സിക്സടിച്ച് ഫിഫ്റ്റിയും അടുത്ത പന്തിൽ ഡബിളും, പിന്നാലെ അസ്വസ്ഥത; ഹൃദയമിടിപ്പ് നോക്കാമോയെന്ന് സഞ്ജുവിനോട് കോലി– വിഡിയോ

9 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 14 , 2025 10:45 AM IST

1 minute Read

മത്സരത്തിനിടെ വിരാട് കോലിയുടെ ഹൃദയമിടിപ്പു പരിശോധിക്കുന്ന സഞ്ജു സാംസൺ (എക്സിൽ നിന്നുള്ള ദൃശ്യം)
മത്സരത്തിനിടെ വിരാട് കോലിയുടെ ഹൃദയമിടിപ്പു പരിശോധിക്കുന്ന സഞ്ജു സാംസൺ (എക്സിൽ നിന്നുള്ള ദൃശ്യം)

ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സഞ്ജു സാംസണിനോട് തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ആർസിബി താരം വിരാട് കോലി. മത്സരത്തിൽ വാനിന്ദു ഹസരംഗയ്‌ക്കെതിരെ സിക്സടിച്ച് അർധസെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ കോലി ഡബിൾ ഓടിയിരുന്നു. ഇതോടെയാണ് വിക്കറ്റിനു പിന്നിലുണ്ടായിരുന്ന രാജസ്ഥാൻ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനോട് ഹൃദയമിടിപ്പ് പരിശോധിക്കാൻ കോലി ആവശ്യപ്പെട്ടത്. ഉടൻതന്നെ കയ്യിലെ ഗ്ലൗസ് അഴിച്ചുമാറ്റി സഞ്ജു കോലിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഫിൽ സോൾട്ടും വിരാട് കോലിയും അർധസെഞ്ചറികളുമായി തിളങ്ങിയതോടെ 15 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി ആർസിബി വിജയത്തിലെത്തിയിരുന്നു. സോൾട്ട് 65 റൺസെടുത്ത് പുറത്തായപ്പോൾ കോലി 62 റൺസോടെയും ദേവ്ദത്ത് പടിക്കൽ 40 റൺസോടെയും പുറത്താകാതെ നിന്നു.

മത്സരത്തിൽ വാനിന്ദു ഹസരംഗ എറിഞ്ഞ 15–ാം ഓവറിലെ മൂന്നാം പന്തിൽ സിക്സറിലൂടെയാണ് കോലി അർധസെഞ്ചറി പൂർത്തിയാക്കിയത്. ഇതോടെ ട്വന്റി20 ചരിത്രത്തിൽ ഓസീസ് താരം ഡേവിഡ് വാർണറിനു ശേഷം 100 അർധസെഞ്ചറികൾ പൂർത്തിയാക്കുന്ന ആദ്യ താരമായി കോലി മാറിയിരുന്നു. തൊട്ടടുത്ത പന്തിൽ ഡബിൾ ഓടിയതിനു പിന്നാലെയാണ്, ഹ‍ൃദയമിടിപ്പു നോക്കാമോയെന്ന് കോലി സഞ്ജുവിനോട് ആവശ്യപ്പെട്ടത്. ഉടൻതന്നെ കോലിയുടെ ഹൃദയമിടിപ്പ് പരിശോധിച്ച സഞ്ജു, പ്രശ്നമില്ലെന്ന് വ്യക്തമാക്കി. ഈ ഓവർ പൂർത്തിയായതോടെ ആർസിബി സ്ട്രാറ്റജിക് ടൈം ഔട്ട് ആവശ്യപ്പെടുകയും ചെയ്തു.

മത്സരത്തിൽ നാലു ഫോറും രണ്ടു സിക്സും നേടിയ കോലി, 24 സിംഗിളുകളും മൂന്ന് ഡബിളുകളും ഓടിയിരുന്നു. പൊതുവെ സ്ട്രൈക്ക് കൈമാറുന്നതിൽ അഗ്രഗണ്യനായ കോലി, ആ ശൈലി പിന്തുടർന്നാണ് രാജസ്ഥാനെതിരെയും അർധസെഞ്ചറിയുമായി ടീമിനെ വിജയത്തിലെത്തിച്ചത്.

ക്രിക്കറ്റ് താരങ്ങളിൽവച്ച് കായികക്ഷമതയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന കോലി, മത്സരത്തിനിടെ ഇത്തരത്തിൽ ഹൃദയമിടിപ്പ് പരിശോധിക്കാൻ സഞ്ജുവിനോട് ആവശ്യപ്പെട്ടത് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധകവൃത്തങ്ങളിൽ വലിയ ചർച്ചകൾക്കും ഇതു വഴിവച്ചു. അതേസമയം, മത്സരത്തിനിടെ കോലിക്കുണ്ടായ അസ്വസ്ഥതയുടെ കാരണമോ പിന്നീട് സംഭവിച്ച കാര്യങ്ങളോ വ്യക്തമല്ല.

English Summary:

Virat Kohli asks Sanju Samson to cheque his 'heartbeat' mid-match, leaves fans concerned

Read Entire Article