
തിളക്കം എന്ന ചിത്രത്തിലെ രംഗങ്ങൾ | ഫോട്ടോ: ആർക്കൈവ്സ്, ജമേഷ് കോട്ടയ്ക്കൽ | മാതൃഭൂമി
അക്കാലത്ത് പത്രത്തിൽ വന്ന ഒരു വാർത്തയിൽനിന്നാണ് സിനിമയുടെ കഥ വികസിച്ചത്. കുട്ടിക്കാലത്ത് ഉത്സവപ്പറമ്പിൽ കാണാതായ ഒരു കുട്ടിയെ വർഷങ്ങൾക്കിപ്പുറം മാതാപിതാക്കൾ കണ്ടെത്തിയതായിരുന്നു വാർത്ത.
മാനസികവെല്ലുവിളി നേരിടുന്നനിലയിലായിരുന്നു അയാളുടെ മടങ്ങിവരവ്. കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കിട്ടുന്നതും തുടർന്ന് ആ കുടുംബം നേരിടുന്ന വേദനകളും നിറഞ്ഞ ഒരു കുടുംബചിത്രം ജയരാജ് മനസ്സിൽ കണ്ടു. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനുമായി ചർച്ചചെയ്ത് കഥാരൂപമാക്കി. മനോസംഘർഷങ്ങളുടെ മുഹൂർത്തങ്ങളുമായി ആലങ്കോട് തിരക്കഥ പൂർത്തിയാക്കുകയും ചെയ്തു.
ജയരാജിന്റെ സുഹൃത്തും സഹസംവിധായകനുമായ അനീഷ് വർമ്മ നിർമാണവും ഏറ്റെടുത്തു. നായകവേഷത്തിന് ദിലീപിനു സമ്മതം. ഏറെ പ്രശംസ നേടിയ ‘കണ്ണകി’ക്കു പിന്നാലെ ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രം തന്റെ കരിയറിനും ഗുണമാകുമെന്ന പ്രതീക്ഷയായിരുന്നു ദിലീപിന്.
പക്ഷേ, മീശമാധവനും കുഞ്ഞിക്കൂനനുമൊക്കെയായി ജനപ്രിയനായകന്റെ പരിവേഷത്തിൽ നിൽക്കുന്നതിനിടയിൽ ഇത്തരമൊരു സീരിയസ് വേഷം സ്വീകരിക്കപ്പെടുമോ എന്ന സംശയത്തിലായി പിന്നീട് ദിലീപ്. പക്ഷേ, ചിത്രത്തിൽനിന്നു പിന്മാറുമെന്നും പറഞ്ഞില്ല. ഇതോടെ ചിത്രത്തിന്റെ മുന്നോട്ടുള്ള പോക്ക് വഴിമുട്ടി. ജയരാജ് ഇതേ തിരക്കഥ മറ്റാരെയെങ്കിലും നായകനാക്കി ചെയ്യാനും ഒരുങ്ങി.
പിന്നെ കല്യാണരാമൻ
മാസങ്ങൾക്കിപ്പുറം, കഴിഞ്ഞ ദിവസം അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ കല്യാണവീ ട്. കല്യാണം കൂടാനെത്തിയ ജയരാജും ദീലീപും അവിടെവെച്ച് കണ്ടുമുട്ടുന്നു. പരിഭവിച്ചിരുന്ന ജയരാജിനോട് ദിലീപ് മടിച്ചുമടിച്ചു കാര്യം പറഞ്ഞു- "ചേട്ടാ, ആ കഥയിൽ തമാശയ്ക്കുള്ള ഒരുപാടു സാധ്യതകളുണ്ട്. നമുക്ക് അത്തരത്തിൽ ചെയ്തുകൂടെ. ' തിരക്കഥ ഉൾപ്പെടെ പൂർത്തിയായ കഥയെങ്ങനെ കോമഡിയാക്കുമെന്നു സംശയിച്ച ജയരാജിനോട് "അതെല്ലാം ഞാൻ ശരിയാക്കാമെന്ന് ദിലീപിന്റെ ഉറപ്പ്. കല്യാണരാമന്റെ സെറ്റിൽ ദിലീപിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് 'കാണാതായ പഴയ ഉണ്ണി'യുടെ കാര്യം റാഫി -മെക്കാർട്ടിൻമാരോട് ദിലീപ് പറയുന്നത്. ആശയം കേട്ടപ്പോൾത്തന്നെ അതിലെ ഹാസ്യസാധ്യതകൾ മനസ്സിലായെന്നും അവിടെവെച്ചുതന്നെ ചിത്രത്തിന്റെ എഴുത്തിന് സമ്മതിക്കുകയായിരുന്നുവെന്നും റാഫി ഓർക്കുന്നു.
സീരിയസ് കഥ ‘തിളക്ക’മായതിങ്ങനെ
"വാട്ട് എ ബ്യൂട്ടിഫുൾ പ്യൂപ്പിൾ" - ആ ഗ്രാമത്തെ നോക്കി പ്രേക്ഷകരും പറഞ്ഞുപോയി. കാണാതായ ഉണ്ണിയുടെ മടങ്ങിവരവിനായും അവന്റെ ചികിത്സയ്ക്കായും ഓടിനടക്കുന്നആത്മാർഥതയുള്ള ഒരുപറ്റം നാട്ടുമ്പുറത്തുകാർ. ഉണ്ണിയുടെ കൈയിലിരിപ്പൊക്കെ വെറും 'കുറുമ്പായി' കണ്ട് ചുറ്റുംകൂടിയവർ. ടൈറ്റിൽ കാർഡിൽ- ജനുവരി, മുണ്ടൂർ ഗ്രാമം' എന്നെഴുതിക്കാട്ടിയപ്പോൾ പ്രേക്ഷകർ കരുതിയില്ല മുണ്ടും പറിച്ച് ഓടുന്നവന്റെ ഗ്രാമമാണതെന്ന്! ദിലീപും ജഗതിയും സലീംകുമാറുമൊക്കെ ചേർന്ന് മലയാളികളെ ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന തിളക്കം പക്ഷേ, ആദ്യം പ്ലാൻ ചെയ്തത് ഒരു സീരിയസ് സിനിമയായിട്ടായിരുന്നു എന്ന് പലർക്കുമറിയില്ല. 'നിലാവുറങ്ങുന്ന നാലുകെട്ട്' എന്നപേരിൽ ആലങ്കോട് ലീലാകൃഷ്ണൻ എഴുതിയ സീരിയസ് തിരക്കഥ മാറ്റിവെച്ച് ചിരിയുടെ ചേരുവയിലേക്കു മാറ്റിയെഴുതിയ ഹിറ്റ് സിനിമ. ജയരാജ് എന്ന സംവിധായകന്റെ പേരുകണ്ട് അവാർഡ് സിനിമ പ്രതീക്ഷിച്ചുകയറിയവരൊക്കെ ചിരിച്ചുമറിഞ്ഞ് തിയേറ്റർ വിട്ട പടം.
സലീം കുമാർ, ജഗതി -ഇഷ്ടംപോലെ; ഹനീഫയും മാമുക്കോയയും പാകത്തിന്
കൊച്ചി വൈറ്റ്ഫോർട്ടിലെ മുറിയിൽ ഒരുമാസം തങ്ങി റാഫി-മെക്കാർട്ടിൻമാർ തിരക്കഥ പൂർത്തിയാക്കി. സിനിമയുടെ കഥയ്ക്ക് ക്രെഡിറ്റ് ആലങ്കോട് ലീലാകൃഷ്ണ നുതന്നെ. ഗ്രാമത്തിലെ പലചരക്കുകടയിൽ നിന്നെന്നപോലെ കൃത്യം തൂക്കത്തിൽ കഥാപാത്രങ്ങളെ റാഫി-മെക്കാർട്ടിൻമാർ ഇറക്കി. അളവും പാകവും തെറ്റാതെ തിരക്കഥയിൽ അവർ നിറഞ്ഞതോടെ ചിരി തിളച്ചു. 'തിളക്കം' പിറന്നു.
ജഗതി ശ്രീകുമാറിന്റെ പള്ളീലച്ചൻ, ഹരിശ്രീ അശോകന്റെ തയ്യൽക്കാരൻ, കൊച്ചിൻ ഹനീഫയുടെ ഗുണ്ട, പെങ്ങൾ ബിന്ദുപണിക്കർ, മാമുക്കോയ മുതൽ മച്ചാൻ വർഗീ
സുവരെയുള്ള നാട്ടുകാർ... ചിരിപ്പിക്കാൻ ഇവരൊക്കെയെത്തി. സ്ത്രീധന ബാക്കി ചോദിച്ചുവരുന്ന അളിയനായ സലീംകുമാറും ദിലീപും ഒരമ്മപെറ്റ അളിയൻമാരായി.
ഏറെക്കാലത്തിനുശേഷം വെളിച്ചപ്പാടിനെയും സ്ക്രീനിൽ കണ്ടു; കൊച്ചുപ്രേമൻ. മറ്റുള്ളവരുടെ മുണ്ടുപറിച്ചുകൊണ്ടോടുന്ന ഒരാൾ സംവിധായകൻ സിദ്ദിഖിന്റെ നാട്ടിലുണ്ടായിരുന്നു. ആ സംഭവമാണ് ദിലീപ് അനുകരിച്ചത്. ദിലീപ് ട്രാക്കുപാടിയ 'സാറേ സാറേ സാമ്പാറേ..' എന്ന പാട്ട് അതേപടി ചിത്രത്തിൽ ഉപയോഗിച്ചതും ഹിറ്റായി. 2003 വിഷുക്കാലത്തെ ചിരിമത്താപ്പായി തിളക്കം.
Content Highlights: From Tragedy to Triumph: The Unexpected Evolution of Thilakkam's Hilarious Narrative





English (US) ·