
ഫ്രാങ്ക് ലാംപാർഡ് | AFP, ക്ലോഡിയോ റാനിയേരി | AP
റോം: പരിശീലകരംഗത്ത് മൂന്നരപ്പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ട് ക്ലോഡിയോ റാനിയേരിയെന്ന ഇറ്റലിക്കാരന്. 2015-16 സീസണിൽ ലെസ്റ്റർ സിറ്റിയെന്ന കുഞ്ഞൻ ക്ലബ്ബിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരാക്കിക്കാണിച്ച അദ്‌ഭുതം ഫുട്‌ബോൾലോകം മറന്നിട്ടുമില്ല. സീസണിനൊടുവിൽ പരിശീലകവേഷമഴിച്ചുവെക്കുമെന്ന് പ്രഖ്യാപിച്ച റാനിയേരിയുടെ സീരി എയിലെ മാജിക്കാണ് ഫുട്‌ബോൾ പ്രേമികളെ അമ്പരപ്പിക്കുന്നത്.
ഇറ്റാലിയൻ സീരി എയിൽ എഎസ് റോമ ടീം അവസാനം കളിച്ച 19 കളിയിൽ അപരാജിതരാണ്. റാനിയേരിയാണ് ടീമിന്റെ പരിശീലകൻ. സീസണിന്റെ തുടക്കത്തിൽത്തന്നെ രണ്ട് പരിശീലകരെ പുറത്താക്കിയശേഷമാണ് റാനിയേരിയെ കൊണ്ടുവന്നത്. ആ നീക്കം പാളിയില്ലെന്ന് ടീമിന്റെ പ്രകടനം വ്യക്തമാക്കുന്നു. റാനിയേരി ചുമതലയേൽക്കുമ്പോൾ 12 കളിയിൽ നിന്ന് 13 പോയിന്റുമായി 12-ാം സ്ഥാനത്തായിരുന്ന ടീമിന് തരംതാഴ്ത്തൽ ഭീഷണിയുമുണ്ടായിരുന്നു. ഇന്ന് 63 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ്. മൂന്നുകളി ബാക്കി നിൽക്കെ, ചാമ്പ്യൻസ് ലീഗ് ബെർത്ത് ക്ലബ്ബ് ആരാധകർ സ്വപ്നം കാണുന്ന രീതിയിലേക്കാണ് റാനിയേരി ടീമിനെ കൊണ്ടുവന്നിരിക്കുന്നത്.
ക്ലബ്ബിൽ മൂന്നാം ഊഴത്തിനെത്തിയ റാനിയേരിക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ നാല് കളികളിൽ മൂന്നിലും തോറ്റു. എന്നാൽ, അവിടെനിന്ന് പരിശീലകൻ മാജിക് തുടങ്ങി. കഴിഞ്ഞ ഡിസംബർ 15-ന് കോമോയോട് തോറ്റതിനുശേഷം റോമ തോൽവിയറിഞ്ഞിട്ടില്ല. 14 ജയവും അഞ്ച് സമനിലയുമാണ് ടീമിനുള്ളത്. അവസാനം ഇന്റർമിലാനെയും ഫിയോറെന്റീനയെയും വീഴ്ത്തിയാണ് ആദ്യനാലിൽ ഇടംപിടിക്കാനുള്ള പോരാട്ടം ടീം ശക്തമാക്കിയത്. അടുത്ത കളിയിൽ യുവന്റസാണ് എതിരാളി. ഇരുടീമുകൾക്കും തുല്യപോയിന്റാണ്. ജയിച്ചാൽ നാലാം സ്ഥാനത്തേക്ക് കയറാൻ ടീമിനാകും. ചാമ്പ്യൻസ് ലീഗ് ബെർത്ത് നേടിക്കൊടുത്താൽ റാനിയേരിക്ക് അന്തസ്സായി വിശ്രമജീവിതത്തിലേക്ക് കടക്കുകയും ചെയ്യാം.
ഞെട്ടിച്ച് ലാംപാർഡ്
ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോളിലെ മൂന്നാം ഡിവിഷനായ ലീഗ് വണ്ണിലേക്ക് തരംതാഴ്ത്തപ്പെടുമോയെന്ന അവസ്ഥയിൽനിന്നുമുയർന്ന് പ്രീമിയർ ലീഗ് പ്രവേശം സ്വപ്നംകാണുന്നൊരു ടീമുണ്ട്, കവൻട്രി സിറ്റി. രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ അഞ്ചാം സ്ഥാനത്തെത്തിയ ടീം സ്ഥാനക്കയറ്റത്തിനായുള്ള പ്ലേ ഓഫിന് അർഹത നേടി. യക്ഷിക്കഥപോലെയുള്ള ടീമിന്റെ കുതിപ്പിനുപിന്നിൽ ഇംഗ്ലീഷ് ഫുട്‌ബോളിലെ ഇതിഹാസമുണ്ട്. ക്ലബ്ബിന്റെ പരിശീലകനായ ഫ്രാങ്ക് ലാംപാർഡ്.
മാർക് റോബിൻസിൽനിന്ന് ടീമിന്റെ പരിശീലകച്ചുമതലയേറ്റെടുക്കുമ്പോൾ കവൻട്രി ചാമ്പ്യൻഷിപ്പിൽ 17-ാം സ്ഥാനത്തായിരുന്നു. അതായത് തരംതാഴ്ത്തൽ ഭീഷണിയിൽ. അവിടെനിന്നാണ് 69 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ലാംപാർഡ് ടീമിനെയെത്തിച്ചത്. അവസാന കളിയിൽ മിഡിൽസ്ബറോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് കവൻട്രി പ്ലേ ഓഫ് ഉറപ്പാക്കിയത്. പ്ലേ ഓഫ് സെമിഫൈനലിൽ സണ്ടർലൻഡാണ് എതിരാളി. ജയിച്ചാൽ ഫൈനലിൽ കടക്കും. ഫൈനലിൽ ജയിക്കുന്ന ടീം പ്രീമിയർ ലീഗിലേക്കു കയറും. പോയിന്റ് പട്ടികയിൽ ആദ്യരണ്ട് സ്ഥാനത്തെത്തിയ ലീഡ്‌സും ബേൺലിയും സ്ഥാനക്കയറ്റം നേടി. മൂന്ന് മുതൽ ആറ് വരെ ടീമുകളാണ് പ്ലേ ഓഫ് സെമിയിൽ കളിക്കുന്നത്. ഡെർബി കൗണ്ടി, ചെൽസി, എവർട്ടൺ ക്ലബ്ബുകളെ പരിശീലിപ്പിച്ച ശേഷമാണ് മുൻ ചെൽസി താരം കൂടിയായ ലാംപാർഡ് കവൻട്രിയിലെത്തുന്നത്.
Content Highlights: claudio ranieri Frank Lampard communicative serie a nation football








English (US) ·