എം.കെ. സുരേഷ്
06 May 2025, 07:37 AM IST

പ്രതീകാത്മക ചിത്രം | ഫോട്ടോ: അഖിൽ ഇ.എസ് | മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ സിനിമാനയം എത്രയുംവേഗം കരടുരൂപത്തിലാക്കാൻ മന്ത്രിതലത്തിൽ ചർച്ച. നയരൂപവത്കരണസമിതി ചെയർമാനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുണിന്റെ മരണത്തോടെ സമിതിയിലെ മറ്റംഗങ്ങളുടെ സഹായം ഇക്കാര്യത്തിൽ ഉറപ്പാക്കും. സിനിമയ്ക്ക് വ്യവസായപദവി നൽകാനുള്ള സുപ്രധാനനിർദേശം നയത്തിലുണ്ടാകും.
നിർമാതാക്കൾക്ക് സർക്കാർ ആനുകൂല്യമടക്കമുള്ള ഒട്ടേറെ സൗകര്യങ്ങൾ ലഭിക്കാൻ ഇത് വഴിയൊരുക്കും. അഭിപ്രായസ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടുതന്നെ, സിനിമയെ തകർക്കുന്ന റിവ്യൂബോംബിങ്ങിന് തടയിടാനും നയത്തിൽ നിർദേശമുണ്ടാകും.
സിനിമ-സാഹിത്യ മേഖലയിലെ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുമായി 20 ഘട്ടങ്ങളിലായി കൂടിക്കാഴ്ചകളും യോഗങ്ങളും നടന്നിരുന്നു. 429 പേർ നിർദേശങ്ങളും നൽകി. ഈ അഭിപ്രായരൂപവത്കരണത്തിനൊപ്പം 17 സംസ്ഥാനങ്ങളിലെ സിനിമാനയത്തിന്റെ വിശദാംശങ്ങളും ശേഖരിച്ച് കരട് തയ്യാറാക്കുന്നതിനിടെയാണ് ചെയർമാന്റെ മരണം.
നയത്തിലെ പ്രധാന നിർദേശങ്ങൾ
- സാമ്പത്തികവളർച്ച ടാക്സ് റിബേറ്റ്, ഗ്രാന്റ്, സബ്സിഡികൾ എന്നിവയ്ക്ക് ശുപാർശ. മറ്റുസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും നിക്ഷേപം ആകർഷിക്കും.
- ആഗോള മത്സരക്ഷമത അന്താരാഷ്ട്ര വാണിജ്യസാധ്യത തുറക്കും. ഇന്റർനാഷണൽ കോ-പ്രൊഡക്ഷൻ, അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളുമായുള്ള ധാരണ എന്നിവയിലൂടെ പ്രൊഫഷണലുകളുടെ ശ്രദ്ധനേടും.
- ടാലന്റ് പ്രൊമോഷൻ ആർട്ടിസ്റ്റ് ഗ്രാന്റ്, സ്കോളർഷിപ്പ്, പരിശീലനം എന്നിവയിലൂടെ ടാലന്റ് പ്രൊമോഷൻ, നൈപുണ്യവികസനം.
- കേന്ദ്രസർക്കാരിന്റെ ചാമ്പ്യൻ സെക്ടറിൽ ഉൾപ്പെടുത്തി സഹായം.
- വ്യത്യസ്ത ശബ്ദങ്ങൾക്ക് വെള്ളത്തിരയിൽ പ്രതിനിധ്യം. ലിംഗസമത്വം പ്രോത്സാഹിപ്പിക്കും.
- പൈതൃകസംരക്ഷണം കേരളത്തിന്റെ സംസ്കാരത്തിലും പൈതൃകത്തിലും ഊന്നിയുള്ള ഉള്ളടക്കത്തിന് പ്രോത്സാഹനം.
- ചലച്ചിത്രപ്രവർത്തകർക്ക് മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥ, ക്ഷേമപദ്ധതി.
- അടിസ്ഥാനസൗകര്യവികസനം സാങ്കേതിക മികവേറിയ ഉപകരണങ്ങൾ, സ്റ്റുഡിയോ തുടങ്ങിയവ ഉറപ്പാക്കും.
- ഇ-ടിക്കറ്റിൽ സുതാര്യത ഉറപ്പാക്കും. വിശ്വസനീയമായ ലാഭനഷ്ടക്കണക്ക് പുറത്തുവിടും, ഒടിടിക്ക് മാർഗനിർദേശം.
Content Highlights: Kerala Govt. finalizes movie argumentation boosting industry, promoting talent, & ensuring just practices
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·