മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മമിത ബൈജു ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ യുവ നായികമാരിൽ ഒരാളാണ്. വിജയ്‌ക്കൊപ്പം അഭിനയിച്ച ജന നായകൻ വിജയത്തിന് പിന്നാലെ, സൂര്യയ്‌ക്കൊപ്പമുള്ള വിശ്വനാഥ് ആൻഡ് സൺസ് റിലീസായിരിക്കുകയാണ്. ഈ ഓണത്തിന് ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും മമിത തിരിച്ചെത്തുന്നുണ്ട്.
സിനിമയിൽ യാതൊരു ബന്ധങ്ങളുമില്ലാതെയാണ് താൻ എത്തിയതെന്നും അതുകൊണ്ടുതന്നെ വീട്ടുകാർക്ക് തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നുവെന്നും മമിത ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു.
“ഞാൻ സിനിമയിലേക്കാണെന്ന് മനസിലായപ്പോൾ അച്ഛനും അമ്മയ്ക്കും ചില ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ അത് അവർ പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല. അവർക്കൊന്നും പരിചയമില്ലാത്ത ഒരു മേഖലയിലേക്കാണ് ഞാൻ പോകുന്നത്. ആരെയും അറിയില്ല, എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ‘ഇവൾ എങ്ങോട്ടാണ് പോകുന്നത്, എന്താണ് ഭാവി’ എന്നൊക്കെയുള്ള ചർച്ചകൾ കുടുംബത്തിൽ നടന്നിരുന്നുവെന്ന് പിന്നീട് അറിഞ്ഞു,” മമിത പറഞ്ഞു.
കരിയറിന്റെ തുടക്കകാലം ജീവിതത്തിലെ ഏറ്റവും രസകരവും ഓർമിക്കപ്പെടുന്നതുമായ ഘട്ടമായിരുന്നുവെന്നും മമിത പറഞ്ഞു.
“ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന കാലം വളരെ പ്രത്യേകമായിരുന്നു. ആ യാത്ര എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു. അറ്റം കാണാനാകാത്ത ഒരു തുരങ്കത്തിലൂടെ നടക്കുന്നതുപോലെയായിരുന്നു അത്. ഒരുപാട് സംശയങ്ങളും അനിശ്ചിതത്വങ്ങളും ഉണ്ടായിരുന്നെങ്കിലും മുന്നിൽ ഒരു വെളിച്ചമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് മുന്നോട്ട് പോയത്,” താരം പറഞ്ഞു.
ഇപ്പോഴത്തെ വിജയഘട്ടത്തേക്കാൾ പോലും ഭാവിയിൽ അഭിമാനത്തോടെ ഓർത്തുപറയാൻ കഴിയുന്ന കാലഘട്ടം അതായിരുന്നുവെന്നും മമിത കൂട്ടിച്ചേർത്തു. “ഒരുപക്ഷേ എന്റെ ജീവിതത്തിൽ ഏറ്റവും അഭിമാനത്തോടെ ഓർക്കുന്ന സമയങ്ങളിൽ ഒന്നാണ് ആ തുടക്കകാലം,” എന്നാണ് മമിതയുടെ വാക്കുകൾ.
1 month ago
6




English (US) ·