ആദ്യ ഏകദിന ലോകകപ്പിലെ കിരീടജേതാക്കൾ, തുടർച്ചയായി 15 വർഷം ഒരു ടെസ്റ്റ് പരമ്പരപോലും നഷ്ടപ്പെടാത്ത ഏക ക്രിക്കറ്റ് ടീം, ട്വന്റി20 ലോകകപ്പിൽ രണ്ടു തവണ കിരീടം നേടിയ ആദ്യ ടീം... ക്രിക്കറ്റിൽ, ഫോർമാറ്റ് ഏതായാലും വെസ്റ്റിൻഡീസ് മുദ്ര പതിക്കാത്ത ഇടങ്ങൾ കുറവാണ്. അവിടെ നിന്നാണ്, പ്രധാന ടൂർണമെന്റുകൾക്ക് യോഗ്യത നേടാൻ സാധിക്കാതെയും സ്വന്തം മണ്ണിൽ പോലും തുടർതോൽവികൾ ഏറ്റുവാങ്ങിയും വിൻഡീസ് ടീം സമീപകാലത്തൊരു ദുരന്തമായി മാറിയത്. വെസ്റ്റിൻഡീസ് ക്രിക്കറ്റിന് ഇപ്പോൾ സംഭവിക്കുന്നതെന്ത്?
വിശ്രമവേളകൾ ആഘോഷിക്കാനാണ് ഇംഗ്ലിഷുകാർ ക്രിക്കറ്റിനു ജന്മം നൽകിയത്. എന്നാൽ വെസ്റ്റിൻഡീസുകാർക്ക് ക്രിക്കറ്റ് അതിജീവനത്തിന്റെ മത്സരമായിരുന്നു, തങ്ങളെ അടക്കി ഭരിച്ചവരെ തിരിച്ചടിക്കാനുള്ള ആയുധമായിരുന്നു. കരീബിയൻ കടലിന്റെ തീരങ്ങളിൽ ചിതറിക്കിടന്ന ദ്വീപസമൂഹത്തെ ഒരു തുകൽപന്തിനു ചുറ്റും തുന്നിച്ചേർത്ത് 1928ൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് രൂപീകരിക്കുമ്പോൾ അതിന്റെ അമരത്തും അണിയത്തും ഇംഗ്ലിഷുകാരായിരുന്നു.
അവിടെനിന്ന് പലകൈ മറിഞ്ഞ് വിൻഡീസ് ക്രിക്കറ്റിന്റെ നായകനായി ഒരു കറുത്തവർഗക്കാരൻ വരുന്നത് 1960ലാണ്, ഫ്രാങ്ക് വോറൽ ആയിരുന്നു അത്. പിന്നീടങ്ങോട്ട് ലോക ക്രിക്കറ്റ് കണ്ടത് കരീബിയൻ കുതിപ്പ്. 2 വീതം ഏകദിന, ട്വന്റി20 ലോകകിരീടങ്ങളും ഒരു ചാംപ്യൻസ് ട്രോഫി നേട്ടവുമായി ലോക ക്രിക്കറ്റിന്റെ അധിപൻമാരായി വിലസിയിരുന്ന വിൻഡീസിന് പക്ഷേ, കഴിഞ്ഞ ഒരു പതിറ്റാണ്ടായി നഷ്ടങ്ങളുടെയും നാണക്കേടുകളുടെയും കണക്കുമാത്രമാണ് പറയാനുള്ളത്.
ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയോട് 3–0 തോൽവി വഴങ്ങിയതിനു പുറമേ, മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 27 റൺസിന് ഓൾഔട്ടാവുകയും ചെയ്തു. സമീപകാലത്തെ ഏറ്റവും വലിയ നാണക്കേടിലൂടെയാണ് വിൻഡീസ് ടീം കടന്നുപോകുന്നത്. വിൻഡീസ് ക്രിക്കറ്റിനെ ‘രക്ഷിക്കാൻ’ മുൻതാരങ്ങളായ ബ്രയാൻ ലാറയും വിവിയൻ റിച്ചഡ്സും ക്ലൈവ് ലോയ്ഡും ഉൾപ്പെടെയുള്ളവരെ അണിനിരത്തി ഒരു കമ്മിറ്റി ഉണ്ടാക്കിയിരിക്കുകയാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്.
പണമാണ് പ്രശ്നംഎക്സ്പീരിയൻസ് സർട്ടിഫിക്കറ്റിനു വേണ്ടി മാത്രം കുറഞ്ഞ ശമ്പളത്തിനു നാട്ടിൽ ജോലി ചെയ്ത്, ഒരു വർഷം കഴിഞ്ഞാൽ വിദേശത്തേക്കു പറക്കുന്ന ശരാശരി മലയാളി യുവത്വത്തിന്റെ നേർപതിപ്പാണ് വിൻഡീസ് ക്രിക്കറ്റർമാർ. ഫ്രാഞ്ചൈസി ട്വന്റി20 ലീഗുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി മാത്രമാണ് പല വിൻഡീസ് താരങ്ങളും ഇന്നു ദേശീയ ടീമിൽ കളിക്കാൻ തയാറാകുന്നത്.
ഒന്നോ രണ്ടോ പരമ്പരയിൽ കളിച്ച് പേരെടുത്തുകഴിഞ്ഞാൽ ദേശീയ ബോർഡുമായുള്ള കരാർ ഉപേക്ഷിച്ച് ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാൻ പോകും. ഇന്ത്യയിലെ ഐപിഎൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഫ്രാഞ്ചൈസി ലീഗുകളിൽ സ്ഥിരം സാന്നിധ്യമാണ് വിൻഡീസ് താരങ്ങൾ.
ഏകദേശം 85 ലക്ഷം രൂപയാണ് വിൻഡീസ് ക്രിക്കറ്റിലെ ഏറ്റവും സീനിയർ താരത്തിനു ലഭിക്കുന്ന പരമാവധി വാർഷിക ശമ്പളം. ഇന്ത്യയിൽ ഏറ്റവും ജൂനിയർ താരങ്ങൾ പോലും പ്രതിവർഷം ഒരു കോടിയിലധികം ശമ്പളം കൈപ്പറ്റുമ്പോഴാണിത്. ഏകദേശം 4 ലക്ഷം രൂപയാണ് ഒരു ടെസ്റ്റ് മത്സരത്തിന് മാച്ച് ഫീ ഇനത്തിൽ വിൻഡീസ് ബോർഡ് കളിക്കാർക്ക് നൽകുന്നത്. 3–4 മണിക്കൂർ മാത്രമുള്ള ഒരു ഐപിഎൽ മത്സരം കളിച്ചാൽ മാച്ച് ഫീയായി 7.5 ലക്ഷം രൂപ ലഭിക്കും. ഈ സാമ്പത്തിക അന്തരമാണ് വിൻഡീസ് കളിക്കാരെ ദേശീയ ടീം വിടാൻ പ്രേരിപ്പിക്കുന്നത്.
വിനയായി വാശിഫ്രാഞ്ചൈസി ലീഗുകളിൽ സജീവമാകുമ്പോഴും പ്രധാന ടൂർണമെന്റുകളിൽ ദേശീയ ടീമിനൊപ്പം ചേരുന്ന പതിവ് വിൻഡീസ് താരങ്ങൾക്കുണ്ടായിരുന്നു, കുറച്ചുകാലം മുൻപു വരെ. എന്നാൽ കളിക്കാരുടെ മേൽ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി, ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കാത്തവരെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബോർഡ് നിയമം കൊണ്ടുവന്നു.
ഇതോടെ ബോർഡും പ്രധാന താരങ്ങളും തമ്മിൽ പ്രശ്നങ്ങൾക്കു തുടക്കമായി. ബോർഡിനോടുള്ള വാശിയെന്നോണം പല സൂപ്പർ താരങ്ങളും ദേശീയ ടീമിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാഞ്ചൈസി ലീഗുകളിലേക്ക് ചേക്കേറി. ഇതോടെ മികച്ച താരങ്ങൾ ഇല്ലാതായ ദേശീയ ടീമിലേക്ക് ആഭ്യന്തര താരങ്ങൾ ഇടിച്ചുകയറാൻ തുടങ്ങി. ടീമിന്റെ നിലവാരത്തകർച്ചയ്ക്കും അതോടെ തുടക്കമായി. ഏകദിന ലോകകപ്പ് പോലുള്ള ടൂർണമെന്റുകൾക്ക് യോഗ്യത പോലും നേടാനാവാത്ത സ്ഥിതിയായി.
സമിയാണോ വില്ലൻ?
മുൻ താരവും നിലവിലെ ഹെഡ് കോച്ചുമായ ഡാരൻ സമിയുടെ ഏകാധിപത്യമാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിൽ നടക്കുന്നതെന്നും ആരോപണമുണ്ട്. 2023ൽ ട്വന്റി20, ഏകദിന ടീമുകളുടെ പരിശീലകനായി ചുമതലയേറ്റ സമി, ഈ വർഷം ടെസ്റ്റ് ടീമിന്റെ കൂടി തലപ്പത്തേക്കെത്തി. മുൻപ് കൃത്യമായി സിലക്‌ഷൻ കമ്മിറ്റി കൂടിയാണ് ദേശീയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഇപ്പോൾ ടീം തിരഞ്ഞെടുപ്പിന്റെ സമ്പൂർണ നിയന്ത്രണം സമിക്കാണ്. പല സീനിയർ താരങ്ങളെയും ദേശീയ ടീമിൽ നിന്ന് അകറ്റിയത് സമിയുടെ ഈ വൺ മാൻ ഷോ ആണെന്നും ആക്ഷേപമുണ്ട്.
പഴയ വൈബ് ഇല്ല!ക്രിക്കറ്റ് ജീവതാളമായിക്കണ്ട ഒരു തലമുറ വെസ്റ്റിൻഡീസിൽ നിന്നു പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. യുഎസിനോടു ചേർന്നു നിൽക്കുന്ന വെസ്റ്റിൻഡീസിന്റെ യുവത്വം കളിയിലും ജീവിതത്തിലും ഇപ്പോൾ അമേരിക്കക്കാരെ മാതൃകയാക്കാൻ ശ്രമിക്കുന്നു. യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും ക്രിക്കറ്റിന് പ്രാധാന്യം കുറവാണ്. അമേരിക്കൻ ഫുട്ബോളും ബാസ്കറ്റ്ബോളും ബേസ്ബോളും ഉൾപ്പെടെയുള്ള മത്സരങ്ങളോടാണ് അവർക്കു കമ്പം. കരീബിയൻ ദ്വീപുകളിലെ യുവതലമുറയ്ക്കും ഇപ്പോൾ താൽപര്യം ഈ മത്സരങ്ങളോടാണ്. ക്രിക്കറ്റിനോടുള്ള യുവതലമുറയുടെ വിരക്തിയും വിൻഡീസ് ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് വളമായി.
സാമ്പത്തികമായ വെല്ലുവിളിയാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡും കളിക്കാരും നേരിടുന്ന പ്രധാന പ്രശ്നം. കളിക്കാർക്ക് സാമ്പത്തിക പിന്തുണ നൽകാൻ ബോർഡിനു പലപ്പോഴും സാധിക്കുന്നില്ല. ദേശീയ ടീം വിട്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്കു മാറാൻ പല താരങ്ങളും നിർബന്ധിതരാകുന്നത് ഇതിനാലാണ്.
English Summary:








English (US) ·