‘സിന്നർ ജയിക്കുമെന്ന് ട്രംപ് ബെറ്റ് വച്ചിരുന്നോ?’; പ്രസിഡന്റ് അത്ര ‘ഹാപ്പി’ അല്ല; മുഖഭാവം വൈറൽ– വിഡിയോ

4 months ago 5

ഓൺലൈൻ ഡെസ്‌ക്

Published: September 08, 2025 11:15 AM IST

1 minute Read

 X/@jsmove7
യുഎസ് ഓപ്പൺ ടെന്നിസ് ഫൈനലിൽ കാർലോസ് അൽകാരസ് വിജയിച്ചപ്പോൾ മത്സരം കാണാൻ എത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖഭാവം. ചിത്രം: X/@jsmove7

ന്യൂയോർക്ക്∙ മൂന്നു വർഷങ്ങൾക്കു ശേഷം യുഎസ് ഓപ്പൺ ടെന്നിസ് കിരീടത്തിൽ വീണ്ടും മുത്തമിട്ടിരിക്കുകയാണ് കാർലോസ് അൽകാരസ്. ഇറ്റലിക്കാരൻ  യാനിക് സിന്നറെ വീഴ്ത്തിയാണ് സ്പെയിൻകാരൻ അൽകാരസിന്റെ കിരീടനേട്ടം. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെ ഫൈനലിലെത്തിയ അൽകാരസ്, കലാശപ്പോരാട്ടത്തിലെ രണ്ടാം സെറ്റിൽ സിന്നർ ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ചാംപ്യനായത്. സ്കോർ: 6-2 3-6 6-1- 6-4. ഇതോടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേയ്ക്കു തിരിച്ചെത്തുകയും ചെയ്തു.

അതേസമയം, അൽകാരസ്– സിന്നർ മത്സരം കാണാനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപായിരുന്നു ഫൈനൽ പോരാട്ടത്തിലെ ശ്രദ്ധാകേന്ദ്രം. ആധുനിക ടെന്നിസിലെ രണ്ടു പോസ്റ്റർ ബോയികൾ തമ്മിലുള്ള മത്സരം കാണാൻ സെലിബ്രറ്റികൾ തിങ്ങിനിറഞ്ഞ ആർതർ ആഷെ സ്റ്റേഡിയത്തിലേക്ക് ട്രംപ് എത്തിയപ്പോൾ ചിലർ കയ്യടിക്കുകയും മറ്റു ചിലർ കൂവുകയും ചെയ്തു.

രണ്ടു മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന മത്സരത്തിലുടനീളം ട്രംപ് സ്റ്റേഡിയത്തിൽ തന്നെ തുടർന്നു. മത്സരത്തിന്റെ അവസാനം അദ്ദേഹത്തിന്റെ മുഖഭാവം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. സിന്നറിനെ വീഴ്ത്തി അൽകാരസ് തന്റെ രണ്ടാം യുഎസ് ഓപ്പൺ കിരീടം നേടിയപ്പോൾ കാണികൾ മുഴുവൻ കരഘോഷം മുഴക്കിയപ്പോൾ, പ്രസിഡന്റ് ട്രംപ് അത്ര ‘ഹാപ്പി’ ആയിരുന്നില്ലെന്നാണ് മുഖഭാവങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ട്രംപിന്റെ ‘അസന്തുഷ്ട’ ഭാവത്തിലുള്ള മീമുകളും സൈബർ ലോകത്ത് ഹിറ്റായി.

യുഎസ് ഓപ്പണർ കിരീടം സിന്നർ ചൂടുമെന്ന് ട്രംപ് ബെറ്റ് വച്ചിരുന്നോ എന്നാണ് ചിലരുടെ സംശയം. മറ്റു ചിലർ രാഷ്ട്രീയ കാരണങ്ങളും ചൂണ്ടിക്കാട്ടിയപ്പോൾ
‘അൽകാരാസ് മെക്സിക്കൻ അല്ലെന്ന് ആരെങ്കിലും ട്രംപിനോട് പറയൂ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഫൈനലിൽ ആരും ജയിക്കണമെന്ന കാര്യത്തിൽ നിഷ്‌പക്ഷനായിരുന്നെങ്കിലും ട്രംപിന്റെ മുഖഭാവം കണ്ടപ്പോൾ അൽകാരസ് ജയിച്ചതിൽ സന്തോഷമുണ്ടെന്നാണ് ഒരാൾ കുറിച്ചത്. ട്രംപിനെ കൂടാതെ മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ പെപ് ഗാർഡിയോള, എൻബിഎ ഇതിഹാസം സ്റ്റെഫ് കറിയും യുഎസ് ഓപ്പൺ ടെന്നിസ് ഫൈനൽ കാണാൻ എത്തിയിരുന്നു.

∙ മധുരപ്രതികാരം

കഴിഞ്ഞ ജൂലൈയിൽ വിമ്പിൾഡൻ ഫൈനലിൽ സിന്നറിനോടേറ്റ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയായി അൽകാരസിന്റെ വിജയം. അന്ന് തുടർച്ചയായി മൂന്നാം കിരീടം ലക്ഷ്യമിട്ട് ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിലെത്തിയ കാർലോസ് അൽകാരസിനെ മലർത്തിയടിച്ചാണ് യാനിക് സിന്നർ തന്റെ നാലാം ഗ്രാൻസ്‌ലാം കിരീടം ചൂടിയത്.

English Summary:

Carlos Alcaraz secured his 2nd US Open rubric aft defeating Jannik Sinner. The lucifer garnered attraction owed to Donald Trump's presence, whose reactions became viral. Alcaraz's triumph besides marks a saccharine revenge for his erstwhile nonaccomplishment to Sinner astatine Wimbledon.

Read Entire Article