Published: November 07, 2025 07:10 AM IST Updated: November 07, 2025 11:10 AM IST
1 minute Read
മിലാൻ ∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ വമ്പൻ ടീമുകൾക്കു കാലിടറുന്നതു തുടരുന്നു. സ്പാനിഷ് ക്ലബ് ബാർസിലോന ക്ലബ് ബ്രൂഗുമായി 3–3 സമനില വഴങ്ങിയ ദിനം ഇംഗ്ലിഷ് ക്ലബ് ചെൽസിക്ക് അസർബൈജാൻ ക്ലബ് ക്വാറാബാഗുമായി 2–2 സ്കോറിൽ കളി അവസാനിപ്പിക്കേണ്ടി വന്നു.
സ്പാനിഷ് ക്ലബ് വിയ്യാറയൽ സൈപ്രസ് ക്ലബ് പാഫോസിനോട് 1–0 തോൽവി വഴങ്ങിയപ്പോൾ പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക ജർമൻ ക്ലബ് ബയേർ ലെവർക്യൂസനോടും പരാജയം സമ്മതിച്ചു (1–0). അതേസമയം, ചാംപ്യൻ ടീമുകളായ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും മികച്ച വിജയങ്ങളുമായി നില മെച്ചപ്പെടുത്തി. ഇന്റർ മിലാൻ 2–1ന് കസഖ്സ്ഥാൻ ക്ലബ് കെയ്റാറ്റിനെ തോൽപിച്ചു. മാഞ്ചസ്റ്റർ സിറ്റി 4–1ന് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെയും പരാജയപ്പെടുത്തി.
ഇന്റർ മുന്നോട്ട്
കഴിഞ്ഞ സീസണിൽ ഫൈനലിൽ പിഎസ്ജിയോടു തോൽവി വഴങ്ങേണ്ടി വന്ന ഇറ്റാലിയൻ ക്ലബ് ഇന്റർ മിലൻ ഇത്തവണ നാലു മത്സരങ്ങളിൽ നാലും ജയിച്ച് മിന്നും ഫോമിലാണ്. കെയ്റാറ്റിനെതിരെ ലൗറ്റാരോ മാർട്ടിനെസ്, കാർലോസ് അഗുസ്തോ എന്നിവരാണ് ഇന്ററിനായി ഗോൾ നേടിയത്. ഇതോടെ, ബയൺ മ്യൂണിക്, ആർസനൽ എന്നിവർക്കൊപ്പം നാലു മത്സരങ്ങളും ജയിച്ച ടീമുകളുടെ നിരയിലേക്ക് ഇന്റർ മിലാനുമെത്തി.
ഡബിൾ ഫോഡൻ
മാഞ്ചസ്റ്റർ സിറ്റി 4–1നു ഡോർട്മുണ്ടിനെ മുക്കിയ മത്സരത്തിൽ 2 ഗോളടിച്ചത് ഇംഗ്ലിഷ് താരം ഫിൽ ഫോഡനാണ്. എർലിങ് ഹാളണ്ട്, പകരക്കാരൻ റയാൻ ചേർക്കി എന്നിവരും സിറ്റിക്കായി ഗോൾ നേടി. ഇതിനു മുൻപ്, മോണക്കോയോട് 2–2 സമനില വഴങ്ങേണ്ടി വന്ന സിറ്റിയുടെ 3–ാം വിജയമാണിത്. ചാംപ്യൻസ് ലീഗിൽ തുടർച്ചയായ 5–ാം മത്സരത്തിലാണു ഹാളണ്ട് ഗോൾ നേടുന്നത്. ഈ വർഷം ക്ലബ്ബിനു രാജ്യത്തിനുമായി 17 കളികളിൽനിന്ന് നോർവേ താരത്തിന്റെ ഗോൾനേട്ടം 27 ആയി.
ബാർസ മങ്ങി
കഴിഞ്ഞ ദിവസം ലിവർപൂളിനോടു തോൽവി വഴങ്ങിയ റയൽ മഡ്രിഡിനു പിന്നാലെ സ്പാനിഷ് ക്ലബ് ബാർസിലോനയും ചാംപ്യൻസ് ലീഗിൽ തിരിച്ചടിയേറ്റുവാങ്ങി. ബൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഗിയോട് 3 വട്ടം പിന്നിൽനിന്ന ശേഷം തിരിച്ചടിച്ചാണു ബാർസ 3–3 സമനില പിടിച്ചത്. ഫെറാൻ ടോറസ്, ലമീൻ യമാൽ എന്നിവർക്കൊപ്പം ബ്രൂഗി താരം ക്രിസ്റ്റോസ് സോളിസിന്റെ സെൽഫ് ഗോൾകൂടി വന്നതാണു ബാർസയുടെ മാനം രക്ഷിച്ചത്. സൂപ്പർ കോച്ച് ഹൊസെ മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക 1–0ന് ജർമൻ ക്ലബ് ബയേർ ലെവർക്യൂസനോടു തോൽവി വഴങ്ങിയതു വൻതിരിച്ചടിയായി. ലീഗ് റൗണ്ടിൽ ബെൻഫിക്കയുടെ തുടർച്ചയായ 4–ാം തോൽവിയാണിത്.
English Summary:








English (US) ·