Published: July 04 , 2025 04:42 PM IST Updated: July 04, 2025 11:13 PM IST
2 minute Read
ബർമിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 22 പന്തിൽ 28 റൺസെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 13 ഓവറിൽ 64 റൺസെന്ന നിലയിലാണ് ഇന്ത്യ. കെ.എൽ. രാഹുലും (38 പന്തിൽ 28), കരുൺ നായരുമാണു (18 പന്തിൽ ഏഴ്) ക്രീസിൽ. ഇന്ത്യയ്ക്ക് നിലവിൽ 244 റൺസിന്റെ ലീഡുണ്ട്.
ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 89.3 ഓവറിൽ 407 റൺസെടുത്തു പുറത്തായിരുന്നു. 180 റൺസിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പർ ബാറ്റർ ജെയ്മി സ്മിത്ത് സെഞ്ചറി നേടി പുറത്താകാതെ നിന്നു. 207 പന്തുകളിൽ നാല് സിക്സും 21 ഫോറുകളും നേടിയ ജെയ്മി 184 റൺസടിച്ചു. ഹാരി ബ്രൂക്കും സെഞ്ചറി തികച്ചു. 19.3 ഓവറുകൾ പന്തെറിഞ്ഞ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് 70 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തി. ആകാശ്ദീപ് നാലു വിക്കറ്റുകളും സ്വന്തമാക്കി.
303 റൺസിന്റെ കൂട്ടുകെട്ടാണ് ജെയ്മി സ്മിത്തും ഹാരി ബ്രൂക്കും ചേര്‍ന്ന് പടുത്തുയർത്തിയത്. പക്ഷേ മധ്യനിരയിൽ മറ്റാരും തിളങ്ങാതെ പോയതോടെ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സ് ലീഡിലേക്കെത്താൻ സാധിച്ചില്ല. 234 പന്തുകൾ നേരിട്ട ബ്രൂക്ക് 158 റൺസെടുത്താണു പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി മികച്ച രണ്ടാമത്തെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്മിത്തും ബ്രൂക്കും ചേർന്ന് ബർമിങ്ങാമിൽ അടിച്ചെടുത്തത്.
ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലിയിൽ ബാറ്റു വീശിയ സ്മിത്ത് ബർമിങ്ങാമിൽ 80 പന്തുകളിൽനിന്നാണ് സെഞ്ചറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ മൂന്നാമത്തെ വേഗതയേറിയ സെഞ്ചറിയാണ് ജെയ്മി സ്മിത്ത് രണ്ടാം ടെസ്റ്റിൽ നേടിയത്. മുഹമ്മദ് സിറാജിന്റെ പന്തിൽ ബെൻ സ്റ്റോക്സ് പുറത്തായതിനു പിന്നാലെ മൂന്നാം ദിവസത്തെ രണ്ടാം ഓവറിലാണ് ജെയ്മി ബാറ്റിങ്ങിന് ഇറങ്ങിയത്. ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയെ ജെയ്മി സ്മിത്ത് തുടർച്ചയായി ബൗണ്ടറി കടത്തി. താരത്തിന്റെ മികവിൽ ആദ്യ സെഷനിലെ 27 ഓവറിൽ ഇംഗ്ലണ്ട് 172 റൺസെടുത്തു.
ജോ റൂട്ട് (46 പന്തിൽ 22), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (പൂജ്യം), ക്രിസ് വോക്സ് (17 പന്തിൽ അഞ്ച്), ബ്രൈഡൻ കാഴ്സ് (പൂജ്യം), ജോഷ് ടോങ് (പൂജ്യം), ശുഐബ് ബഷീർ (പൂജ്യം) എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റ് ഇംഗ്ലണ്ട് താരങ്ങൾ. പേസർ മുഹമ്മദ് സിറാജ് എറിഞ്ഞ 22–ാം ഓവറിലെ മൂന്നാം പന്തിൽ റൂട്ടിനെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പിടിച്ചെടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ബെൻ സ്റ്റോക്സിനെയും ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. എന്നാൽ ബ്രൂക്കും ജെയ്മി സ്മിത്തും ചേർന്നുള്ള കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെയെത്തിച്ചു. 300 റൺസും പിന്നിട്ട കൂട്ടുകെട്ടിനൊടുവിൽ 83–ാം ഓവറിൽ ബ്രൂക്കിനെ ബോൾഡാക്കി ആകാശ് ദീപ് ഈ കൂട്ടുകെട്ടു പൊളിച്ചു. ജെയ്മി സ്മിത്ത് തകർത്തുകളിച്ചെങ്കിലും ഇംഗ്ലണ്ട് വാലറ്റം അതിവേഗം പുറത്തായതോടെ സ്കോർ 407ൽ അവസാനിച്ചു.
രണ്ടാം ദിവസം കളി നിർത്തുമ്പോൾ 20 ഓവറിൽ മൂന്നിന് 77 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ജസ്പ്രീത് ബുമ്രയ്ക്കു പകരക്കാരനായെത്തിയ പേസർ ആകാശ്ദീപിന്റെ പ്രകടനമാണ് രണ്ടാം ദിവസം ഇന്ത്യയ്ക്കു പ്രതീക്ഷയായത്. മൂന്നാം ഓവറിലെ നാല്, അഞ്ച് പന്തുകളിൽ ബെൻ ഡക്കറ്റ്, ഒലി പോപ്പ് എന്നിവരെ ആകാശ് ദീപ് പുറത്താക്കി. 30 പന്തിൽ 19 റൺസെടുത്ത സാക് ക്രൗലിയെ മുഹമ്മദ് സിറാജ് കരുൺ നായരുടെ കൈകളിലെത്തിച്ചു. ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും ചെറുത്തുനിൽപാണ് രണ്ടാം ദിനം വലിയ തകർച്ചയിൽനിന്ന് ഇംഗ്ലണ്ടിനെ രക്ഷപെടുത്തിയത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587 റൺസെടുത്തു പുറത്തായി. റെക്കോർഡുകൾ തകർത്തെറിഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇന്നിങ്സാണ് രണ്ടാം ദിനം ഇന്ത്യയ്ക്കു മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിൽ 387 പന്തുകൾ നേരിട്ട ഗിൽ 269 റണ്‍സെടുത്തു പുറത്തായി.
English Summary:








English (US) ·