സിനിമാക്കാരുടെ സ്വപ്നഭൂമിയായിരുന്ന കശ്മീര്‍ താഴ്വര; തിരിച്ചു തരൂ പാട്ടുകളിലെ ആ പറുദീസയെ 

8 months ago 9

മ്മി കപൂര്‍ ആയിരുന്നു ഒരിക്കല്‍ സങ്കല്‍പ്പത്തിലെ കശ്മീര്‍ രാജകുമാരന്‍: ദാല്‍ തടാകത്തിലൂടെ ഒഴുകിപ്പോകുന്ന തോണിയില്‍ മലര്‍ന്നുകിടന്ന് ശര്‍മിളാ ടാഗോറിന്റെ വിടര്‍ന്ന കണ്ണുകളില്‍ നോക്കി 'യേ ചാന്ദ് സാ രോഷന്‍ ചെഹ്‌രാ സുല്‍ഫോം കാ രംഗ് സുനെഹ്‌രാ' എന്ന് ഹൃദയം തുറന്നു പാടുന്ന കശ്മീര്‍ കി കലിയിലെ ഷമ്മി. ഷാലിമാര്‍ ബാഗിലൂടെ ഓടിനടന്ന് 'മേരെ യാര്‍ ശബ്ബ ഖൈര്‍' എന്ന് പ്രണയപൂര്‍വം പാടി സൈരാബാനുവിനെ പാട്ടിലാക്കുന്ന ജംഗ്‌ലീയിലെ ഷമ്മി. ശ്രീനഗറിലെ ഉദ്യാനവീഥികളിലൂടെ, നദിയോരങ്ങളിലൂടെ രാജശ്രീയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം 'തും സേ അച്ഛാ കോന്‍ ഹേ' എന്ന് പാടി ചുവടുവെക്കുന്ന ജാന്‍വറിലെ ഷമ്മി....

ഓരോ ഷമ്മിക്കും ഓരോ രൂപം, ഓരോ ഭാവം. ശബ്ദം മാത്രം ഒന്ന്: മുഹമ്മദ് റഫിയുടെ സ്വര്‍ഗീയ നാദം. തീര്‍ന്നില്ല. കശ്മീരിന്റെ സ്വര്‍ഗീയ ലാവണ്യം ഒപ്പിയെടുത്ത വേറെയും ഗാനരംഗങ്ങളുണ്ട് ഓര്‍മയില്‍. ആരാധനയിലെ കോറാ കാഗസ് ഥാ യേ മന്‍ മേരാ (കിഷോര്‍ കുമാര്‍, ആശ ഭോസ്ലെ), ജബ് ജബ് ഫൂല്‍ ഖിലേയിലെ പര്‍ദേശിയോം സേ നാ അഖിയാം മിലാനാ (റഫി), കഭീ കഭീയിലെ കഭീ കഭീ മേരെ ദില്‍ മേ ഖയാല്‍ ആത്താ ഹേ (മുകേഷ്, ലത), കന്യാദാനിലെ ലിഖേ ജോ ഖത് തുജേ (റഫി), മേരെ സനമിലെ പുകാര്‍ത്താ ചലാ ഹൂ മേ (റഫി), ആര്‍സൂവിലെ ഏ നര്‍ഗിസേ മസ്താനാ (റഫി), ഹിമാലയ് കി ഗോദ് മേയിലെ ചാന്ദ് സി മെഹബൂബാ (മുകേഷ്), കശ്മീര്‍ കി കലിയിലെ ദീവാന ഹുവാ ബാദല്‍ (റഫി, ആശ), ഫിര്‍ വഹീ ദില്‍ ലായാ ഹൂമിലെ ലാഖോം ഹേ നിഗാഹ് മേ (റഫി), ആന്ധിയിലെ തെരെ ബിനാ സിന്ദഗി സേ (കിഷോര്‍, ലത), ഹസീനാ മാന്‍ ജായേഗിയിലെ ബേഖുദീ മേ സനം (റഫി), ജാന്‍വറിലെ ലാല്‍ ഛഡീ മൈതാന്‍ ഘടീ (റഫി), ആപ് കി കസമിലെ ജയ് ജയ് ശിവശങ്കര്‍ (കിഷോര്‍), റോജയിലെ യേ ഹസീന്‍ വാദിയാ (എസ് പി ബാലസുബ്രഹ്‌മണ്യം, ചിത്ര)....

സിനിമാക്കാരുടെ സ്വപ്നഭൂമിയായിരുന്നു എന്നും കശ്മീര്‍ താഴ്വര. കശ്മീരിന്റെ എല്ലാ ഋതുഭേദങ്ങളും പ്രണയപൂര്‍വം ഒപ്പിയെടുത്തിട്ടുണ്ട് ബോളിവുഡ്. നായികാനായകരുടെ തലമുറകള്‍ മാറിവന്നിട്ടും ആ ഹൃദയബന്ധം പഴയപടി സുദൃഢം. കാല്പനികചാരുതയോടെ ഒരു ഗാനം ചിത്രീകരിക്കാന്‍ ഇന്നും പഹല്‍ഗാമും, ഗുല്‍മാര്‍ഗും, ദാല്‍ തടാകവും തേടിപ്പോകുന്നു ബോളിവുഡ് സംവിധായകര്‍. ഓരോ ഗാനവും ഓരോ കാലത്തിന്റെ ഓർമക്കുറിപ്പുകള്‍. ഭീകരാക്രമണത്തിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ പഹല്‍ഗാമിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓർമ വരിക ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മ്മയും അഭിനയിച്ച 'ജബ് തക് ഹേ ജാ'നിലെ പ്രശസ്തമായ ജിയാ രേ (ഗായിക: നീതി മോഹന്‍) എന്ന ഗാനമായിരിക്കും. മഞ്ഞുമൂടിയ മലനിരകളും ചിനാര്‍ മരങ്ങളുമൊക്കെ മനസ്സില്‍ തെളിയും 'കോറാ കാഗസ് ഥാ യേ മന്‍ മേരാ' എന്ന ഗാനത്തിനൊപ്പം. മഞ്ഞുറഞ്ഞ ദാല്‍ തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ശശി കപൂര്‍ 'പര്‍ദേശിയോം സേ നാ അഖിയാം മിലാനാ' എന്ന് പാടി തോണി തുഴയുന്നത് കണ്ടാല്‍ മതി.

ഗുല്‍മാര്‍ഗിലെ ഹോട്ടല്‍ ഹൈലാന്‍ഡ് പാര്‍ക്കിലെ റൂം നമ്പര്‍ 305 അറിയപ്പെടുന്നത് തന്നെ 'ബോബി ഹട്ട്' എന്ന പേരിലാണ്. അര നൂറ്റാണ്ടിലേറെക്കാലം മുന്‍പ് ബോബിയിലെ 'ഹം തും ഏക് കമരേ മേ ബന്ധ് ഹോ ഔര്‍ ഛാബി ഖോ ജായേ' എന്ന വിശ്രുതഗാനത്തിന്റെ കുറെയേറെ ഭാഗങ്ങള്‍ ചിത്രീകരിക്കപ്പെട്ടത് ഈ മുറിയിലായിരുന്നു. ഋഷി കപൂറും ഡിംപ്ള്‍ കപാഡിയയും അഭിനയിച്ച് അനശ്വരമാക്കിയ ആ ഗാനരംഗത്തിന്റെ ഓർമയില്‍, തീര്‍ത്ഥാടകരെപ്പോലെ ബോബി ഹട്ട് കാണാനും പറ്റുമെങ്കില്‍ ഒരു രാത്രി അവിടെ ചെലവിടാനും മോഹിച്ച് ഗുല്‍മാര്‍ഗ്ഗിലേക്ക് ഒഴുകിയെത്തുന്ന ആരാധകര്‍ നിരവധി. അതേ മോഹവുമായി നാലഞ്ചു വര്‍ഷം മുന്‍പ് ഹൈലാന്‍ഡ് പാര്‍ക്കിലെത്തിയ ഷാരുഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ഓർമയുണ്ട്: 'അവിശ്വസനീയം. റൂം നമ്പര്‍ 305 ലാണ് ഞാന്‍ ഇപ്പോള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബോബിയിലെ പ്രശസ്തമായ ഭഹം തും ഏക് കമരേ മേ ബന്ധ് ഹോ' എന്ന ഗാനം ചിത്രീകരിച്ച അതേ മുറിയില്‍. കൂട്ടിന് സുന്ദരിമാര്‍ ആരുമില്ല. മധുരമുള്ള കുറെ ഓർമകള്‍ മാത്രം. ആനന്ദ് ബക്ഷി എഴുതിയതു പോലെ, മുറിയുടെ താക്കോല്‍ ഒന്ന് കളഞ്ഞു പോയെങ്കില്‍ എന്നാശിച്ചു പോകുന്നു; വെറുതെ....''

കശ്മീരിന്റെ സൗന്ദര്യം ആദ്യം വെള്ളിത്തിരയില്‍ പകര്‍ത്തിയ സിനിമകളിലൊന്ന് 'ഏക് ഥി ലഡ്കി' ആവണം. 1949 ല്‍ പുറത്തുവന്ന ആ ബ്‌ളാക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ 'ഹം ചലേ ദൂര്‍' എന്ന ഗാനരംഗത്ത് ദാല്‍ തടാകത്തിന്റെ ദൃശ്യങ്ങളും കാണാം. ജോഹര്‍ ഇന്‍ കശ്മീറിലെ (1966) 'ജന്നത്ത് കി തസ്വീര്‍ ഹേ' ആണ് കശ്മീര്‍ പശ്ചാത്തലമായ ആദ്യ വിവാദ ഗാനം. കല്യാണ്‍ജി ആനന്ദ്ജിയുടെ സംഗീതത്തില്‍ മുഹമ്മദ് റഫി പാടിയ ഈ പാട്ടിന്റെ വരികളില്‍ കശ്മീരിനോടുള്ള ഇന്ത്യയുടെ സ്‌നേഹം മുഴുവനുണ്ട്; ഒപ്പം ഈ നാട് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല എന്നൊരു പ്രഖ്യാപനവും. (കശ്മീര്‍ ഹേ ഭാരത് കാ, കശ്മീര്‍ നാ ദേംഗേ). ഇന്ത്യാവിഭജനത്തിന് ശേഷമുള്ള കശ്മീരിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുകയായിരുന്നു സംവിധായകന്‍ ഐ എസ് ജോഹര്‍. പടവും ഇന്ദീവറിന്റെ പാട്ടും പാകിസ്താനെ ചൊടിപ്പിച്ചത് സ്വാഭാവികം. ഇന്നും കാശ്മീരില്‍ പാക് ഇടപെടലുകള്‍ ഉണ്ടാകുമ്പോഴെല്ലാം ഇന്ത്യയിലെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകാറുള്ള ഗാനമാണിത്.

കശ്മീരിന്റെ നിത്യകാമുകനാണ് യഷ് ചോപ്ര. സ്വന്തം സിനിമകളില്‍ കശ്മീര്‍ താഴ്വരയുടെ അഭൗമസൗന്ദര്യം സുലഭമായി ഉപയോഗിച്ചിട്ടുള്ള സംവിധായകന്‍. ഷാലിമാര്‍ ബാഗിലും പരിസരത്തുമായി ചിത്രീകരിക്കപ്പെട്ട 'കഭീ കഭീ മേരെ ദില്‍ മേ' എങ്ങനെ മറക്കും? തണുത്തുറഞ്ഞ കശ്മീരിന്റെ നിഗൂഢ സൗന്ദര്യം മുഴുവനുണ്ട് ആ പാട്ടില്‍. 'സില്‍സില'യിലെ 'ദേഖാ ഏക് ഖ്വാബ് തോ യേ സില്‍സിലേ ഹുവേ' എന്ന ഗാനത്തിന്റെ നല്ലൊരു ഭാഗം ചിത്രീകരിച്ചത് നെതര്‍ലന്‍ഡ്‌സിലെ ക്യൂകെനഫ് ടുലിപ് ഗാര്‍ഡനിലാണെങ്കിലും ആ രംഗത്തും കടന്നുവരുന്നുണ്ട് കശ്മീര്‍ കാഴ്ച്ചകള്‍.

സംവിധായകന്‍ സുബോധ് ,മുഖര്‍ജിയാണ് കശ്മീരിന്റെ മറ്റൊരു ആരാധകന്‍. 'ജംഗ്ലി'യിലെ പ്രശസ്തമായ 'യാഹൂ' എന്ന ഗാനം പഹല്‍ഗാമില്‍ ചിത്രീകരിക്കണം എന്നായിരുന്നു മുഖര്‍ജിയുടെ മോഹം. മഞ്ഞുമലകളാല്‍ സമൃദ്ധമായ പ്രദേശമാണ് പഹല്‍ഗാം. ഷമ്മി കപൂറിന് തോന്നുംപടി തലകുത്തി മറിയാം; കാമുകിയായ സൈരാ ബാനുവിനു പിന്നാലെ എല്ലാം മറന്ന് പാറിനടക്കാം. പക്ഷേ ഷൂട്ടിങ് സംഘവുമായി പഹല്‍ഗാമിലെത്തിയ സുബോധ് ഞെട്ടി. മലമടക്കുകളില്‍ മരുന്നിനു പോലുമില്ല മഞ്ഞുപാളികള്‍. ദിവസങ്ങള്‍ കാത്തിരുന്നിട്ടും പ്രകൃതി കനിയാതെ വന്നപ്പോള്‍ മറ്റൊരു ലൊക്കേഷന്‍ തിരഞ്ഞുപിടിക്കാതെ ഗത്യന്തരമില്ലെന്നായി. അങ്ങനെയാണ് ഷിംലക്ക് പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള കുഫ്രിയില്‍ എത്തിച്ചേര്‍ന്നത്. പന്ത്രണ്ടടി താഴ്ചയുള്ള മഞ്ഞുകട്ടകളുടെ പുറത്തുകൂടി ഇഷ്ടംപോലെ പാടി അഭിനയിച്ചു കൊള്ളാന്‍ ഷമ്മിക്ക് അനുവാദം നല്‍കുന്നു സംവിധായകന്‍. 'ചാഹേ കോയീ മുജേ ജംഗ്ലി കഹേ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനരംഗത്തിന്റെ പിറവി അങ്ങനെയാണ്.

അതേ പടത്തിലെ 'മേരെ യാര്‍ ഷബ്ബാ ഖേര്‍' എന്ന ഗാനം ചിത്രീകരിക്കപ്പെട്ടത് ശ്രീനഗറിലെ പ്രശസ്തമായ മുഗള്‍ ഉദ്യാനത്തില്‍. വലിയൊരു ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു ആ രംഗത്തിന്റെ ഷൂട്ടിങ്. പാട്ടിന്റെ ഒരു ഘട്ടത്തില്‍ ക്യാമറയിലേക്ക് തെല്ലു ഗൗരവത്തോടെ നോക്കണം സൈരാബാനു. പക്ഷേ എത്ര ശ്രമിച്ചിട്ടും നോട്ടം ശരിയാകുന്നില്ല. ആള്‍ക്കൂട്ടവും ബഹളവും തുടക്കക്കാരിയായ സൈരയെ അസ്വസ്ഥയാക്കിയിരിക്കണം. റീടേക്കുകള്‍ ആവര്‍ത്തിക്കപ്പെട്ടതോടെ ഒപ്പമഭിനയിക്കുന്ന ഷമ്മിയ്ക്ക് ക്ഷമകെട്ടു. ചുറ്റുമുള്ള ആളുകള്‍ കേള്‍ക്കേ, ഭപോയി അഭിനയം പഠിച്ചു വാ' എന്ന് ക്രുദ്ധനായി ഷമ്മി വിളിച്ചുപറഞ്ഞപ്പോള്‍ സൈര പൊട്ടിക്കരഞ്ഞു. ജനക്കൂട്ടത്തിനെ അത്ര പേടിയുണ്ടെങ്കില്‍ ബുര്‍ഖ ധരിച്ചു വരണം എന്നായി ഷമ്മി. പതിമൂന്നു വര്‍ഷം നീണ്ട ഒരു പിണക്കത്തിന്റെ തുടക്കമായിരുന്നു അത്. ഷമ്മിയും സൈരയും പിന്നീട് ഒന്നിച്ചത് 1975 ല്‍ പുറത്തിറങ്ങിയ സമീര്‍ എന്ന ചിത്രത്തിലാണ് (ഇടയ്ക്ക് സുഹൃത്തായ മന്‍മോഹന്‍ ദേശായിക്ക് നല്‍കിയ വാക്കു പാലിക്കാന്‍ ബ്ലഫ് മാസ്റ്ററില്‍ വഴിപാടു പോലെ പ്രത്യക്ഷപ്പെട്ടെങ്കിലും). അപ്പോഴേക്കും ഹിന്ദി സിനിമയില്‍ ഇരുവരുടെയും സുവര്‍ണ്ണകാലം അസ്തമിച്ചു കഴിഞ്ഞിരുന്നു.

അനന്ദ്‌നാഗിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാര്‍ത്താണ്‍ഡ് സൂര്യ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുന്നിലാണ് ഗുല്‍സാര്‍ സംവിധാനം ചെയ്ത 'ആന്ധി'യിലെ 'തെരെ ബിനാ സിന്ദഗി സേ' (കിഷോര്‍, ലത) എന്ന ഗാനത്തിന്റെ ചിത്രീകരണം. അഭിനയിച്ചത് സഞ്ജീവ് കുമാറും സൂചിത്രാ സെന്നും. കശ്മീരിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ സാന്നിധ്യമുണ്ട് സിനിമയിലെ മറ്റ് ഗാന രംഗങ്ങളിലും. 'ഇസ് മോഡ് സെ ജാത്തേ ഹേ' ഷൂട്ട് ചെയ്തത് പഹല്‍ഗാമില്‍. ശ്രീനഗറിലെ പരി മഹല്‍ ഉദ്യാനമാണ് 'തും ആഗയേ ഹോ നൂര്‍ ആഗയീ' എന്ന ഗാനത്തിന്റെ ലൊക്കേഷന്‍.

അങ്ങനെ എത്രയത്ര രസികന്‍ ഓർമകള്‍. രാഷ്ട്രീയവും ദേശീയവുമായ എല്ലാ ഭിന്നതകള്‍ക്കുമപ്പുറത്ത് കശ്മീര്‍ ജനത ഒരൊറ്റ മനസ്സോടെ ഏറ്റെടുത്ത ഗാനങ്ങളില്‍ മലയാളസിനിമയിലെ ഒരു ഹിന്ദി പാട്ടുമുണ്ട് എന്നത് നമുക്കഭിമാനിക്കാവുന്ന കാര്യം: കീര്‍ത്തി ചക്രയിലെ 'ഖുദാ സേ മന്നത്ത്.' കൊല്ലും കൊലയും നിറഞ്ഞ കശ്മീരിന്റെ വര്‍ത്തമാനകാല അവസ്ഥ ഹൃദയസ്പര്‍ശിയായി രേഖപ്പെടുത്തുന്ന വരികളാവണം ആ പാട്ടിന്റെ സ്വീകാര്യതക്ക് പിന്നില്‍. സജാത് ഫര്‍ഹാദ് എഴുതി ചിട്ടപ്പെടുത്തി കൈലാസ് ഖേര്‍ ഹൃദയം നല്‍കി പാടിയ ഗാനം ഇന്ത്യയില്‍ മാത്രമല്ല പാകിസ്താനിലും ആരാധകരെ നേടിയെടുത്തു. അതിര്‍ത്തിക്കപ്പുറത്തുമുണ്ടായി ഈ ഗാനത്തിന് നിരവധി കവര്‍ വേര്‍ഷനുകള്‍.

സമാധാനത്തിന്റെ പറുദീസയായിരുന്ന ആ പഴയ കശ്മീര്‍ തിരിച്ചു തരൂ എന്ന് ആത്മനൊമ്പരത്തോടെ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് 'കീര്‍ത്തിചക്ര'യിലെ തോണിക്കാരന്‍; ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് ഒഴുകിവരുന്ന പ്രാര്‍ത്ഥന. എന്നെങ്കിലും ഫലിക്കുമോ ആ സ്വപ്നം?

Content Highlights: Bollywoods Kashmir Songs and Memories

ABOUT THE AUTHOR

ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article