സിഡ്‌നി ടെസ്റ്റും ചാമ്പ്യന്‍സ് ട്രോഫിയും കടന്നു; ഇപ്പോഴിതാ ഇംഗ്ലണ്ടിലും ഇന്ത്യയെ നയിക്കാന്‍ രോഹിത്

10 months ago 9

സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച വലിയ അഭ്യൂഹങ്ങളിലൊന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയും പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പര കൈവിട്ടതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതും ഒപ്പം സമീപകാല ടെസ്റ്റ് മത്സരങ്ങളിലെല്ലാം ബാറ്റിങ്ങില്‍ പരാജയപ്പെട്ടതും കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും താരത്തിന്റെ ടീമിലെ സ്ഥാനത്തിനു പോലും ഭീഷണിയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയം ഏറ്റവുമധികം ആശ്വാസം നല്‍കിയിരിക്കുന്നത് രോഹിത്തിനാണ്. ടീമിനെ കിരീടത്തിലേക്കു നയിച്ചതോടെ ഇംഗ്ലണ്ടിനെതിരേ ജൂണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും രോഹിത് തന്നെ ടീം ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ ഒരു മാസം മുമ്പ് ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിക്കിടെ ഉയര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍ പദവിയുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങള്‍ അവസാനിച്ചുവെന്നു പറയാം. ആഴ്ചകള്‍ക്കു മുമ്പുവരെ ഭാവിയുടെ കാര്യത്തില്‍ രോഹിത് തീരുമാനം എടുക്കണമെന്നു പറഞ്ഞ 'വലിയ ആളുകള്‍' എപ്പോഴായിരിക്കും അവരുടെ തീരുമാനം മാറ്റിയിട്ടുണ്ടാകുക. പഴയ രോഹിത്തിനെ പോലെ ക്രീസില്‍ കിവീസ് ബൗളര്‍മാരെ അടിച്ചുപറത്തിയപ്പോഴോ, അതോ കഴിഞ്ഞ രണ്ട് ഐസിസി ടൂര്‍ണമെന്റുകളിലേതിന് സമാനമായി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് ടീമിനെ കിരീടത്തിലെത്തിച്ചപ്പോഴോ.

ഓപ്പണിങ്ങിന്റെ കാര്യമെടുത്താല്‍ ഇന്ത്യയ്ക്ക് മൂന്ന് ഫോര്‍മാറ്റിലും രോഹിത്തിന് പകരം ആള്‍ക്കാരുണ്ട്. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, കെ.എല്‍ രാഹുല്‍ എന്നിങ്ങനെ പോകുന്നു ആ പട്ടിക. പക്ഷേ കളിക്കളത്തിലെ തന്ത്രങ്ങളുടെ കാര്യത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത്തിന് പകരംവെയ്ക്കാന്‍ പോന്ന ഒരാളെ കണ്ടു പിടിക്കാന്‍ ഇതുവരെ ടീം മാനേജ്‌മെന്റിനോ സെലക്ഷന്‍ കമ്മിറ്റിക്കോ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

ടി20-യില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. ഏകദിനത്തില്‍ രോഹിത്തിന് പകരം ഗില്ലോ അതോ ഹാര്‍ദിക് പാണ്ഡ്യയോ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റില്‍ ബുംറയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നെങ്കിലും താരത്തിന് നിരന്തരം ഏല്‍ക്കുന്ന പരിക്ക് ഇക്കാര്യത്തില്‍ തിരിച്ചടിയാണ്. ഇവിടെയാണ് രോഹിത്തില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ ബോര്‍ഡ് തയ്യാറാകുന്നത്. ഇംഗ്ലണ്ട് പരമ്പര പോലുള്ള വലിയൊരു വെല്ലുവിളി മുന്നില്‍ നില്‍ക്കേ ക്യാപ്റ്റന്‍ സ്ഥാനത്ത് ഒരു പരീക്ഷണത്തിന് മുതിരാന്‍ ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും മടിക്കുന്നു എന്നതാണ് ഇതിലൂടെ വായിച്ചെടുക്കേണ്ടത്.

ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളും മികച്ച തന്ത്രജ്ഞനുമായ എം.എസ് ധോനിക്കു പോലും ഇംഗ്ലണ്ട് മണ്ണ് കീറാമുട്ടിയായിരുന്നു. ഇംഗ്ലണ്ടില്‍ ധോനി നയിച്ച 15 ടെസ്റ്റില്‍ 13-ലും ഇന്ത്യ തോറ്റിട്ടുണ്ട്. ബൗളര്‍മാരെയും ബാറ്റര്‍മാരെയും കൃത്യമായി മാനേജ് ചെയ്യുന്ന രോഹിത്തിന്റെ രീതിക്കൊപ്പമാണ് ടീം മാനേജ്‌മെന്റ് എന്നും പുതിയ തീരുമാനത്തിലൂടെ വ്യക്തമാകുന്നു.

എന്നിരുന്നാലും രോഹിത് ഇനി എത്രകാലം കൂടി ക്യാപ്റ്റനായി തുടരുമെന്നതും സംശയമാണ്. ചാമ്പ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം മാധ്യമങ്ങളെ കാണവെ താന്‍ വിരമിക്കുന്നില്ലെന്ന് രോഹിത് വ്യക്തമാക്കിയരുന്നു. എന്നാല്‍ 2027 ലോകകപ്പിനു മുമ്പ് പുതിയ സ്ഥിരം ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിലാണ് ടീം മാനേജ്‌മെന്റ്. ഇതിനിടെ 2027 ലോകകപ്പിലും ഇന്ത്യയെ രോഹിത് തന്നെ നയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നായകസ്ഥാനത്തുനിന്നുള്ള മാറ്റം സംബന്ധിച്ച് ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കു പിന്നാലെ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തി ചര്‍ച്ച നടന്നിരുന്നു. ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ഇതുമായി ബന്ധപ്പെട്ട നിലപാട് ബിസിസിഐയെ അറിയിച്ചിരുന്നു. രോഹിത് ശര്‍മ തന്നെ കാര്യം ബോര്‍ഡിനെ അറിയിച്ചിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കു ശേഷം ടീം ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റന്‍ വരുമെന്നും രോഹിത് കളിക്കാരനായി മാത്രം ടീമില്‍ തുടരാന്‍ സമ്മതിച്ചെന്നുമായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അന്ന് സ്വീകരിച്ച നിലപാടില്‍ നിന്ന് മേല്‍പറഞ്ഞ എല്ലാവരും തന്നെ പിന്നാക്കം പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

Content Highlights: Despite caller speculation, Rohit Sharma volition skipper India successful the upcoming England Test series

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article