സിനിമയൊന്നും ഇല്ലേ എന്ന ചോദ്യത്തിന് 'ഇല്ല മാസ്റ്റര്‍, എന്നെ ആരും വിളിക്കാറില്ല' എന്നായിരുന്നു മറുപടി

7 months ago 9

ടവേളകളും ശൂന്യതകളും ഏറെയുണ്ടായിരുന്ന ജീവിതമായിരുന്നു രവികുമാറിന്റെത്. സുധീറിന്റെയും വിന്‍സെന്റിന്റെയും കരിയറിലുണ്ടായതു പോലെ പലതും രവികുമാറിന്റെയും ജീവിതത്തില്‍ സംഭവിച്ചത് തികച്ചും യാദൃച്ഛികമാവാം. സിനിമയില്‍ നായകനായി രംഗപ്രവേശം ചെയ്ത 'ഉല്ലാസയാത്ര'ക്കാലം മുതല്‍ക്കുള്ള അടുപ്പമാണ് രവികുമാറുമായി ത്യാഗരാജനുള്ളത്. നാലോ അഞ്ചോ വര്‍ഷംമാത്രം നീണ്ടുനിന്ന ആ നായകപദവിയുടെ നാളുകളിലും വില്ലന്‍ വേഷങ്ങളും സ്‌ക്രീനില്‍ മിന്നിമറിയുന്ന കഥാപാത്രങ്ങളും അവതരിപ്പിക്കാനുള്ള ആര്‍ജവം കാണിച്ച നടനായിരുന്നു രവികുമാര്‍. സംഘട്ടനരംഗങ്ങളില്‍ ഒരു പരിധിവരെ റിസ്‌ക്കെടുക്കാന്‍ തയ്യാറായത് കൊണ്ടുകൂടിയാവാം ത്യാഗരാജനൊരുക്കിയ ആക്ഷന്‍ രംഗങ്ങളില്‍ ഈ നടന്‍ ശോഭിച്ചതും.

എങ്കിലും എല്ലാതരം വേഷങ്ങള്‍ക്കും ചേര്‍ന്ന ഒരു നടനാണ് താനെന്ന തെറ്റായ ധാരണയൊന്നും രവികുമാറിനുണ്ടായിരുന്നില്ല. ലഭിക്കുന്ന വേഷം നൂറ് ശതമാനവും സത്യസന്ധമായും ഭംഗിയായും ആവിഷ്‌കരിക്കാനുള്ള പരിശ്രമം ആ നടനില്‍ നിന്നുണ്ടായി. അവസാനംവരെ. ശശികുമാര്‍, ബേബി, ഐ.വി. ശശി തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് രവികുമാറിനുവേണ്ടി കൂടുതലും സംഘട്ടനങ്ങള്‍ ത്യാഗരാജന് ഒരുക്കേണ്ടിവന്നത്. പ്രത്യക്ഷത്തില്‍ അപകടം നിറഞ്ഞ ഒരു സീനില്‍പോലും രവികുമാറിനെ ത്യാഗരാജന്‍ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയില്ല. അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ചുരുക്കം ചില ആര്‍ട്ടിസ്റ്റുകള്‍ മാത്രമേ ധൈര്യം കാണിച്ചുള്ളൂ. അവരില്‍ രവികുമാര്‍ ഉണ്ടായിരുന്നില്ല. താനൊരു സാഹസിക നടനല്ലെന്നും തന്റെ പരിമിതികളെന്തെല്ലാമെന്നും കൃത്യമായി തിരിച്ചറിഞ്ഞ നടന്‍കൂടിയായിരുന്നു രവികുമാര്‍.

'രവീ... ആ ആക്ഷന്‍ ഒന്നു നോക്കിയാലോ?' ത്യാഗരാജന്റെ ചോദ്യത്തിന് 'മാസ്റ്റര്‍ക്ക് ഒക്കെ ആണെങ്കില്‍ നോക്കാം' എന്നായിരിക്കും രവികുമാറിന്റെ മറുപടി. അപകടകരമായ ഒരു സീനില്‍ പോലും നടനെക്കൊണ്ട് അഭിനയിപ്പിക്കുന്ന രീതി ത്യാഗരാജനുണ്ടായിരുന്നില്ല. അത്തരം രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായത്തോടെ എടുക്കുകയാണ് പതിവ്. ത്യാഗരാജന്റെ സെറ്റില്‍ രവികുമാറിന് വേണ്ടി എപ്പോഴും ഡ്യൂപ്പ് തയ്യാറായി നിന്നിരുന്നു. ശരീരത്തില്‍ മുറിവേല്‍ക്കുന്നതും ചോരവാര്‍ന്നുപോകുന്നതുമൊക്കെ രവികുമാറിന് ഭയമായിരുന്നു. എന്നിട്ടും അപകടം നിറഞ്ഞ പല സീക്വന്‍സുകളിലും രവികുമാര്‍ അഭിനയിക്കാന്‍ തയ്യാറായത് എന്തുകൊണ്ടായിരിക്കും എന്നത് ത്യാഗരാജന് ഇപ്പോഴും വ്യക്തതയില്ല. ഒരുപക്ഷേ അപ്പോഴത്തെ മൂഡില്‍ അങ്ങനെ അഭിനയിച്ചതാവാമെന്നാണ് മാസ്റ്റര്‍ കരുതുന്നത്.

അക്കാലത്തെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന രവികുമാര്‍ അച്ഛന്റെ മരണത്തെ തുടര്‍ന്ന് മലയാള സിനിമയില്‍നിന്നും അകന്നുപോവാന്‍ തുടങ്ങി. അച്ഛന്‍ നടത്തിയിരുന്ന ബിസിനസ്സുകള്‍ ഏറ്റെടുത്ത് മദിരാശിയില്‍ ഒതുങ്ങി. എങ്കിലും അക്കാലം രവികുമാറിന് തുണയായത് തമിഴ് സീരിയലുകളാണ്. പേരിനും പ്രശസ്തിക്കുമപ്പുറം ജീവിതത്തെ മുന്നോട്ട് കൊണ്ടുപോയതും തമിഴ് സീരിയലായിരുന്നു. 1990-ന്റെ മധ്യത്തോടെ മലയാളത്തോട് പൂര്‍ണമായും വിടപറഞ്ഞതോടെ പുതിയ തലമുറയ്ക്ക് രവികുമാര്‍ എന്ന നടന്‍ തീര്‍ത്തും അപരിചിതനായി. വര്‍ഷങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും കണ്ടുമുട്ടുമ്പോള്‍ ത്യാഗരാജന്‍ ചോദിക്കും: 'രവീ... ഇപ്പോ സിനിമയൊന്നും ഇല്ലേ...'
'ഇല്ല മാസ്റ്റര്‍. എന്നെ ആരും വിളിക്കാറില്ല.'

ആ മറുപടിയ്ക്കുള്ളില്‍ ചില സങ്കടങ്ങളും അദ്ദേഹം ഒളിപ്പിച്ചുവെച്ചിരുന്നു. ആര്‍ക്കും പരാതിയും പരിഭവും വേണ്ടെന്ന് കരുതിയാവാം അവസാനം വരെ രവികുമാര്‍ അത് പുറത്തു പറഞ്ഞില്ല. എന്നാല്‍, ത്യാഗരാജനോട് മാത്രമായി ചിലത് പറയാന്‍ ബാക്കിവെച്ചിരുന്നു. ഓരോ തവണ കാണുമ്പോഴും അത് പിന്നീട് പറയാം എന്ന് മാത്രം പറഞ്ഞൊഴിഞ്ഞു.

അഭിനയജീവിതത്തിന്റെ അന്‍പത് വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴും വാര്‍ത്തകളില്‍ നിറയാന്‍ രവികുമാര്‍ മുന്നോട്ടുവന്നില്ല. അധികമാരും അത് ഓര്‍ത്തുവെച്ചതുമില്ല. പിന്നീടൊരിക്കല്‍ അദ്ദേഹം ത്യാഗരാജനോട് പറഞ്ഞു: 'സിനിമയ്ക്ക് എന്റെ കോണ്‍ട്രിബ്യുഷന്‍ വലുതായിട്ടൊന്നുമില്ലെന്ന് മാസ്റ്റര്‍ക്കറിയാമല്ലോ. എന്നാലും എനിയ്ക്ക് അഭിമാനിക്കാന്‍ ഒരുപാടുണ്ട്. അതിലൊന്ന് നിങ്ങളാണ്. സിനിമയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ച നിരവധി പ്രതിഭകള്‍ അക്കൂട്ടത്തില്‍ എനിയ്ക്ക് വേണ്ടി ജീവന്‍ പണയം വെച്ചഭിനയിച്ച ഒട്ടേറെ ഡ്യുപ്പ് ആര്‍ട്ടിസ്റ്റുകള്‍. അതൊന്നും ഞാന്‍ മറന്നിട്ടില്ല മാസ്റ്റര്‍.' സിനിമയെ ചേര്‍ത്തുപിടിക്കാന്‍ രവികുമാര്‍ എപ്പോഴും ശ്രമിച്ചിരുന്നു. പക്ഷേ, രവികുമാറിനെ ചേര്‍ത്തുനിര്‍ത്താന്‍ മാറിയ കാലത്തെ സിനിമ എത്രത്തോളം തയ്യാറായി എന്ന് ചിന്തിക്കുമ്പോള്‍ മാത്രമാണ് പുതിയ തലമുറയ്ക്ക് രവികുമാര്‍ അപരിചിതനായതിന്റെ പൊരുള്‍കൂടി മനസ്സിലാവുകയുള്ളൂ. അര്‍ബുദരോഗബാധിതനായി എന്നറിഞ്ഞപ്പോള്‍ വത്സരവാക്കത്തെ വീട്ടില്‍ച്ചെന്ന് രവികുമാറിനെ കാണാന്‍ ത്യാഗരാജന്‍ ആഗ്രഹിച്ചെങ്കിലും എന്തോ അതിന് കഴിഞ്ഞില്ല. മനസ്സ് അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി.

വിന്‍സെന്റും സുധീറും തന്നോട് പങ്കുവെച്ച വേദനകള്‍ നിഷ്പ്രഭമായതിന്റേതായിരുന്നു. എന്നാല്‍ രവികുമാറിന് പറയാനുണ്ടാവുക ഒരു പക്ഷേ, രോഗത്തിന്റെ അവസ്ഥയെക്കുറിച്ചാവും. ആ അവസ്ഥയില്‍ തന്റെ പ്രിയപ്പെട്ട രവിയെ കാണേണ്ടെന്ന് കരുതി ത്യാഗരാജന്‍ മാറിനിന്നു. എന്നും പകരക്കാരനായ ത്യാഗരാജന് രോഗം കീറിമുറിക്കുന്ന രവികുമാറിന് വേണ്ടി എങ്ങനെ പകരക്കാരനാവാന്‍ കഴിയും?

Content Highlights: The communicative of Ravi Kumar, a Malayalam histrion whose vocation was marked by accidental and quiescent dignity

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article