27 August 2025, 01:49 PM IST

ജി. സുരേഷ്കുമാർ | ഫോട്ടോ: മാതൃഭൂമി
സിനിമാ ടിക്കറ്റിന് നിരക്ക് കുറയുമെന്ന സൂചന നല്‍കി നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജി. സുരേഷ് കുമാര്‍. ഇ- ടിക്കറ്റിങ് ഏര്‍പ്പെടുത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് ജി. സുരേഷ് കുമാര്‍ പറഞ്ഞു. നിര്‍മാതാക്കളുടെ സംഘടനയുടെ പുതിയ കമ്മിറ്റി ആദ്യയോഗം ചേര്‍ന്ന ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇ ടിക്കറ്റ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അതിന്റെ നടപടിയുമായി മുന്നോട്ടുപോകുന്നു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഇത് നടപ്പിലാക്കുന്നത്. 10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പ്രാരംഭ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു', ജി. സുരേഷ് കുമാര്‍ പറഞ്ഞു.
'നിലവില്‍ ഏറ്റവും വലിയ വെല്ലുവിളിയായി നില്‍ക്കുന്നത് ബുക്ക് മൈ ഷോ എന്ന പ്ലാറ്റ്‌ഫോമാണ്. 45 രൂപവരെയാണ് കൂടുതലായി വാങ്ങുന്നത്. കുറച്ചുകൊണ്ടുവന്ന് തീയേറ്ററുകാര്‍ക്ക് നഷ്ടമില്ലാത്ത രീതിയില്‍ അവരേയും കൂടെനിര്‍ത്തിയാവും മുന്നോട്ടുപോവുക. സര്‍ക്കാരിന്റെ സെര്‍വറിലൂടേയായിരിക്കും ബുക്ക് മൈ ഷോയും പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് സിനിമ കാണാന്‍ കാശ് കുറച്ചുകൊടുത്താന്‍ മതിയാവുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോവുന്നത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Kerala authorities plans e-ticketing to trim movie summons prices, Producer G. Suresh Kumar hints.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·