സിന്ധുവും ഞാനും രണ്ട് ധ്രുവങ്ങളിൽനിന്ന് വന്നവർ,എല്ലാം അഡ്ജസ്റ്റുമെന്റിലൂടെ മുന്നോട്ടുപോയി-കൃഷ്ണകുമാർ

6 months ago 7

krishna kumar sindhu krishna

കൃഷ്ണകുമാർ, സിന്ധു കൃഷ്ണയും കൃഷ്ണകുമാറും | Photo: Screen grab/ YouTube: Krishna Kumar, Facebook/ Krishna Kumar

ഭാര്യ സിന്ധു കൃഷ്ണയുമൊത്തുള്ള മുപ്പതുവര്‍ഷത്തെ ദാമ്പത്യജീവിതം ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ കൃഷ്ണകുമാര്‍. താനും ഭാര്യയും രണ്ട് ധ്രുവങ്ങളില്‍നിന്ന് വന്നവരാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. സാമ്പത്തികമായി തന്നേക്കാള്‍ മെച്ചപ്പെട്ട കുടുംബത്തില്‍നിന്നാണ് സിന്ധു വരുന്നത്. വളരെ സൗകര്യത്തില്‍ ജീവിക്കുന്നവര്‍ക്ക് താഴേക്ക് ഇറങ്ങിവരാന്‍ അത്ര എളുപ്പമല്ല. എന്നാല്‍, വിവാഹശേഷം സിന്ധു അതുമായി പൊരുത്തപ്പെട്ടു. സാമ്പത്തികമായി പലപ്പോഴും ഞെരുങ്ങിയപ്പോള്‍ പോലും രണ്ടുപേരും ചില അഡ്ജസ്റ്റുമെന്റുകളിലൂടെ മുന്നോട്ടുപോയെന്നും കൃഷ്ണകുമാര്‍ തന്റെ വ്‌ളോഗില്‍ പറഞ്ഞു.

ഭാര്യയെ പറ്റി വളരെ മോശമാക്കി സംസാരിക്കുന്നുവെന്ന് പലരും കമന്റിടാറുണ്ടെന്ന മുഖവുരയോടെ സിന്ധുവിനെ ഇരുത്തിക്കൊണ്ട് പുകഴ്ത്താം എന്ന് പറഞ്ഞാണ് കൃഷ്ണകുമാര്‍ പറഞ്ഞു തുടങ്ങിയത്. സത്യം പറയുമ്പോള്‍ ചിലര്‍ക്ക് പുകഴ്ത്തലായി തോന്നുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. താനും സിന്ധുവും രണ്ട് ധ്രുവങ്ങളില്‍നിന്ന് വന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞപ്പോള്‍, വന്ന 'പ്ലാനറ്റി'ന്റെ പേരെന്താണെന്നായി സിന്ധുവിന്റെ ചോദ്യം. ഗ്രഹങ്ങളെന്നല്ല, ധ്രുവങ്ങളെന്നാണ് പറഞ്ഞതെന്ന് കൃഷ്ണകുമാര്‍ തിരുത്തി. ചേട്ടന്റെ ധ്രുവം ഏതാണെന്ന് സിന്ധു ചോദിച്ചപ്പോള്‍, നമ്മള്‍ എപ്പോഴും ഉത്തരധ്രുവവും ദക്ഷിണധ്രുവവുമാണെന്ന് കൃഷ്ണകുമാറിന്റെ മറുപടി.

'നമ്മള്‍ പരിചയപ്പെടുമ്പോള്‍ സാമ്പത്തികമായി നീ ധനികയായിരുന്നു. എന്നാല്‍ ഞാന്‍ അതായിരുന്നില്ല. അങ്ങനെ വന്നാല്‍ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാവും. അങ്ങനെ വന്നാല്‍ രണ്ടുപേര്‍ക്ക് ഒരുമിച്ച് പോവാന്‍ ബുദ്ധിമുട്ട് വരും. അവരുടെ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ട് വരും. സിന്ധുവിന്റെ അച്ഛനും അമ്മയുമൊക്കെ അന്ന് പുറത്താണ്. അവരുടെ മക്കളെക്കുറിച്ച് അവര്‍ക്ക് കുറേ സ്വപ്‌നങ്ങള്‍ കാണും. ഡോക്ടര്‍, എന്‍ജിനിയര്‍ എന്ന ചിന്തവരും. ഞാന്‍ ഈ സിനിമാ എന്ന് പറഞ്ഞു നടക്കുന്നു, പ്രത്യേകിച്ച് വരുമാനമില്ല. രണ്ട് സിനിമ കിട്ടിയില്ലെങ്കില്‍ കഥ കഴിഞ്ഞു', കൃഷ്ണകുമാര്‍ പറഞ്ഞു.

'ആ സമയത്ത്, ഞാന്‍ ചെന്നൈയില്‍ കഴിയുന്ന കാലത്ത്, മാതാപിതാക്കള്‍ അയച്ചുകൊടുക്കുന്ന കാശില്‍നിന്ന് എനിക്ക് ഇവള്‍ പണം അയച്ചുതരും. അഞ്ഞൂറും ആയിരവുമൊക്കെയാവും അയച്ചുതരുന്നത്. അത് വളരെ വലിയൊരു തുകയാണ്. ഈ പൈസ വരുമ്പോള്‍ ഞാനും എന്റെ കൂട്ടുകാരനും കൂടെ പുറത്തുപോയി കഴിക്കാറുണ്ട്. അത് വലിയ ആഹ്ലാദം തരുന്ന കാര്യമാണ്. എനിക്ക് മാത്രമല്ല, ആ പുള്ളിക്ക് വാങ്ങിച്ചുകൊടുക്കുമ്പോള്‍ കൊടുത്തു എന്നുള്ള സന്തോഷം. അടുത്ത തവണ എന്റെ വീട്ടില്‍ വരുമ്പോള്‍ ഞാനിത് തീര്‍ക്കും എന്ന് അവന്‍ പറയും', കൃഷ്ണകുമാര്‍ ഓര്‍ത്തു.

'വളരെ സൗകര്യപൂര്‍വമുള്ള വീട്ടില്‍ ജീവിച്ചിട്ട് കല്യാണം കഴിഞ്ഞ ശേഷം, വളരെ ചെറിയ ഫ്‌ളാറ്റിലേക്ക് വരുന്നു. ചെറിയ കെട്ടിടത്തില്‍നിന്ന് വലുതിലേക്ക് ജീവിക്കാന്‍ എളുപ്പമാണ്. വളരെ സൗകര്യത്തില്‍ ജീവിക്കുന്നവര്‍ക്ക് താഴേക്ക് ഇറങ്ങിവരാന്‍ അത്ര എളുപ്പമല്ല. ഇതെല്ലാം പൊരുത്തപ്പെട്ട്, ഒന്നിന് പിറകേ ഒന്നായി പിള്ളേര് വരുന്നു. ആ ഫ്‌ളാറ്റില്‍നിന്ന് വീട് വാടകയ്ക്ക് എടുത്തുപോയി. സാമ്പത്തികമായി ഞെരുങ്ങി പലപ്പോഴും. എത്രപ്രയാസമുണ്ടെങ്കിലും കുട്ടികളെ വളര്‍ത്തുക സന്തോഷമാണ്. എല്ലാം ഒരു അഡ്ജസ്റ്റുമെന്റിലൂടെ മുന്നോട്ടുപോയി', കൃഷ്ണകുമാര്‍ പറഞ്ഞു.

'എന്തുകൊണ്ട് അടികൂടുന്നു എന്ന് ചോദിച്ചാല്‍, രണ്ടുതരത്തില്‍ ജീവിച്ചു വളര്‍ന്നവര്‍. അങ്ങനെ രണ്ടുപേരാണ് ഒരുദിവസം ഒത്തുകൂടുന്നത്. സ്വാഭാവികമായും എതിരഭിപ്രായങ്ങള്‍ വരും. അവസാനം ഒരു ഏരിയയിലേക്ക് എത്തി കോംപ്രമൈസിലേക്ക് വരും. അതും ആവശ്യമാണ്. രണ്ടുപേരും ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു'. ഇപ്പോഴത് മാറിയെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Actor Krishna Kumar opens up astir his 30-year matrimony with Sindhu

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article