
ഹിരൺ ദാസ് മുരളി (വേടൻ) | Photo: Instagram/ O C H A, Mass Appeal India
ഫ്‌ളാറ്റില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തോടെ വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ് ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍. സ്വതന്ത്ര റാപ്പറായി ശ്രദ്ധ നേടി കുറഞ്ഞകാലംകൊണ്ട് സിനിമയിലടക്കം സാന്നിധ്യം ഉറപ്പിച്ച വേടന്‍, പുതിയ കാലത്തെ സംഗീതാസ്വാദകരുടെ പ്രിയതാരമാണ്. 'വോയ്‌സ് ഓഫ് വോയിസ്‌ലെസ്' എന്ന മ്യൂസിക് വീഡിയോയിലൂടെ ശ്രദ്ധ നേടിയ വേടന്‍ അടുത്ത കാലത്തിറങ്ങിയ വിജയചിത്രങ്ങളിലെ ഗാനങ്ങളിലൂടെയും ശ്രദ്ധേയനാണ്.
തൃശ്ശൂര്‍ സ്വദേശിയാണ് വേടന്‍. ഹിരണ്‍ ദാസ് മുരളിയെന്നാണ് യഥാര്‍ഥപേര്. 25-ാം വയസ്സിലാണ് വേടന്‍ തന്റെ ആദ്യ മ്യൂസിക് വീഡിയോ പുറത്തിറക്കുന്നത്. ആദ്യ വീഡിയോ തന്നെ സംഗീതപ്രേമികള്‍ ഏറ്റെടുത്തു. വേടന്റെ പാട്ടുകള്‍ പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നിര്‍മാണമേഖലയില്‍ ജോലി ചെയ്ത വേടന്‍ പിന്നീട് എഡിറ്റര്‍ ബി. അജിത് കുമാറിന്റെ സ്റ്റുഡിയോ ബോയ് ആയി പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ റാപ്പറായ ടൂപാക് ഷാക്കൂറില്‍നിന്ന് പ്രചോദിതമായാണ് സ്വതന്ത്ര സംഗീതരംഗത്തേക്ക് എത്തുന്നത്.
ആദ്യ വീഡിയോയ്ക്ക് ശേഷം വന്ന വേടന്റെ മറ്റ് റാപ്പുകളും ശ്രദ്ധനേടി. 2021-ല്‍ പുറത്തിറങ്ങിയ നായാട്ട്, 2023-ല്‍ പുറത്തിറങ്ങിയ കരം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയിലെ പാട്ടുകള്‍ ശ്രദ്ധേയമായി. ഇതിനിടെയാണ് വേടനെതിരെ ലൈംഗികാരോപണവും ഉയര്‍ന്നത്. 'വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ്' എന്ന കൂട്ടായ്മയ വഴിയാണ് ഏതാനും സ്ത്രീകള്‍ വേടനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മദ്യലഹരിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം. സുഹൃദ്‌വലയത്തിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് നുണ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.
സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന സംഗീത ആല്‍ബത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് വേടനെതിരെ മീടു ആരോപണം ഉയര്‍ന്നത്. പിന്നാലെ ആല്‍ബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്ന് മുഹ്‌സിന്‍ പരാരി അറിയിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ വേടന്‍ മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ടുള്ള വേടന്റെ പോസ്റ്റിന് നടി പാര്‍വതി തിരുവോത്ത് ലൈക്ക് ചെയ്തത് വിവാദമായി. തുടര്‍ന്ന് ലൈക്ക് പിന്‍വലിച്ച് പാര്‍വതി മാപ്പ് പറഞ്ഞു.
അടുത്തിടെ സംഗീത പരിപാടികള്‍ക്കിടെ വേടന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. എമ്പുരാന്‍ വിവാദവുമായി ബന്ധപ്പെട്ട്, സിനിമ ചെയ്തതിന് ഇഡി റെയ്ഡ് വരുന്ന കാലമാണിതെന്ന വേടന്റെ വാക്കുകള്‍ വൈറലായി. കാരണവന്മാര്‍ മണ്ടത്തരം കാണിച്ച് നടക്കുകയാണെന്നും പുതുതലമുറയില്‍ മാത്രമാണ് പ്രതീക്ഷയെന്നും വേടന്‍ അന്ന് പറഞ്ഞു.
തൃശ്ശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പരിപാടിക്കിടെ സിന്തറ്റിക് ലഹരിക്കെതിരെ നടത്തിയ പരാമര്‍ശവും ചര്‍ച്ചയായി. 'ഞാന്‍ അനുഭവംകൊണ്ട് പറയുകയാണ് മക്കളേ, സിന്തറ്റിക് ഡ്രഗ് പത്തുപേര്‍ അടിച്ചുകഴിഞ്ഞാല്‍ രണ്ടുപേര്‍ ചത്തു പോവും. അത് ചെകുത്താനാണ്, അവനെ ഒഴിവാക്കുക. ദയവുചെയ്ത്... പ്ലീസ്. എത്ര അമ്മയും അപ്പനുമാണ് എന്റെയടുത്ത് വന്ന് കാലുപിടിക്കുന്നത്, മക്കളെ ഇതൊന്ന് പറഞ്ഞു മനസിലാക്ക് എന്ന്. എനിക്കിത് പറയേണ്ട ആവശ്യമില്ല, പക്ഷേ, ഞാന്‍ നിങ്ങളുടെ ചേട്ടനാണല്ലോ' എന്നായിരുന്നു വേടന്റെ വാക്കുകള്‍.
Content Highlights: Who is Vedan? Sexual allegations to Cannabis case, proposal against synthetic drug
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·