14 September 2025, 05:10 PM IST

ബേസിൽ ജോസഫ് എന്റർടെൻമെന്റ് ലോഗോ, ബേസിൽ ജോസഫ് | Photo: Facebook/ Basil Joseph
നടനും സംവിധായകനുമായ ബേസില്‍ ജോസഫ് സിനിമാ നിര്‍മാണത്തിലേക്കും. ബേസില്‍ തന്നെയാണ് നിര്‍മാണരംഗത്തേക്ക് ഇറങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ നിര്‍മാണക്കമ്പനിയെ പരിചയപ്പെടുത്തി. ബാനറിന്റെ ടൈറ്റില്‍ ഗ്രാഫിക്‌സും പുറത്തുവിട്ടു.
'അങ്ങനെ വീണ്ടും. ഇതുവരെ ചെയ്യാത്തൊരു കാര്യം ശ്രമിക്കുന്നു- സിനിമാ നിര്‍മാണം. എങ്ങനെ എന്ന് ഇപ്പോഴും പഠിച്ചുവരുന്നതേയുള്ളൂ. എന്നാല്‍, കഥകള്‍ കൂടുതല്‍ നന്നായി, ധൈര്യപൂര്‍വ്വം, പുതിയ രീതികളില്‍ പറയണം എന്നതുമാത്രമാണ് എനിക്ക് അറിയാവുന്ന ഒരുകാര്യം. എവിടെവരെ പോകുമെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റിലേക്ക് സ്വാഗതം', ബേസില്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
ചരിഞ്ഞ ഗോപുരം താഴെ നിന്ന് ഉയര്‍ത്തി നേരയാക്കാന്‍ നോക്കുന്ന സൂപ്പര്‍ഹീറോ വേഷത്തിലുള്ള ഒരുകുഞ്ഞിന്റെ ആനിമേഷനിലാണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. നേരെ നിര്‍ത്തിയ ഗോപുരം തള്ളി താഴെയിട്ട ശേഷം കൂളിങ് ഗ്ലാസ് ധരിച്ച് കൈയില്‍ കോലുമിഠായിയുമായി നില്‍ക്കുന്നു കുട്ടിയുടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുന്നതാണ് ലോഗോ. ബേസില്‍ സംവിധാനംചെയ്ത 'മിന്നല്‍മുരളി' റഫറന്‍സ് ഉള്ളതാണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. പശ്ചാത്തലസംഗീതത്തിനൊപ്പം ബേസിലിന്റെ പൊട്ടിച്ചിരിയും കേള്‍ക്കാം.
നിര്‍മിക്കുന്ന ആദ്യ സിനിമ ഏതായിരിക്കുമെന്നതടക്കം മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംവിധാനസഹായിയായി തുടങ്ങി സംവിധായകനായും നടനായും ബേസില്‍ മലയാള സിനിമയില്‍ സജീവമാണ്. 'കുഞ്ഞിരാമായണം', 'ഗോദ', 'മിന്നല്‍മുരളി' എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. 'മരണമാസ്' ആണ് ബേസില്‍ നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വ'ത്തില്‍ അതിഥിവേഷത്തിലുണ്ട്.
Content Highlights: Actor-director Basil Joseph ventures into movie accumulation with Basil Joseph Entertainment
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·