വിക്രം നായകനായ വീര ധീര ശൂരൻ പാർട്ട്-2 വിലൂടെ സുരാജ് വെഞ്ഞാറമൂട് തമിഴകത്തും ചുവടുറപ്പിക്കുന്നു. സുരാജ് അഭിനയിച്ച കഥാപാത്രവും സിനിമയുടെ പ്രചാരണാർഥം തമിഴ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളും കോളിവുഡിൽ വൈറലാണ്. അഭിനയത്തിൽ ഞെട്ടിച്ചും പൊതുവേദികളിൽ ചിരിപ്പിച്ചും പ്രേക്ഷകരെ െെകയിലെടുക്കുകയാണ് താരം. ഹിറ്റ് ചിത്രം ചിത്തയ്ക്കുശേഷം എസ്.യു. അരുൺകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത വീര ധീര ശൂരൻ തീപാറുന്ന സംഘട്ടനങ്ങളാലും വൈകാരിക രംഗങ്ങൾകൊണ്ടും കുതിക്കുകയാണ്. മധുരവീരനായി വിക്രം നിറഞ്ഞാടിയ സിനിമയിൽ ഗാങ്‌സ്റ്റർ കണ്ണനായാണ് സുരാജ് എത്തിയത്. കഥാപാത്രത്തിന് സുരാജ് തന്നെയാണ് ശബ്ദം നൽകിയത്. വിക്രം, സുരാജ്, എസ്.ജെ. സൂര്യ എന്നിവർ മത്സരിച്ചഭിനയിച്ച സിനിമയുടെ രണ്ടാംഭാഗമാണ് ആദ്യം പ്രദർശനത്തിനെത്തിയത്. സിനിമകണ്ടിറങ്ങുന്നവരുടെ മനസ്സിൽ നിറയുന്ന ചോദ്യങ്ങൾക്കും പ്രേക്ഷകരെ വേട്ടയാടുന്ന ദുരൂഹതകൾക്കുമുള്ള ഉത്തരം ഇനി വരാനിരിക്കുന്ന ആദ്യഭാഗത്തിൽ കാണാം.
തമിഴകത്തെ അരങ്ങേറ്റം ഗംഭീരമാക്കിയതിന്റെ ആഹ്ലാദത്തിലാണ് സുരാജ് വെഞ്ഞാറമൂട്. ‘‘തമിഴ് സിനിമയിലേക്കുള്ള ക്ഷണം മുൻപുതന്നെ ലഭിച്ചിരുന്നു. എന്നാൽ, ഭാഷ പ്രശ്നമാകുമോയെന്ന ഭയമാണ് ഇത്രകാലവും പിന്നോട്ടുവലിച്ചിരുന്നത്. ചിത്ത സിനിമ കണ്ടതുമുതൽ സംവിധായകൻ അരുൺകുമാറിനെ പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയിലേക്കൊരു ക്ഷണം വന്നപ്പോൾ കൂടുതലായി ഒന്നും ആലോചിച്ചില്ല. കൊച്ചിയിൽ മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ വന്നാണ് അരുൺകുമാർ കഥപറഞ്ഞത്. കഥകേട്ടപ്പോൾ കാര്യമായൊന്നും മനസ്സിലായില്ല. ഈ വേഷം അവതരിപ്പിക്കാൻ ഞാൻ ഓക്കെയാണെന്ന് അരുണിന് തോന്നുന്നുണ്ടോ എന്നാണ് തിരിച്ചു ചോദിച്ചത്. ഓക്കെയാണെന്ന് പറഞ്ഞതോടെ ഞാൻ കൈകൊടുത്തു. യഥാർഥസംഭവങ്ങളിൽനിന്ന്് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയിലെ പലരംഗങ്ങളും ഒരുക്കിയിരിക്കുന്നത്.പതിനാറ് മിനിറ്റ് ദൈർഘ്യമുള്ള സിംഗിൾ ഷോട്ടാണ് സിനിമയുടെ മറ്റൊരു ഹൈെെലറ്റ്. വിക്രമും സുരാജും ഒന്നിച്ചഭിനയിച്ച ഈ രംഗം നാലു ദിവസത്തെ പരിശീലനത്തിനുശേഷമാണ് പകർത്തിയത്.അഭിനയിക്കാനെത്തിയ ആദ്യദിവസം വളരെ ചെറിയ സംഭാഷണങ്ങൾമാത്രമുള്ള രംഗങ്ങളാണ് ലഭിച്ചത്. കാര്യങ്ങൾ എളുപ്പമാണെന്നും ഭാഷ വില്ലനാകുമെന്ന് വെറുതേ പേടിച്ചല്ലോ എന്നെല്ലാം ഓർത്ത് ചിരിച്ചുകൊണ്ടാണ് അടുത്തദിവസം ലൊക്കേഷനിലേക്കെത്തിയത്. രണ്ടാംദിവസം കാര്യങ്ങൾ അടപടലം മാറി, തിരക്കഥയുടെ വലിയൊരു പേപ്പർക്കെട്ടുമായാണ് സംവിധായകൻ എത്തിയത്. പത്തിരുപത് പേജ് തന്ന് വായിച്ചുനോക്കാൻ പറഞ്ഞു. തിരക്കഥയിലൂടെ കണ്ണോടിച്ചപ്പോൾ അവിടെനിന്നിറങ്ങി ഓടിയാലോ എന്ന് തോന്നിപ്പോയി. തിരക്കഥ വായിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി അരുൺകുമാർ അടുത്തുവന്ന് എല്ലാം ഓക്കെയല്ലേ എന്നന്വേഷിച്ചശേഷം ഇത് സിംഗിൾ ഷോട്ടിലാണ് ചിത്രീകരിക്കാൻ പോകുന്നതെന്ന് പറഞ്ഞു. എന്റെ കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ തോന്നി. അഭിനയസാധ്യതയുള്ള വേഷം അവതരിപ്പിക്കാൻ ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും നെടുങ്കൻ സംഭാഷണങ്ങൾ തമിഴിൽ ഓർത്ത് പറയുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും രാത്രിയിലായിരുന്നു ചിത്രീകരിച്ചത്. പകൽ ഡയലോഗ് പഠിത്തവും രാത്രി അഭിനയവും വിക്രംസാർ ഉൾപ്പെടെയുള്ളവർ നൽകിയ പിന്തുണയിലാണ് ഞാൻ മുന്നോട്ടുപോയത് -സുരാജ് ചിത്രീകരണ ഓർമ്മകൾ വിവരിച്ചു. വീര ധീര ശൂരനിലൂടെ വലിയൊരു വരവേൽപ്പാണ് തമിഴകത്തേക്ക് ലഭിച്ചതെന്നും തമിഴിൽനിന്നു വരുന്ന മികച്ച വേഷങ്ങൾ വിട്ടുകളയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധുരയിലെ ഒരു തിരുവിഴ(ക്ഷേത്രോത്സവം)രാത്രിയിൽ ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വീര ധീര ശൂരൻ പറയുന്നത്. നാട്ടിലെ പെരിയവരായ രവി, അയാളുടെ മകൻ കണ്ണൻ എന്നിവരിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. രവിയെയും കണ്ണനെയും നാട്ടുത്സവനാളിൽ ഇല്ലാതാക്കാൻ എസ്. പി. അരുണഗിരി പദ്ധതിയിടുന്നു. അതിനിടയിലേക്കാണ് കാളിയുടെ വരവ്. എസ്.പി. ആരുണഗിരിയായി എസ്.ജെ. സൂര്യയും കാളിയായി വിക്രമും എത്തുന്നു. പേരൻപ്, പുഴു, നൻപകൽ നേരത്ത് മയക്കം എന്നീസിനിമകൾക്ക് ക്യാമറചലിപ്പിച്ച തേനി ഈശ്വറാണ് വീര ധീര ശൂരന്റെ ഛായാഗ്രഹണം. എച്ച്ആർ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബു നിർമിച്ച സിനിമയുടെ സംഗീതം ജി.വി. പ്രകാശ്കുമാറിന്റേതാണ്.
Content Highlights: Suraj Venjaramoodu`as impactful relation successful Vikram's Veera Dheera Sooran Part 2
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·