Published: July 15 , 2025 04:54 PM IST
1 minute Read
ലണ്ടൻ∙ മുഹമ്മദ് സിറാജിന്റെ പ്രതിരോധം തകർത്ത് ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച ഓഫ് സ്പിന്നർ ശുഐബ് ബഷീർ, പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പുറത്ത്. ഇടതുകൈവരിലിനേറ്റ പൊട്ടലിനെ തുടർന്നാണ് ശുഐബ് ബഷീർ പുറത്തായത്. താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ബഷീറിനു പകരം വെറ്ററൻ സ്പിന്നർ ലിയാം ഡേവ്സനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. ഏട്ടു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് മുപ്പത്തഞ്ചുകാരനായ ഡേവ്സൻ വീണ്ടും ദേശീയ ടീമിലെത്തുന്നത്.
ലോഡ്സ് ടെസ്റ്റിൽ വാലറ്റത്തിന്റെ സഹായത്തോടെ രവീന്ദ്ര ജഡേജ നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയ്‍ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചപ്പോൾ, ഇംഗ്ലണ്ടിന്റെ രക്ഷകനായത് ശുഐബ് ബഷീറായിരുന്നു. 7ന് 82 എന്ന നിലയിൽ പതറിയ ഇന്ത്യയെ അവസാന 3 വിക്കറ്റുകളിൽ 88 റൺസ് കൂട്ടിച്ചേർത്താണ് ജഡേജ മത്സരത്തിലേക്കു തിരികെക്കൊണ്ടുവന്നത്. ആദ്യം ജസ്പ്രീത് ബുമ്രയ്ക്കും (54 പന്തിൽ 5) പിന്നാലെ മുഹമ്മദ് സിറാജിനുമൊപ്പം (30 പന്തിൽ 4) ജഡേജ പടുത്തുയർത്തിയ കൂട്ടുകെട്ടുകൾ ഇംഗ്ലണ്ട് ക്യാംപിൽ ആശങ്ക വിതച്ചതാണ്.
ഒടുവിൽ 10–ാം വിക്കറ്റിൽ ജഡേജ – സിറാജ് കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യ വിജയത്തിലേക്കുള്ള ദൂരം കുറച്ചുവന്നുകൊണ്ടിരിക്കുന്നതിനിടെയാണ്, പരുക്കിന്റെ പിടിയിലായിട്ടും ശുഐബ് ബഷീറിനെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പന്തേൽപ്പിച്ചത്. എന്നാൽ ശുഐബ് ബഷീറിന്റെ പന്ത് പ്രതിരോധിക്കുന്നതിൽ സിറാജിനു സംഭവിച്ച ശ്രദ്ധക്കുറവാണ് ഒടുവിൽ ഇന്ത്യൻ പ്രതീക്ഷകൾക്കു കർട്ടനിട്ടത്.
ലോഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിനം സ്വന്തം ബോളിങ്ങിൽ രവീന്ദ്ര ജഡേജയെ ക്യാച്ചെടുത്തു പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് ശുഐബ് ബഷീറിന്റെ ഇടതുകൈവിരലിന് പരുക്കേറ്റത്. തുടർന്ന് കളംവിട്ട താരം പിന്നീട് ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ടീമിന്റെ അവസ്ഥ മാനിച്ച് ആദ്യം ബാറ്റിങ്ങിനെത്തിയ ബഷീർ, അവസാന ദിനം ഇന്ത്യൻ വാലറ്റം അപ്രതീക്ഷിതമായി നടത്തിയ ചെറുത്തുനിൽപ്പിനെ തുടർന്ന് ബോളിങ്ങിനും നിയോഗിക്കപ്പെട്ടു. ഇംഗ്ലണ്ട് കാത്തുകാത്തിരുന്ന അവസാന വിക്കറ്റുമായി ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്സിൽ പരുക്കേറ്റ വിരലുമായി 5.5 ഓവർ ബോൾ ചെയ്ത താരം, ആറു റൺസ് വഴങ്ങിയാണ് സിറാജിന്റെ വിക്കറ്റ് വീഴ്ത്തിയത്.
ബഷീറിനു പകരം ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട ലിയാം ഡേവ്സൻ ഏറ്റവും ഒടുവില് ദേശീയ ജഴ്സിയിൽ കളിച്ചത് 2017 ജൂലൈയിലാണ്. നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് താരം വീണ്ടും ടീമിലെത്തുന്നത്. ഇതുവരെ മൂന്നു ടെസ്റ്റുകൾ മാത്രം കളിച്ച താരം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 371 വിക്കറ്റുകളും 18 സെഞ്ചറികളും നേടിയിട്ടുണ്ട്.
English Summary:








English (US) ·