സിനിമയ്ക്കുവേണ്ടിയാണ് മലയാളം സീരിയസായി പഠിച്ചുതുടങ്ങിയത്, തലക്കനം കൊണ്ടുനടക്കാറില്ല -രഞ്ജിത്ത് സജീവ്

8 months ago 6

Ranjith Sajeev

രഞ്ജിത്ത്‌ സഞ്ജീവ്‌  | ഫോട്ടോ: അരുൺ പയ്യടിമീത്തൽ|മാതൃഭൂമി

ബോളിവുഡ് ലുക്കുള്ള മലയാളി നടനെന്നാണ് രഞ്ജിത്ത് സജീവിന് പ്രേക്ഷകർ നൽകുന്ന വിശേഷണം. മൈക്ക് എന്ന സിനിമയിലൂടെ അരങ്ങേറി ഗോളത്തിലൂടെയും ഖൽബിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ രഞ്ജിത്ത് തന്റെ നാലാമത്തെ ചിത്രവുമായി എത്തുകയാണ്. അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെഓകെ) എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ രഞ്ജിത്ത് പങ്കുെവക്കുന്നു

എൻആർഐ കിഡ് ടാഗ്

യുകെഓകെയുടെ കഥ പറയുന്ന നേരത്ത് ടോണി എന്ന കഥാപാത്രത്തെ മനസ്സിലാക്കാൻ എനിക്ക് എളുപ്പമായിരുന്നില്ല. ടോണി ഒരു പക്കാ മലയാളിയാണ്, അടുത്ത വീട്ടിലെ പയ്യൻ. ഞാനാണെങ്കിൽ ജനിച്ച് വളർന്നതെല്ലാം ദുബായിലും. എൻആർഐ കിഡ് എന്ന ടാഗ് എന്റെ മേലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടോണിയാവാൻ എനിക്ക് കുറച്ച് പരിശ്രമിക്കേണ്ടി വന്നു. ഒരു നടനാവാൻ വേണ്ടി ദുബായിൽനിന്ന് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. ടോണിക്ക് ഉള്ളപോലെ എന്റെ ഉള്ളിലും ഒരു ഫയർ ഉണ്ടായിരുന്നു. നമുക്ക് ഒരു സ്വപ്നം ഉണ്ടെങ്കിൽ അത് നേടാൻ വേണ്ടി നമ്മൾ എന്തും ചെയ്യുമെന്നാണ് ഈ സിനിമ പറയുന്നത്. ഇന്നത്തെ ചെറുപ്പക്കാർക്ക് മോട്ടിവേഷൻ നൽകുന്ന സ്വാധീനിക്കുന്ന പ്രതീക്ഷ നൽകുന്ന ഒരു സിനിമയാണ് യുകെഓകെ. ശാരീരികമായും മാനസികമായും ടോണി എന്ന കഥാപാത്രം വെല്ലുവിളിയുയർത്തി കൃത്യമായി വർക്കൗട്ട് ഒക്കെ ചെയ്യുന്ന ആളാണ് ഞാൻ. എന്നും രാവിലെ നാലുമണിക്ക് വർക്കൗട്ട് തുടങ്ങും. ഈ സിനിമയിൽ പക്ഷേ, ആ ബോഡി ബിൽഡിങ്‌ കൊണ്ട് ഒരു ഉപകാരവും ഉണ്ടായിട്ടില്ല. അയഞ്ഞ വേഷങ്ങളാണ് ടോണി ധരിക്കുന്നത്. ബോഡി ഫിറ്റ് വേഷങ്ങൾ തരാത്തതിൽ എനിക്ക് പരിഭവമുണ്ടെന്ന് സഹതാരങ്ങൾ കളിയാക്കുമായിരുന്നു. സിനിമയിൽ ഡാൻസും ഫൈറ്റും എല്ലാമുണ്ട്. ബോഡി ഫിറ്റായിരുന്നത് അവിടെയെല്ലാം സഹായകമായി.

മൈക്ക് മുതൽ യുകെ ഓകെ വരെ

എല്ലാ സിനിമയും ആദ്യത്തെ സിനിമയായാണ് ഞാൻ കാണുന്നത്. എനിക്കിത്ര സിനിമകളായി, ആ എക്‌സ്പീരിയൻസ് ഉണ്ട് എന്നൊന്നുമുള്ള തലക്കനം കൊണ്ടുനടക്കാറില്ല. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. പുതുമ എപ്പോഴും തോന്നണം. എങ്കിലേ വളരാൻ സാധിക്കൂ. ഏറ്റവും ബെസ്റ്റ് ചെയ്യണമെന്ന് കരുതിത്തന്നെയാണ് ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

ബോളിവുഡ് ലുക്കുള്ള മലയാളിനടൻ എന്നെല്ലാമുള്ള പ്രേക്ഷകരുടെ കമന്റ്‌സ് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഇങ്ങനെയുള്ള അഭിനന്ദനങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജമാണ്. എന്റെ കുടുംബം എന്റെ അഭിനയത്തിനൊപ്പം നിൽക്കുന്നു അവർ നൽകുന്ന പിന്തുണ വലുതാണ്. മൈക്ക് മുതൽ യുകെഓകെ വരെയുള്ള അഭിനയ യാത്രയിൽ എത്രത്തോളം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പ്രേക്ഷകരാണ് പറയേണ്ടത്. എന്നാലും വ്യക്തിപരമായി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്ങനെയാണ് കാര്യങ്ങളിൽ ഇടപെടേണ്ടത്, എങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നൊക്കെ മനസ്സിലായി. മൈക്ക് തുടങ്ങുന്ന സമയത്ത് ഒരു വലിയ സെറ്റ്, പുതിയ അനുഭവം, മലയാളത്തിലെ വലിയ ടെക്‌നീഷന്മാരോടൊപ്പം ചെയ്യുന്നതിന്റെ ഒരു പേടിയും സങ്കോചവും ഉണ്ടായിരുന്നു. ഇപ്പോൾ അത് കുറച്ചൊക്കെ മാറി എന്ന് തോന്നുന്നു. അതിനർഥം ഞാൻ എക്‌സ്പർട്ട് ആയി എന്നല്ല. ഇനിയും പഠിക്കാനുണ്ട്. മുന്നോട്ട് പോകാനുണ്ട്. പക്ഷേ, ഇപ്പോഴത്തെ യാത്ര വളരെ ശാന്തമായെന്ന് എനിക്ക് തോന്നുന്നുണ്ട്. മലയാളം സംസാരം കുറവായിരുന്നു. എന്റെ അമ്മച്ചി സ്കൂൾ ടീച്ചറായിരുന്നു, അമ്മച്ചിയാണ് മലയാളം ശരിക്കും പഠിപ്പിച്ചു തന്നത്. സിനിമയ്ക്കു വേണ്ടിയാണ് മലയാളം എഴുതാനും വായിക്കാനും സീരിയസായി പഠിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഏതാണ്ട് അഞ്ച് വർഷമായി കേരളത്തിൽ തന്നെയുണ്ട്. ഇപ്പോൾ ഇവിടത്തെ ആളായി ഒരു പരിധിവരെ മാറിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

സ്വപ്നങ്ങളിലേക്കുള്ള യാത്ര

സ്വപ്നങ്ങൾ ഇനിയും ഒരുപാടുണ്ട്. അതിലേക്കെത്തിച്ചേരാൻ കഠിനമായി ജോലിചെയ്യണമെന്നെനിക്കറിയാം. കഴിഞ്ഞ എന്റെ രണ്ട് ചിത്രങ്ങൾ ഖൽബും ഗോളവും നല്ല പ്രതികരണങ്ങളാണ് നേടിയത്. ഞാനിന്നേ വരെ ചെയ്തിട്ടില്ലാത്ത വേഷമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയിൽ ലഭിച്ചത്. വ്യത്യസ്തത കൊണ്ടുവരാൻ നോക്കിയിട്ടുണ്ട്, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ എന്നെത്തന്നെ വെല്ലുവിളിക്കുകയാണ് ടോണിയിലൂടെ. ‘ഹാഫ്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഗോളം സംവിധാനം ചെയ്ത സംജാദ് തന്നെയാണ് ഹാഫിന്റെയും സംവിധായകൻ. മലയാളത്തിലെ ‘ആദ്യ വാമ്പയർ ആക്‌ഷൻ മൂവി’ എന്ന വിശേഷണത്തിൽ എത്തുന്ന ചിത്രമാണ്. ജയ്‌സാൽേമറിലായിരുന്നു ഇപ്പോഴത്തെ ഷെഡ്യൂൾ. ഇപ്പോഴത്തെ ഇന്ത്യ-പാക് സംഘർഷങ്ങളുടെ ഭാഗമായി ഷെഡ്യൂൾ ബ്രേക്കിലാണ്. വളരെ സ്വപ്നതുല്യമായ പ്രോജക്ട് ആണ് ഹാഫ്.

Content Highlights: Ranjith Sajeev, discusses his caller movie `United Kingdom of Kerala` and his acting journey

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article