
എം.കെ. മുത്തു, പൂക്കാരി എന്ന സിനിമയിൽ മഞ്ജുളയ്ക്കൊപ്പം, എം.കെ. സ്റ്റാലിനൊപ്പം | ഫോട്ടോ: മാതൃഭൂമി
ചെന്നൈ: സിനിമയിലും രാഷ്ട്രീയത്തിലും നായകനായി തിളങ്ങിനിന്ന എം.ജി. രാമചന്ദ്രന് വെല്ലുവിളിയായി മകൻ മുത്തുവിനെ വളർത്തിയെടുക്കാനായിരുന്നു, ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ പദ്ധതി. എംജിആറിനോട് രൂപസാദൃശ്യമുണ്ടായിരുന്ന മുത്തു രൂപത്തിലും ഭാവത്തിലും അഭിനയത്തിലും അദ്ദേഹത്തെ അനുകരിച്ചു. എംജിആർ ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്കു കുതിച്ചപ്പോൾ വ്യക്തിജീവിതത്തിൽപ്പോലും ദുരന്തനായകനായി ഒടുങ്ങാനായിരുന്നു മുത്തുവിന്റെ വിധി.
ദ്രാവിഡമുന്നേറ്റ കഴകത്തിനുവേണ്ടി കരുണാനിധി രചിച്ച തിരക്കഥകളുടെ ബലത്തിലാണ് എംജിആർ സിനിമയിലും രാഷ്ട്രീയത്തിലും താരമായത്. ഉറ്റസ്നേഹിതനായിരുന്ന എംജിആർ ഡിഎംകെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈയുടെ മരണത്തെത്തുടർന്ന് തന്നിൽനിന്ന് അകന്നപ്പോൾ സ്വന്തം കുടുംബത്തിൽനിന്നുതന്നെ സിനിമാതാരത്തെ അവതരിപ്പിച്ച് അദ്ദേഹത്തെ നേരിടാമെന്ന് കരുണാനിധി കണക്കുകൂട്ടി.
അച്ഛൻ മുത്തുവേലരുടെ പേരാണ് മൂത്തമകന് കരുണാനിധി നൽകിയത്. കലാപാരമ്പര്യം അമ്മവഴിയും കിട്ടിയിരുന്നു, മുത്തുവിന്. സംഗീതജ്ഞൻ ചിദംബരം പടഗസുന്ദരം പിള്ളയുടെ മകളും ഗായകൻ സി.എസ്. ജയരാമന്റെ സഹോദരിയുമായിരുന്നു അമ്മ പദ്മാവതി. എംജിആറിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് ആദ്യസിനിമയായ പിള്ളൈയോ പിള്ളൈയിൽ മുത്തു അഭിനയിച്ചത്. കരുണാനിധിയുടെ സഹോദരീ ഭർത്താവ് മുരശൊലി മാരനായിരുന്നു നിർമാതാവ്. 1972-ൽ സിനിമയിറങ്ങി നാലുമാസം കഴിയുമ്പോഴേക്ക് എംജിആർ ഡിഎംകെ വിട്ട് അണ്ണാ ഡിഎംകെ എന്ന പുതിയ രാഷ്ട്രീയകക്ഷി രൂപവത്കരിച്ചിരുന്നു.
അക്കാലത്തെ ഏതൊരു യുവാവിനെയുംപോലെ എംജിആറിന്റെ ആരാധകനായിരുന്ന മുത്തു എടുപ്പിലും നടപ്പിലുമെല്ലാം അദ്ദേഹത്തെ അനുകരിച്ചു. പൂക്കാരി (1973), ചമയൽക്കാരി (1974), അണയാ വിളക്ക്, നമ്പിക്കൈ നച്ചത്രം, ഇങ്കേയും മനിതർകൾ (1975) എന്നീ സിനിമകളിൽ നായകനായെങ്കിലും മറ്റൊരു എംജിആറിനെ ആവശ്യമില്ലെന്നായിരുന്നു പ്രേക്ഷകരുടെ വിധി. 1977-ലെ ‘എല്ലാം അവളേ’ എന്ന സിനിമയോടെ അദ്ദേഹം അഭിനയം അവസാനിപ്പിച്ചു. അതേവർഷം എംജിആർ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. നല്ലൊരു ഗായകൻകൂടിയായിരുന്ന മുത്തുവാണ് തന്റെ സിനിമയിലെ പാട്ടുകൾ പാടിയത്. അതിൽ ചിലത് സംഗീതാസ്വാദകർ ഇപ്പോഴും പാടിനടക്കുന്നുണ്ടെങ്കിലും നടൻ എന്നനിലയിൽ അദ്ദേഹം വിസ്മരിക്കപ്പെട്ടു.
രാഷ്ട്രീയത്തിൽ വലിയ താത്പര്യം കാണിക്കാതിരുന്ന മുത്തു സിനിമയിലും പരാജയപ്പെട്ടതോടെ തീർത്തും നിരാശനായി മദ്യത്തിന്റെ പിടിയിലേക്ക് വഴുതിവീണു. അതോടെ കരുണാനിധി മകനെ തള്ളിപ്പറഞ്ഞു. അജ്ഞാതനായി എവിടെയോ കഴിഞ്ഞ മുത്തുവിനെ എൺപതുകളുടെ അവസാനം കണ്ടെത്തി അവതരിപ്പിച്ചത് അന്നത്തെ അണ്ണാ ഡിഎംകെ നേതാവ് ജയലളിതയാണ്. പണംനൽകി സഹായിച്ച് അവർ മുത്തുവിനെ അണ്ണാ ഡിഎംകെയിൽ ചേർത്തു. കരുണാനിധിക്കെതിരേ പ്രസ്താവനകൾ ഇറക്കിപ്പിച്ചു. അങ്ങനെ, കരുണാനിധിയോട് പകവീട്ടി.
രോഗങ്ങളുടെ പിടിയിലകപ്പെട്ട് മുത്തു അവശനായപ്പോൾ 2008-ലാണ് കരുണാനിധി മകന് മാപ്പുനൽകിയത്. മുത്തുവിനെ തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു. പവിത്രൻ സംവിധാനംചെയ്ത് 2012-ൽ പുറത്തിറങ്ങിയ മാട്ടുത്താവണ എന്ന സിനിമയ്ക്കുവേണ്ടി മുത്തു പാടിയെങ്കിലും തിരിച്ചുവരവിനുള്ള ശ്രമം വിജയിച്ചില്ല. കുടുംബത്തിലും താളപ്പിഴകൾ തുടങ്ങിയിരുന്നു. കരുണാനിധിക്ക് അസുഖം വന്നപ്പോൾ കാണാൻ മുത്തു എത്തിയില്ല. മുത്തു ജനിച്ചതിനുപിന്നാലെ 20-ാം വയസ്സിൽ അമ്മ പദ്മാവതി ക്ഷയരോഗം ബാധിച്ചു മരിച്ചിരുന്നു.
രണ്ടാം ഭാര്യ ദയാലു അമ്മാളിന്റെ ഇളയ മകൻ എം.കെ. സ്റ്റാലിൻ കരുണാനിധിയുടെ പ്രതിച്ഛായയിൽ രാഷ്ട്രീയത്തിലിറങ്ങി വിജയംവരിച്ചപ്പോൾ എംജിആറിനെ അനുകരിച്ച മുത്തുവിന് വെള്ളിവെളിച്ചത്തിൽനിന്നകന്ന് ജീവിതം തള്ളിനീക്കേണ്ടിവന്നു. സ്റ്റാലിനുപുറമേ എം.കെ. അഴഗിരി, തമിഴരശ്, സെൽവി എന്നിവരാണ് കരുണാനിധിക്ക് ദയാലു അമ്മാളിലുള്ള മക്കൾ. ഡിഎംകെ എംപി കനിമൊഴി മൂന്നാം ഭാര്യ രാജാത്തി അമ്മാളിലുള്ള മകളാണ്.
Content Highlights: The communicative of Muthu, M. Karunanidhi`s son, groomed to rival MGR, his emergence and tragic fall
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·