സിൽക്ക് സ്മിത പറഞ്ഞു: 'എനിക്ക് ജീവിതം നഷ്ടപ്പെട്ടപോലെ തോന്നുന്നു, അവർക്ക് വേണ്ടത് എന്റെ സ്നേഹമല്ല'

8 months ago 9

silk smitha

സിൽക്ക് സ്മിത (Photo: ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്)

ചെന്നൈയിലെ വിതഗംപാക്കത്തിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം കറുത്ത് മെലിഞ്ഞ ഒരു പെൺകുട്ടിയുടെ രൂപം ത്യാഗരാജന്റെ മനസ്സിലേക്ക് കടന്നുവരും. നാൽപ്പത്തിയഞ്ചു വർഷം മുൻപുള്ള ഒരോർമ്മയുടെ തുടർച്ചയാണത്. സാവിത്രിയെപ്പോലെ അഭിനയിക്കണം പ്രശസ്തയാകണം എന്നൊക്കെ മോഹിച്ച് എഴുപതുകളുടെ അവസാനം ആന്ധ്രപ്രദേശിലെ ഏളൂർ എന്ന കുഗ്രാമത്തിൽ നിന്ന് മദ്രാസിലേക്ക് വണ്ടികയറിയതായിരുന്നു അവൾ. സിനിമാ നടിയാകാനുള്ള ഗ്ലാമറോ ശരീരഘടനയോ അവൾക്കുണ്ടായിരുന്നില്ല. എന്നിട്ടും നിശ്ചയദാർഢ്യമൊന്നുകൊണ്ട് മാത്രം പ്രേക്ഷകരെ വശീകരിക്കുന്ന ഒരു താരപദവിയിലേക്കുയരാൻ അവൾക്ക് കഴിഞ്ഞു. ഒരുപക്ഷേ, ആഗ്രഹിച്ചത് അങ്ങനെയായിരുന്നില്ലെങ്കിൽ പോലും.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ 'അങ്ങാടി'യുടെ ചിത്രീകരണം കോഴിക്കോട്ട് നടക്കുമ്പോൾ സംവിധായകൻ ഐവി ശശിയാണ് വിജയലക്ഷ്മിയെന്ന ഇരുപതുകാരിയെ ത്യാഗരാജന് പരിചയപ്പെടുത്തിയത്. സിനിമയ്ക്ക് വേണ്ടി പേര് സ്മിത എന്നാക്കിയിരുന്നു. അംബികയുടെയും സുരേഖയുടെയുമൊക്കെ നിഴൽപറ്റിയുള്ള കൂട്ടുകാരി എന്നതിനപ്പുറം അങ്ങാടിയിലെ വേഷം അത്രയേറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നില്ല. തുടർന്ന് ശശിയുടെ 'കരിമ്പന'യിലും സ്മിതയ്ക്ക് അവസരം ലഭിച്ചു. ആ വേഷം പിൽക്കാലത്ത് സ്മിത അവതരിപ്പിച്ച മാദകത്വം നിറഞ്ഞുതുളുമ്പുന്ന കഥാപാത്രങ്ങളിലേക്കുള്ള തുടക്കങ്ങളിലൊന്നായി. 'വണ്ടിച്ചക്രം'എന്ന ചിത്രത്തിലെ 'സിൽക്ക്' എന്ന ബാർ ഗേളിന്റെ വേഷം സ്മിതയെ പ്രശസ്തയാക്കി. അതിൽപ്പിന്നെ സ്മിത അറിയപ്പെട്ടത് സിൽക്ക് സ്മിതയായിട്ടാണ്. വശ്യമായ നോട്ടവും മാദകമായ ശരീരവടിവും കൊണ്ട് സ്മിത യുവമനസ്സുകളിൽ പടർന്നുകയറി.

silk smitha

സിൽക്ക് സ്മിത ആക്ഷൻരംഗത്ത്

എൺപതുകളിലെ ആക്ഷൻ ചിത്രങ്ങളിലൂടെയാണ് വിജയലക്ഷ്മിയെന്ന സിൽക്ക് സ്മിതയെ ത്യാഗരാജൻ അടുത്തറിഞ്ഞത്. ഡാൻസ് രംഗങ്ങളിൽ കാഴ്ചവെച്ച വശ്യത സംഘട്ടനരംഗങ്ങളിലും പ്രകടിപ്പിക്കാൻ സ്മിതയ്ക്ക് കഴിഞ്ഞു. സിനിമയിൽ ഫൈറ്റ് ഏറ്റവും മനോഹരമായി അവതരിപ്പിച്ച നടികൂടിയായിരുന്നു സ്മിത. സ്റ്റണ്ട് സീക്വൻസുകൾ സ്മിത എങ്ങനെ ഇത്ര അനായാസം ചെയ്യുന്നു എന്ന സംശയം സെറ്റിലെ പലർക്കുമുണ്ടായിരുന്നു. പക്ഷേ, ത്യാഗരാജന് അക്കാര്യത്തിൽ സംശയമൊട്ടുമില്ലായിരുന്നു. കാരണം നൃത്തം പഠിച്ചും അവതരിപ്പിച്ചും സ്വയം ഉണ്ടാക്കിയെടുത്ത ഒരു മെയ്​ വഴക്കം സ്മിതയ്ക്കുണ്ടായിരുന്നു. അതിനകത്ത് നിന്നാണ് സിനിമയിൽ തന്റെതായ ഒരു ലോകം അവർ സൃഷ്ടിച്ചത്. വളരെ അടുപ്പമുള്ളവരോട് മാത്രമേ സ്മിത മനസ്സ് തുറന്നുള്ളൂ. ഫൈറ്റ് മാസ്റ്റർ - ആർടിസ്റ്റ് എന്ന ബന്ധത്തിനപ്പുറമൊരു സൗഹൃദമില്ലാഞ്ഞിട്ടുകൂടി സ്മിത തന്റെ ജീവിതത്തിലെ സങ്കീർണമായ പല അവസ്ഥകളും ത്യാഗരാജനോട് തുറന്നു പറഞ്ഞു. ആ തുറന്നുപറച്ചിലിൽ കൊടിയ ദാരിദ്ര്യത്തിൽ നിന്ന് സുഖസൗകര്യങ്ങളിലേക്ക് പറന്നുയർന്ന ഒരു അഭിനേത്രിയുടെ പൊള്ളുന്ന ജീവിതമുണ്ടായിരുന്നു. ചതിക്കുഴിയിൽ വീണുപോയ ഒരു പെണ്ണിന്റെ സങ്കടങ്ങളുണ്ടായിരുന്നു.

ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ അക്കഥകളെല്ലാം സ്മിത ത്യാഗരാജനോട് പറഞ്ഞുകൊണ്ടിരുന്നു. 'സാറിന് എന്റെ ജീവിതം കേട്ടിട്ട് വെറുപ്പ് തോന്നുന്നുണ്ടോ? 'ഒരിക്കൽ സ്മിത ചോദിച്ചു. സ്മിതയെപ്പോലെ ഒരുപാട് ജീവിതങ്ങളെ കണ്ടതുകൊണ്ടല്ല, തിരിച്ചുവരാൻ പറ്റാത്തത്ര ദൂരം സ്മിത സഞ്ചരിച്ചു പോയിട്ടുണ്ടെന്ന് അറിയാവുന്നത് കൊണ്ട് ത്യാഗരാജൻ ഒരു മറുപടിയും നൽകിയില്ല. എന്നിട്ടും സ്മിത നിർത്തിയില്ല. 'സാർ... ഇപ്പോൾ എനിക്കെന്റെ വ്യക്തി ജീവിതം പോലും നഷ്ടപ്പെട്ടപോലെ തോന്നുന്നു.' ആ വാക്കുകളിൽ വലിയ സത്യമുണ്ടായിരുന്നു. 'എന്നെ സ്നേഹിക്കുന്നവർക്ക് എന്റെ ശരീരവും പണവും മാത്രം മതി.' സ്മിത ആ പറഞ്ഞതും സത്യമായിരുന്നു. അങ്ങനെ സത്യങ്ങൾ മാത്രം ത്യാഗരാജനോട്‌ പങ്കുവെച്ചാണ് സ്മിത മടങ്ങിയത്. സ്മിതയുടെ കാലത്ത് അഭ്രപാളിയിലെത്തിയ പല മാദകറാണിമാരും രംഗംവിട്ടപ്പോഴും മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ഭാഷകളിലായി ഇരുനൂറോളം സിനിമകളിൽ സ്മിത അഭിനയിച്ചു.

silk smitha

സിൽക്ക് സ്മിത

സിനിമയിലെ പല അഭിനേത്രികളെയും പോലെ മുഖംമൂടിയണിഞ്ഞ വ്യക്തിത്വമായിരുന്നില്ല സ്മിതയുടേതെന്ന് ത്യാഗരാജൻ പറയും. ഒരു ഭോഗവസ്തുവിനോടെന്ന പോലെയായിരുന്നു സിനിമയിലെ പലരും അവരോട് പെരുമാറിയത്. ആർട്ടിസ്റ്റ് എന്ന പരിഗണന വളരെ കുറച്ചുപേരിൽ നിന്നു മാത്രമേ കിട്ടിയുള്ളൂ. അതിൽ സ്മിതയ്ക്ക് വിഷമമുണ്ടായിരുന്നു. പുറത്ത് പ്രകടിപ്പിച്ചില്ലെങ്കിൽ പോലും. അതിന്റെ പേരിൽ ആരോടും പരിഭവിച്ചതുമില്ല. വേദനകളെല്ലാം സ്വയം ഉള്ളിലൊതുക്കി. 'മാസ്റ്റർ.. ഞാൻ മനസ്സ് തുറന്ന് ചിരിച്ചിട്ട് വർഷങ്ങളായി.' ശശികുമാറിന്റെ ഏതോ ചിത്രത്തിൽ കാബറേ ഡാൻസ് രംഗത്ത് മാത്രം അഭിനയിച്ച് പോകാൻ നേരം സ്മിത ത്യാഗരാജനോടായി പറഞ്ഞു. ആ വാക്കുകളിൽ വേദനയുടെ കടൽ ഇരമ്പുന്നുണ്ടായിരുന്നു. അവഗണനകളും അപവാദങ്ങളും മാത്രമല്ല കരിയറിന്റെ തുടക്കത്തിൽ കഷ്ടപ്പാടുകളേറെ അനുഭവിക്കേണ്ടി വന്നു. പിന്നിട്ട ആ ദുരിതപർവ്വങ്ങൾ ഒന്നും തന്നെ സ്മിത മറന്നതുമില്ല. തമിഴ് സിനിമയിലെ ഫൈറ്റ് സീൻ ചിത്രീകരണത്തിന് സ്മിത എത്താതിരുന്നപ്പോൾ സംവിധായകൻ അല്പം ക്ഷോഭിച്ചു. ആ ക്ഷോഭത്തിന് കണ്ണ് നിറഞ്ഞുള്ള പുഞ്ചിരിയായിരുന്നു സ്മിതയുടെ മറുപടി. 'നീ ഇന്നലെ എവിടെയായിരുന്നു?'- ത്യാഗരാജൻ ചോദിച്ചു. 'മാസ്റ്റർ, അനാഥരായ മക്കളുടെ സംരക്ഷണത്തിന് വേണ്ടി പണം സ്വരൂപിക്കാൻ ഒരു ഡാൻസ് പ്രോഗ്രാം കമ്മിറ്റ് ചെയ്തിരുന്നു. അതിന്റെ തിരക്കിൽ ഇന്നലെ ഫൈറ്റ് സീൻ എടുക്കുന്ന കാര്യം മറന്നതല്ല. പക്ഷേ, ഞാൻ ആ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ അവർക്ക് വലിയ നഷ്ടം തന്നെ സംഭവിക്കുമായിരുന്നു.'

silk smitha

സിൽക്ക് സ്മിത

സ്മിതയുടെ വാക്കുകൾ അവരിലെ മഹത്വമാണ് ത്യാഗരാജനെ ബോധ്യപ്പെടുത്തിയത്. അനാഥർക്ക് വേണ്ടി മാത്രമല്ല അംഗവൈകല്യമുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയും സ്മിത പ്രതിഫലം പോലും വാങ്ങിക്കാതെ നിരവധി നൃത്തപരിപാടികൾ അവതരിപ്പിച്ചു. പല വേദികളിൽ നിന്നും ദുരനുഭവങ്ങൾ നേരിടേണ്ടിവന്നു. ഭൂരിപക്ഷം കണ്ണുകളും അവരുടെ മാദകത്വത്തിലേക്ക് മാത്രം ശ്രദ്ധിച്ചു. സിനിമയിൽ വലിയൊരു നടിയായി പേരെടുക്കണമെന്ന് ആഗ്രഹിച്ച് മദിരാശിയിലെത്തിയ സ്മിത സിനിമയേക്കാൾ വലിയൊരു ജീവിതമാണ് ആടിത്തീർത്തത്. ആ ആട്ടം ഒടുവിൽ ആത്മഹത്യയുടെ കയറിൽ തൂങ്ങിയാടി. വിവിധ ഭാഷകളിൽ നിറഞ്ഞു നിന്ന മാദകനടി എന്നതിനപ്പുറം സ്മിതയുടെ മൃതദേഹത്തോട് പോലും സിനിമാലോകം നന്ദികാണിച്ചില്ല. മദ്രാസിലെ വിജയാ ഹോസ്പിറ്റലിന്റെ മോർച്ചറിയിൽ സ്മിത ഉറങ്ങുമ്പോൾ പോലും അവരാടിയ വേഷങ്ങളിൽ, ആ മേനിയഴകിൽ ആനന്ദം കണ്ടെത്തുകയായിരുന്നു ഏറെപ്പേരും. സ്മിത സിനിമയിൽ ജീവിച്ച പതിനേഴ് വർഷങ്ങളുടെ അനുഭത്തിൽ ത്യാഗരാജൻ ഇന്നും ഓർക്കുന്നത് അവരുടെ നൃത്തമോ സ്റ്റണ്ടോ അല്ല. ആ കണ്ണുകളാണ്. ആരെയും വശീകരിക്കുന്ന ആ കണ്ണുകളിൽ ആരുമറിയാതെ സ്മിത ഒളിപ്പിച്ചുവെച്ച സങ്കടങ്ങളുടെ പെരുമഴയാണ്.

Content Highlights: The untold communicative of Silk Smitha, a South Indian actress, malayalam aciton movie, thayagarajan

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article