17 August 2025, 03:45 PM IST

ലിസ്റ്റിൻ സ്റ്റീഫൻ | Photo: Screen grab/ Mathrubhumi News
കൊച്ചി: മാസംതോറുമുള്ള ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് എന്തുകൊണ്ട് സിനിമാ നിര്‍മാതാക്കളുടെ സംഘടന നിര്‍ത്തി എന്ന ചോദ്യത്തിന് മറുപടിയുമായി നിയുക്ത സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫന്‍. കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതില്‍ ചില നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് ലിസ്റ്റിന്‍ പറഞ്ഞു. അതിനാലാണ് കഴിഞ്ഞ കമ്മിറ്റി തന്നെ അത് അവസാനിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ലിസ്റ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍ച്ച് മുതല്‍ തന്നെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് അവസാനിപ്പിച്ചിരുന്നുവെന്ന് ലിസ്റ്റിന്‍ പറഞ്ഞു. 'കുറേ ആളുകള്‍ക്ക് അത് താത്പര്യമുണ്ട്, കുറേപ്പേര്‍ക്ക് താത്പര്യക്കുറവുണ്ട്. കമ്മിറ്റിക്ക് പുറത്തുള്ളവരും അത് വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ ചോദ്യം വന്നപ്പോള്‍ അത് നിര്‍ത്തി', ലിസ്റ്റിന്‍ വ്യക്തമാക്കി.
'നിര്‍മാതാവിന് വ്യക്തിപരമായി നടക്കുന്ന ബിസിനസുകളെക്കുറിച്ച് പറഞ്ഞിട്ടില്ല. തീയേറ്റര്‍ കണക്കുകള്‍ മാത്രമാണ് പറഞ്ഞത്. മുഴുവന്‍ കളക്ഷന്‍ എന്തുകൊണ്ട് പറയുന്നില്ല എന്നൊക്കെ ചോദ്യം വന്നിരുന്നു. ചില നിര്‍മാതാക്കള്‍ എത്ര വന്നെന്ന് പറയണമെന്നില്ല. താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കേണ്ടല്ലോ എന്ന് കരുതിയാണ് നിര്‍ത്തിയത്. ബിസിനസിനെ ബാധിക്കുന്നുണ്ടെന്ന് ചില നിര്‍മാതാക്കള്‍ പറഞ്ഞു. ബിസിനസ് നടക്കാത്ത സിനിമകളുടെ കളക്ഷന്‍ പുറത്തുവരുമ്പോള്‍ കുറച്ചുബുദ്ധിമുട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ത്തിയത്', അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ആന്റോ ജോസഫ് പ്രസിഡന്റും ബി. രാകേഷ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് സിനിമകള്‍ കേരളത്തിലെ തീയേറ്ററുകളില്‍നിന്ന് നേടുന്ന കളക്ഷന്റെ കണക്കുകള്‍ പുറത്തുവിടാന്‍ തീരുമാനിച്ചത്. ഇതിനെതിരേ പല നിര്‍മാതാക്കളും രംഗത്തെത്തിയിരുന്നു. ഇങ്ങനെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചെറിയ സിനിമകളുടെ ഒടിടി- സാറ്റ്‌ലൈറ്റ് അവകാശങ്ങളുടെ വില്‍പ്പനയെ ബാധിക്കുന്നുവെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തീരുമാനിച്ച കമ്മിറ്റിയില്‍ ട്രഷറര്‍ ആയിരുന്നു ലിസ്റ്റിന്‍. പുതിയ കമ്മിറ്റിയില്‍ പ്രസിഡന്റാണ് രാകേഷ്.
Content Highlights: Why stopped releasing postulation report?; Listin Stephan answers
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·