അഭിനയജീവിതത്തില്‍ 50 പൂര്‍ത്തിയാക്കുന്ന വേളയിലാണ് വിജയരാഘവന്‍ 'പൂക്കാലം' സിനിമയ്ക്കു വേണ്ടി മുഖത്ത് ചായമിടുന്നത്. വിസ്മയിപ്പിക്കുന്നതായിരുന്നു നൂറുവയസ്സുകാരനായുള്ള ആ പകര്‍ന്നാട്ടം. അഭിനയജീവിതത്തില്‍ വല്ലപ്പോഴും മാത്രം ലഭിക്കുന്ന ഭാഗ്യങ്ങളാണ് ഇത്തരം വേഷങ്ങളെന്ന് വിജയരാഘവന്‍ പറഞ്ഞു.
'ഏറെ സന്തോഷത്തോടെയാണ് 'പൂക്കാലം' സിനിമയിലെ അപ്പൂപ്പന്‍ വേഷം സ്വീകരിച്ചത്. സംവിധായകന്‍ ഗണേഷ് രാജും നിര്‍മാതാവ് വിനോദ് ഷൊര്‍ണ്ണൂരും ചേര്‍ന്നാണ് കഥ പറഞ്ഞത്. കഥ ഇഷ്ടമായെന്നറിയച്ചപ്പോള്‍, കുട്ടേട്ടന്‍ (വിജയരാഘവന്‍) ഓക്കെയാണെങ്കില്‍ നമുക്ക് മുന്നോട്ടുപോകാം എന്നാണവര്‍ പറഞ്ഞത്. അപ്പൂപ്പനായി അവരുടെ മനസ്സില്‍ ഞാനാണുള്ളതെന്ന അറിവ് എനിക്കാവേശം നല്‍കി. ആ നിമിഷം മുതല്‍ ഞാന്‍ കഥാപാത്രത്തിനൊപ്പം ചേര്‍ന്നു. കൊട്ടാരക്കര ശ്രീധരന്‍നായര്‍ മുന്‍പ് അരനാഴികനേരത്തിലെ തൊണ്ണൂറുവയസ്സുകാരന്റെ വേഷത്തില്‍ അഭിനയിച്ചത് മനസ്സിലുണ്ട്. പ്രായംചെന്നൊരു വേഷം ചെയ്യണമെന്നത് വളരെ കാലമായുള്ള ആഗ്രഹമായിരുന്നു. ഏകലവ്യനിലും രൗദ്രത്തിലും ലീലയിലും പൊറിഞ്ചു മറിയത്തിലുമെല്ലാം മുന്‍പ് പ്രായംചെന്ന വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇത്തരമൊരു രൂപത്തില്‍ ഇതാദ്യമായിട്ടാണ്', വിജയരാഘവന്‍ പറഞ്ഞു തുടങ്ങി...
നൂറുവയസ്സുകാരനായി ക്യാമറയ്ക്ക് മുന്നിലേക്കെത്തുമ്പോഴുള്ള, മുന്നൊരുക്കങ്ങള്‍...
കഥാപാത്രമാകാന്‍ മനസ്സുകൊണ്ടുറപ്പിച്ചുകഴിഞ്ഞാല്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലാം നമ്മളിലേക്ക് കയറിവരും. നടന്‍ കഥാപാത്രമായി മാറി- എന്ന വിലയിരുത്തലിനോട് എനിക്ക് യോജിപ്പില്ല. നടനിലൂടെ കഥാപാത്രത്തെ സൃഷ്ടിക്കുന്ന പ്രക്രിയയെ അഭിനയമെന്നു പറയാനാനാണിഷ്ടം. പലകാര്യങ്ങളെ സംയോജിപ്പിച്ച് ഞാനെന്ന കാന്‍വാസിലേക്ക് കഥാപാത്രത്തെ എത്തിക്കുന്നതാണ് എന്റെ രീതി.
നൂറുവയസ്സുള്ള ആളുമായി അടുത്തകാലത്തൊന്നും ഇടപെട്ടതായി ഓര്‍മയിലില്ല. നൂറാണ്ട് ഈ ഭൂമിയില്‍ ജീവിച്ച, ഒന്നിലധികം തലമുറകളെ കണ്ട അനുഭവസമ്പത്തുള്ള ആളെ നേരില്‍ കാണുന്നത് നന്നായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് എന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്ടിലേക്ക് പോയത്. റിട്ട. അഡ്വക്കേറ്റായ അദ്ദേഹത്തിന് പ്രായം നൂറുകഴിഞ്ഞെങ്കിലും കാഴ്ചയില്‍ എണ്‍പത് എണ്‍പത്തഞ്ചേ തോന്നിയുള്ളൂ. അദ്ദേഹവുമായി സമയം ചെലവിട്ടത് കഥാപാത്രത്തിന് വലിയ ഗുണം ചെയ്തു. ആ പ്രായത്തിലുള്ള ഒരാളുടെ ജീവിത വീക്ഷണം, കാഴ്ചപ്പാട്, പെരുമാറ്റം അതെല്ലാം മനസ്സിലാക്കിത്തരാന്‍ ആ കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞു.
ശാരീരികമായ മാറ്റം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു...
പ്രോസ്തറ്റിക്ക് മേക്കപ്പായിരുന്നു അദ്യം കരുതിവച്ചത്. എന്നാല്‍ എന്റെ കണ്ണിന്റെ ഭാഗങ്ങളും വായ് ഭാഗവുമെല്ലാം പൂര്‍ണ്ണമായി കൊട്ടിയടച്ചുകൊണ്ടുള്ള രൂപമാറ്റത്തിന് ഞാനൊരുക്കമായിരുന്നില്ല. തിരക്കഥ കേട്ടുകഴിഞ്ഞപ്പോള്‍ തന്നെ കഥാപാത്രത്തിന്റെ ഏതാണ്ടൊരു രൂപം എന്റെ മനസ്സിലുണ്ടായിരുന്നു. ഇതുവരെ അഭിനയിച്ച കഥപാത്രങ്ങളുടെ ഒട്ടുമിക്ക രൂപങ്ങളും ഞാന്‍കൂടി ചേര്‍ന്നിരുന്ന് ചര്‍ച്ചചെയ്താണ് ചിട്ടപ്പെടുത്തിയത്. റാംജിറാവിന്റെ വസ്ത്രധാരണവും ഹെയര്‍സ്റ്റയിലും ചേറാടികറിയയുടെ മീശയും കൃതാവുമെല്ലാം നിശ്ചയിച്ചത് അങ്ങനെയായിരുന്നു. റോണക്സ് സേവ്യറിനൊപ്പം ചേര്‍ന്നാണ് 'പൂക്കാല'ത്തിലെ അപ്പൂപ്പന്റെ രൂപം ചിട്ടപ്പെടുത്തിയത്.
കഥാപാത്രത്തിനായി ശരീരഭാരം പത്തുകിലോ കുറച്ചു. അരി, ഗോതമ്പ് ഉള്‍പ്പെടയുള്ള ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മധുരം എല്ലാം ഒഴിവാക്കിയുള്ള നീക്കമായിരുന്നു അത്. മുടി വടിച്ചും, പുരികം വെട്ടികളഞ്ഞും, കൈകാലുകളിലെ നഖം നീട്ടിയും കഥാപാത്രത്തിനായി തയ്യാറെടുത്തു. പ്രായം ചെന്നവരുടെ ശരീരത്തില്‍ കാണുന്ന ചുളിവുകള്‍ കലകള്‍ എന്നിവയെല്ലാം ശ്രദ്ധിച്ചുള്ള ഡീറ്റേലിങ്ങിലൂടെയാണ് മേക്കപ്പ് മുന്നോട്ടുപോയത്. അപ്പൂപ്പന്റെ വേഷത്തിലേക്ക് മാറാന്‍ മൂന്നാലുമണിക്കൂര്‍ മേക്കപ്പ്മാനുമുന്നിലിരുന്നു.
സിനിമാ അഭിനയത്തില്‍ 50 വര്‍ഷം പിന്നിട്ടിരിക്കുന്നു. ചലച്ചിത്രലോകത്തെ പുതിയചുവടുവപ്പുകളെ, തലമുറമാറ്റത്തെ എങ്ങിനെയാണ് കാണുന്നത്
നാടകത്തിനും പിന്നീട് സിനിമക്കൊപ്പവും വളര്‍ന്ന ജീവിതമാണ് എന്റേത്. പലമാറ്റങ്ങളും തൊട്ടരികില്‍ നിന്ന് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമ ഇന്ന് ന്യൂജന്‍പിള്ളേര്‍ക്കൊപ്പമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. എന്റെ കാഴ്ച്ചപ്പാടില്‍ സിനിമക്കുള്ളില്‍ രണ്ടു വിഭാഗമേയുള്ളൂ, അത് ജോലി അറിയുന്നവരും ജോലി അറിയാത്തവരുമാണ്.
ന്യൂജന്‍ സിനിമ എന്നൊക്കെയുള്ള പ്രയോഗം പലകാലങ്ങളിലും കേട്ടിട്ടുണ്ട്. സിനിമയില്‍ എല്ലാക്കാലത്തും പുതിയ രീതികള്‍ കടന്നുവന്നുകൊണ്ടിരിക്കും. നാടകഭാഷ പൊളിച്ചെഴുതി സിനിമയിലേക്ക് ചുവടുവച്ച എഴുപതുകളില്‍ നടന്നത് വലിയ മാറ്റമാണ്. ഇന്നത്തെ കുതിപ്പ് പ്രധാനമായും ടെക്നിക്കലായുള്ളതാണ.് ക്യാമറ ആംഗിള്‍, എഡിറ്റിങ്ങ്, സൗണ്ട് അതിലെല്ലാം നൂതനമായ ഒട്ടനവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.
നാടകത്തിനൊപ്പമായിരുന്നു വളര്‍ച്ച. അരങ്ങിന്റെ അലകളേറ്റ് വളര്‍ന്ന ബാല്യം, അഭിനയജീവിതത്തിന് കരുത്തേകിയ ആ കാലം, ഓര്‍മ്മകള്‍...
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് അച്ഛനാണ് (എന്‍.എന്‍.പിള്ള). സ്റ്റേജില്‍ എന്നെ അത്ഭുതപ്പെടുത്തയത് ചിറ്റയാണ്(അച്ഛന്റെ സഹോദരി ഓമന). ചിറ്റ കഥാപാത്രമായി മാറുന്നത് അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്. സ്റ്റേജിലെ അവരുടെ പ്രകടനങ്ങള്‍ കണ്ട് ഒപ്പം അഭിനയിച്ചവര്‍ ഡയലോഗ് മറന്ന് നിന്നുപോയതിന് ഞാന്‍ സാക്ഷിയാണ്. കഥാപാത്രമാകുന്നതോടെ ചിറ്റയുടെ നടപ്പും ഭാവവും കണ്ണിന്റെ ഇമവെട്ടലുംവരെ മാറും.
നാടകരചനയില്‍ ഏര്‍പ്പെടുന്ന അച്ഛന്റെ ചിത്രം ഇന്നും മനസ്സിലുണ്ട്. പുതിയ നാടകത്തിന് അഡ്വാന്‍സ് വാങ്ങി, ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞാലും എഴുത്ത് തുടങ്ങിയിട്ടുണ്ടാകില്ല, എഴുത്തുതുടങ്ങുമ്പോഴെല്ലാം അച്ഛന് ശക്തമായ പനിവരുമായിരുന്നു. പനിവരാതെ എന്റെ ഓര്‍മയില്‍ അച്ഛനൊരു നാടകവും എഴുതിയിട്ടില്ല.
എഴുതിയ കഥാപാത്രങ്ങളെ അച്ഛന്‍ അഭിനേതാക്കള്‍ക്ക് പഠിപ്പിച്ചുനല്‍കുന്ന രീതി കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഒരു കഥാപാത്രത്തെ വിവരിക്കുമ്പോള്‍ അയാളുടെ തുടക്കം മുതലുള്ള ജീവിതസാഹചര്യങ്ങള്‍ പറയും. അയാള്‍ ഏതെല്ലാം ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയെന്നും, ഇന്ന് എവിടെ, ഏത് മാനസികാവസ്ഥയില്‍ എത്തിനില്‍ക്കുന്നു എന്നുവരെ വിശദമായി വിവരിക്കും.
എല്ലാം പറഞ്ഞുകൊടുത്ത് കഥാപാത്രമാകാന്‍ അഭിനേതാവിനെ ഉന്തിവിടുകയാണ്. തെറ്റുമ്പോള്‍ മൊന്തയെടുത്ത് എറിഞ്ഞ് ചൂടാവുന്ന അച്ഛനെ പലതവണകണ്ടിട്ടുണ്ട്. എന്നാല്‍ കഥാപാത്രത്തിന്റെ താളം അഭിനേതാവ് പിടിച്ചെടുക്കുന്നതോടെ പിന്നെ അയാള്‍ ചെയ്യുന്നതെല്ലാം അച്ഛന്റെ കണ്ണില്‍ ഓക്കെയാണ്. ഇനി അയാള്‍ പറയുന്നതാണ് ശരിയെന്ന ഭാവത്തില്‍ അച്ഛന്‍ പിന്‍വലിയും. ഇത്തരം അനുഭവസമ്പത്തുകളെല്ലാം എന്റെ അഭിനയജീവിതത്തിന് വലിയഗുണം ചെയ്തിട്ടുണ്ട്. ഇതെല്ലാം കണ്ടും കേട്ടും പഠിച്ച് നടനാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.
ഒരു സിനിമയുടെ ഭാഗമാകാന്‍ തീരുമാനിക്കുന്നത്, കഥാപാത്രത്തെ സ്വീകരിക്കുന്നത്- എന്തെല്ലാം കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്...
സിനിമകളുടേയും വേഷങ്ങളുടെയും തിരഞ്ഞെടുപ്പില്‍ ഞാനൊട്ടും സെലക്റ്റീവല്ല. തൃപ്തികരമായ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഒപ്പം മാത്രമേ സഞ്ചരിക്കൂ എന്ന് തീരുമാനിച്ചാല്‍ ഞാന്‍ വീട്ടിലിരിക്കേണ്ടിവരും. വ്യത്യസ്തവും വലിയ അഭിനയസാധ്യതയുള്ളതുമായ വേഷങ്ങള്‍ വല്ലപ്പോഴുമൊക്കെ മാത്രമേ ഒരു അഭിനേതാവിനെ തേടിയെത്തുകയുള്ളൂ. അഭിനയം ജോലിയാണെന്ന തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെ തീര്‍ത്തും കുഴപ്പം പിടിച്ചതാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ വേഷങ്ങളോട് 'നോ'പറയാറുള്ളൂ.
Content Highlights: Vijayaraghavan`s 100-Year-Old Role successful `Pookalam`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·