
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ലൊക്കേഷനുകളിൽ ലഹരിയുപയോഗം വ്യാപകമാകുന്നുവെന്ന് സിനിമാ രംഗത്തുനിന്നുതന്നെ ആരോപണമുയരുമ്പോഴും പരിശോധനയ്ക്ക് അന്വേഷണസംഘങ്ങൾക്ക് മടി. സെറ്റുകളിൽ ഷാഡോ പോലീസ് നിരീക്ഷണവും മിന്നൽപരിശോധനയും നടത്തുമെന്ന് നാളുകളായി പോലീസ് പറയുന്നുണ്ട്. പ്രത്യേകനിരീക്ഷണം നടത്തുമെന്ന് എക്സൈസും നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.
സെറ്റുകളിലെ സാങ്കേതിക പ്രവർത്തകർക്ക് രജിസ്‌ടേഷൻ ഉൾപ്പെടെയുള്ള സംവിധാനമേർപ്പെടുത്താൻ മൂന്നുവർഷംമുൻപ് കൊച്ചി സിറ്റി പോലീസ് ശ്രമം തുടങ്ങിയിരുന്നു. ചിലർ ലഹരി എത്തിക്കുന്നത് തടയുന്നതിനും അപരിചിതർ സെറ്റുകളിലെത്തുന്നത് കണ്ടെത്താനുമായിരുന്നു ഈ ശ്രമം. അതും എങ്ങുമെത്തിയില്ല. എന്നാൽ, സിനിമാ മേഖലയിൽ നിരീക്ഷണം ശക്തമാണെന്നാണ് പോലീസ് ഭാഷ്യം. സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ ജാഗ്രതാസമിതിയെ നിയോഗിക്കാനുള്ള നീക്കം ഫെഫ്ക തുടങ്ങിയിട്ടുണ്ട്.
ഫ്ലാറ്റുകളിൽ ‘പൊടിപൊടിക്കുന്ന’ സിനിമാ ചർച്ചകൾ
സിനിമ ചർച്ചകളുടെ പേരിൽ നഗരങ്ങളിലെ ചില ഫ്ലാറ്റുകളിൽ ലഹരി ഉപയോഗിക്കുന്ന പതിവ് തുടരുന്നു. വാടക ഫ്ലാറ്റുകളിൽ ആരൊക്കെ വന്നുപോകുന്നുവെന്ന് പലപ്പോഴും അസോസിയേഷൻ ഭാരവാഹികളും അറിയുന്നില്ല.
അർധരാത്രിയിലും മറ്റുമുള്ള പോലീസ്- എക്സൈസ് പരിശോധനകൾ ഫ്ലാറ്റിലെ മറ്റ് താമസക്കാരെയും ബാധിക്കുന്നുണ്ട്. കുറ്റകൃത്യങ്ങൾ തടയാൻ ഫ്ലാറ്റുകളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പുറത്തുനിന്ന് എത്തുന്നവരെ നിരീക്ഷിക്കാനും രജിസ്റ്റർ സൂക്ഷിക്കാനും സിസിടിവി സ്ഥാപിക്കാനും പോലീസ് നിർദേശമുണ്ട്.
‘അസോസിയേഷനുകൾക്ക് അധികാരം നൽകണം’
ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിപ്പാർട്ടികളിൽ ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷന് കാര്യമായൊന്നും ചെയ്യാൻ ഇപ്പോൾ കഴിയുന്നില്ല. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തവയാണ് അസോസിയേഷനുകൾ. അപ്പാർട്ട്‌മെന്റ് ഓണർഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താൽ മാത്രമേ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ സാധിക്കൂ. ഇക്കാര്യത്തിൽ ഇടപെടേണ്ടത് സർക്കാരാണ്. അസോസിയേഷനുകൾക്ക് കൂടുതൽ അധികാരം നൽകേണ്ടതുണ്ട്.
അഡ്വ. തോമസ് പുതുശ്ശേരി(ഫ്ലാറ്റുടമ, ഹൈക്കോടതി അഭിഭാഷകൻ)
സെറ്റുകളിൽ നിരീക്ഷണം കൂട്ടണം
ലൊക്കേഷനിൽ ലഹരിയുപയോഗത്തിനെതിരേ പോലീസ്-എക്സൈസ് നിരീക്ഷണവും പരിശോധനയും കൂട്ടേണ്ടതുണ്ട്. ലഹരി ഉപയോഗിച്ചാലേ സിനിമാ ടീമിന്റെ ഭാഗമാകൂവെന്ന നിലപാട് ഇപ്പോൾ വന്നു. പോലീസ് വിചാരിച്ചാൽമാത്രം ഇൗ സ്ഥിതി മാറ്റിയെടുക്കാനാവില്ല. സിനിമാ സംഘടനകളും സഹകരിക്കേണ്ടതുണ്ട്. പോലീസ് പരിശോധന ശക്തമാക്കാൻ സർക്കാരും മുൻകൈയെടുക്കണം.
സാന്ദ്ര തോമസ്, (സിനിമാ നിർമാതാവ്)
Content Highlights: Drug usage rampant successful Kochi movie sets & apartments contempt constabulary promises of accrued surveillance
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·