
സീ ഓഫ് ലവ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: അറേഞ്ച്ഡ്
ലിംഗഭേദങ്ങൾക്ക് അപ്പുറത്തേക്ക് മനുഷ്യന്റെ ഹൃദയ വികാരങ്ങൾ എത്തുമ്പോഴാണ് യഥാർത്ഥ പ്രണയം ജനിക്കുന്നത്. ലൈംഗികത, ഭാഷ, ലിംഗ ഭേദം, ഇവയ്ക്കപ്പുറത്തേക്ക് മനുഷ്യമനസ്സിന്റെ ആഴത്തിലേക്ക് പതിക്കുന്ന ഒരു പ്രണയത്തിന്റെ പകർപ്പാണ് സീ ഓഫ് ലവ്. ആണും പെണ്ണും തമ്മിലുള്ള പ്രണയമാണ് ശരിയെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് ജയന്തിയും ജുമൈറയും ജീവിക്കുന്നത്. ജീവിതത്തിന്റെ പരുക്കൻ യാത്രയിൽ തനിച്ചായി പോകുന്ന ഇരുവരും ഒരു ഘട്ടത്തിൽ പരസ്പരം താങ്ങാകുന്നു. ആ പ്രണയത്തിന്റെ നൈർമല്യമോ തീവ്രതയോ മനസ്സിലാക്കാതെ അവരെ തമ്മിലകറ്റാൻ ശ്രമിക്കുകയാണ് ഇരു വീട്ടുകാരും.
എഴുത്തുകാരിയും വിധവയുമായ ജയന്തി തന്റെ മകന്റെ ഇഷ്ടാനുസരണമാണ് അതുവരെ ജീവിച്ച നാട് വിട്ട് ഗ്രാമത്തിലെത്തുന്നത്. എന്തിനും തനിക്ക് മേൽ നിയന്ത്രണം മാത്രമുള്ള ചുറ്റുപാടിൽ നിന്ന് പുതിയ സ്ഥലത്ത് എത്തുമ്പോൾ സ്വാതന്ത്ര്യം അവൾ സ്വപ്നം കണ്ടിരുന്നു എന്നാൽ അവിടെയും അവളെ കാത്തിരുന്നത് ഏകാന്തതയും കുറ്റപ്പെടുത്തലും മാത്രമായിരുന്നു. ജയന്തിയുടെ അയൽക്കാരിയാണ് ജുമൈറ. ചെറുപ്പക്കാരിയായ അവൾക്ക് ഓരോ ദിവസവും ചെറുത്ത് നിൽപ്പാണ്. തന്റെ ചുറ്റുമുള്ള സമൂഹത്തിൽ നിന്ന് ഭിന്നയാണ് താനെന്ന് വളരെ ചെറുപ്പത്തിലേ അവൾ മനസ്സിലാക്കിയിരുന്നു. വളരെ യാഥാസ്ഥിതികരായ മാതാപിതാക്കളോട് തന്റെ സ്വത്വം തുറന്ന് പറയാൻ അവൾക്ക് ആകുന്നില്ല. ജുമൈറയും ജയന്തിയും പ്രണയത്തിലാകുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് മാറുകയാണ്.
അതിവൈകാരിക മുഹൂർത്തങ്ങളിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്. വെറുമൊരു ലെസ്ബിയൻ പ്രണയകഥ മാത്രമല്ല സീ ഓഫ് ലവ്. മറിച്ച് ഒരു കൂട്ടം മനുഷ്യരുടെ വികാര വിചാരങ്ങളുടെ നേർക്കാഴ്ച്ച കൂടിയാണ്. ഓരോ മനുഷ്യനും വ്യത്യസ്തനാണെന്നും ആ വ്യത്യസ്തതയോടെ അവരെ ചേർത്ത് പിടിക്കണമെന്നുമാണ് ചിത്രം പ്രേക്ഷകരോട് പറയുന്നത്.
ജയന്തിയായി എത്തിയത് മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ മീരാ നായരും ജുമൈറായായി എത്തിയത് ദിൽഷയുമാണ്. അല്പം പോലും അധികമാകാതെ ജയന്തിയുടെയും ജുമൈറയുടെയും വികാര വിക്ഷോഭങ്ങൾ കയ്യടക്കത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഇരുവർക്കും കഴിഞ്ഞത് ചിത്രത്തിന്റെ എടുത്തുപറയേണ്ട ഘടകമാണ്.
കോട്ടയം രമേഷ്, സീനത്ത് എ. പി, ജിബ്നു ചാക്കോ ജേക്കബ്, ദേവകൃഷ്ണൻ എന്നിവരാണ് സീ ഓഫ് ലവ്വിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചത് സായി കൃഷ്ണയാണ്. ബീനാ പോളാണ് ചിത്രത്തിന്റെ എഡിറ്റർ. സംഗീത സംവിധായകൻ റാസാ റസാഖ്. സംവിധായികയും ദേവകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.
Content Highlights: Sea of Love explores the complexities of emotion beyond societal norms
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·