Published: November 09, 2025 07:18 PM IST
1 minute Read
ബെംഗളൂരു∙ മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ..വൻ താരനിര അടങ്ങിയ ഇന്ത്യ എയുടെ ബോളിങ് നിരയ്ക്കും ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാനായില്ല. വമ്പൻ വിജയലക്ഷ്യത്തിലേക്കു ലക്ഷ്യബോധത്തോടെ ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക എയ്ക്ക് രണ്ടാം ചതുർദിന ടെസ്റ്റിൽ ഇന്ത്യ എയ്ക്കെതിരെ 5 വിക്കറ്റിന്റെ മികച്ച ജയം. 417 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. അർധസെഞ്ചറി നേടിയ ജോർദൻ ഹെർമൻ (91) ലെസെഗോ സെനോക്വാനെ (77), സുബൈർ ഹംസ (77), തെംബ ബാവുമ (59), കോണർ എസ്റ്റർഹുയിസെൻ (52*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്കയുടെ വിജയം.
സ്‌കോര്‍: ഇന്ത്യ എ– 255 & 382/7 ഡി, ദക്ഷിണാഫ്രിക്ക എ– 221 & 417/5. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 1–1 സമനിലയിലായി. ആദ്യ ടെസ്റ്റ് ഇന്ത്യ മൂന്നു വിക്കറ്റിന് ജയിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെന്ന നിലയിലാണ് നാലാം ദിനം, ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. ഒന്നാം വിക്കറ്റിൽ ജോർദൻ ഹെർമൻ – ലെസെഗോ സെനോക്വാനെ ഓപ്പണിങ് സഖ്യം 156 റൺസ് കൂട്ടിച്ചേർത്തു. ഹെര്‍മനെ പുറത്താക്കി മുഹമ്മദ് സിറാജാണ് കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ സെനോക്വാനെ ഹര്‍ഷ് ദുബെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇതോടെ 2ന് 197 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.
എന്നാൽ മൂന്നാം വിക്കറ്റിൽ ഹംസ - ബാവുമ സഖ്യം കരുതലോടെ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി. ഇരുവരും ചേർന്ന് 107 റണ്‍സ് കൂട്ടിചേര്‍ത്തു. ഹംസയെ ക്ലീൻ ബൗൾഡാക്കി പ്രസിദ്ധ് കൃഷ്ണ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ക്യാപ്റ്റൻ മാർക്വെസ് ആക്കർമാൻ (24), ബാവുമ എന്നിവരുടെ വിക്കറ്റും വീണെങ്കിലും എസ്റ്റെർഹുയിസെൻ - ടിയാൻ വാൻ വുറൻ (20*) സഖ്യം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ഹർഷ് ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 17 ഓവറിൽ 81 റൺസ് വിട്ടുകൊടുത്ത കുൽദീപ് യാദവിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ദക്ഷിണാഫ്രിക്ക ജയം ഉറപ്പിച്ചതോടെ അവസാന രണ്ട് ഓവറുകൾ സായ് സുദർശനും ദേവ്‌ദത്ത് പടിക്കലുമാണ് എറിഞ്ഞത്.
English Summary:








English (US) ·