സിനിമയാണ് ഏക വരുമാനമാർ​ഗം, സ്ഥിരവരുമാനം ഉണ്ടായിരുന്നെങ്കിൽ അഭിനയിക്കുമായിരുന്നില്ല- പവൻ കല്യാൺ

6 months ago 6

pawan-kalyan-nidhi-agarwal

പവൻ കല്യാൺ 'ഹരി ഹര വീര മല്ലു' ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ. പിന്നിൽ ചിത്രത്തിലെ നായിക നിധി അഗർവാൾ | ഫോട്ടോ: എഎഫ്പി

രാഷ്ട്രീയ ജീവിതവും സിനിമാ ജീവിതവും ഒന്നിച്ചുകൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടുകളേക്കുറിച്ച് മനസ്സുതുറന്ന് തെലുങ്ക് സൂപ്പര്‍താരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍. സിനിമയില്‍ എത്തുന്നതിന് മുമ്പും തനിക്ക് ഏറ്റവും താത്പര്യമുണ്ടായിരുന്ന മേഖല പൊതുപ്രവര്‍ത്തനമായിരുന്നുവെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു. കുട്ടിക്കാലം മുതലേ താന്‍ സാമൂഹികബോധമുള്ള വ്യക്തിയായിരുന്നുവെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പവന്‍ കല്യാണ്‍ വ്യക്തമാക്കി.

'സിനിമയും രാഷ്ട്രീയവും ഒരുമിച്ചുകൊണ്ടുപോവുന്നത് വളരേ പ്രയാസമുള്ള കാര്യമാണ്. രാഷ്ട്രീയ എതിരാളികളുമായി പോരടിക്കുന്നു, പൊതുനയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പെട്ടെന്ന് ഒരുദിവസം സിനിമയിലേക്ക് തിരികെപ്പോയി നൃത്തം ചെയ്യുകയോ നാടകീയമായ സംഭാഷണങ്ങള്‍ പറയുകയോ ചെയ്യുന്നു. അവിടെയാണ് ഞാന്‍ ശരിക്കും ബുദ്ധിമുട്ടുന്നത്', പവന്‍ കല്യാണ്‍ പറഞ്ഞു.

'അഭിനയം പണ്ടേ നിര്‍ത്തേണ്ടതായിരുന്നോ എന്ന് ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍, എന്റെ ഏകവരുമാനമാര്‍ഗം സിനിമയാണ്. അതിനാല്‍ അഭിനയം തുടരേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു', പവന്‍ കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.

'എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം രാജ്യസേവനമാണ്. എനിക്ക് ആവശ്യത്തിന് പണവും സ്ഥിരവരുമാനവുമുണ്ടായിരുന്നെങ്കില്‍ ഞാന്‍ സിനിമ ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമാണ്'- പവന്‍ കല്യാണ്‍ വ്യക്തമാക്കി.

'ഹരി ഹര വീര മല്ലു' ആണ് പവന്‍ കല്യാണിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നിധി അഗര്‍വാള്‍, ബോബി ഡിയോള്‍, സത്യരാജ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കീരവാണിയുടേതാണ് സംഗീതം. ജൂലൈ 24-ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Content Highlights: Pawan Kalyan opens up astir the challenges of juggling his governmental and movie careers

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article