.jpg?%24p=4b4d62a&f=16x10&w=852&q=0.8)
സീറോ ബാബു | Photo: Mathrubhumi Archives
ഓരോ പാട്ടിനുമൊപ്പം മനസ്സില്‍ തെളിയുന്നു ഒരു കാലം, ഒപ്പം മറക്കാനാവാത്ത കുറെ മുഖങ്ങളും. മലയാളസിനിമയുടെ നാല് പതിറ്റാണ്ടുകളെ ദീപ്തമാക്കിയ മുഖങ്ങള്‍. പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം കേള്‍ക്കുമ്പോള്‍ 'സന്മനസ്സുള്ളവര്‍ക്ക് സമാധാന'ത്തിലെ സബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രനെ ഓര്‍മ്മവരും. തൂമഞ്ഞിന്‍തുള്ളി കേള്‍ക്കുമ്പോള്‍ 'അപ്പുണ്ണി'യിലെ മേനോന്‍ മാഷിനെ, ഓര്‍മ്മയില്‍ ഒരു ശിശിരം കേള്‍ക്കുമ്പോള്‍ 'ഗാന്ധി നഗറി'ലെ ഗൂര്‍ഖാ രാംസിംഗിനെ, കരകാണാക്കടലല മേലെ കേള്‍ക്കുമ്പോള്‍ 'നാടോടിക്കാ'റ്റിലെ ദാസനേയും വിജയനേയും, കുന്നിമണിച്ചെപ്പ് കേള്‍ക്കുമ്പോള്‍ 'പൊന്മുട്ടയിടുന്ന താറാവിലെ പാര്‍വതി ടീച്ചറെ, വെള്ളാരപ്പൂമല മേലെ കേള്‍ക്കുമ്പോള്‍ 'വരവേല്‍പ്പി'ലെ ബസ് ഓണര്‍ മുരളിയെ, തങ്കത്തോണി കേള്‍ക്കുമ്പോള്‍ 'മഴവില്‍ക്കാവടി'യിലെ ആനന്ദവല്ലിയെ, മായപ്പൊന്മാനേ കേള്‍ക്കുമ്പോള്‍ 'തലയണമന്ത്ര'ത്തിലെ കാഞ്ചനയെ, മെല്ലെയൊന്ന് പാടി കേള്‍ക്കുമ്പോള്‍ 'മനസ്സിനക്കരെ'യിലെ കൊച്ചു ത്രേസ്യയെ, എന്ത് പറഞ്ഞാലും നീയെന്റേതല്ലേ കേള്‍ക്കുമ്പോള്‍ 'അച്ചുവിന്റെ അമ്മ'യിലെ വനജയേയും അച്ചുവിനേയും, ഓമനക്കോമള താമരപ്പൂവേ കേള്‍ക്കുമ്പോള്‍ 'ഒരിന്ത്യന്‍ പ്രണയകഥ'യിലെ അയ്മനം സിദ്ധാര്‍ത്ഥനെ..
ആ മുഖങ്ങളെ, ആ കഥാപാത്രങ്ങളെ അനശ്വരമാക്കിയ പാട്ടുകള്‍ക്കു പിന്നില്‍ പ്രഗത്ഭരായ സംഗീതശില്‍പികളും ഉണ്ടായിരുന്നു, രവീന്ദ്രന്‍, ജോണ്‍സണ്‍, ശ്യാം, കണ്ണൂര്‍ രാജന്‍, ജെറി അമല്‍ദേവ്, എ.ടി. ഉമ്മര്‍, ആലപ്പി രംഗനാഥ്, മോഹന്‍ സിതാര, ഇളയരാജ, വിദ്യാസാഗര്‍, ഷാന്‍ റഹ്‌മാന്‍, വിഷ്ണു വിജയ് എന്നിങ്ങനെ. പുതിയ തലമുറയിലെ ജസ്റ്റിന്‍ പ്രഭാകരനിലെത്തി നില്‍ക്കുന്നു പ്രതിഭാശാലികളുടെ ആ നിര. സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂര്‍വ്വ'ത്തില്‍ പാട്ടൊരുക്കുന്നത് ജസ്റ്റിനാണ്. പ്രശസ്തരുടെ ഈ ഘോഷയാത്രയുടെ അങ്ങേയറ്റത്ത് അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരാളെ കാണാം. പ്രതിഭയുണ്ടായിട്ടും സിനിമയുടെ പുറമ്പോക്കിലൊതുങ്ങിപ്പോയ ഒരാളെ, കെ.ജെ. മുഹമ്മദ് ബാബു എന്ന സീറോ ബാബു. സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രമായ 'കുറുക്കന്റെ കല്യാണ'ത്തില്‍ പാട്ടുകളൊരുക്കിയത് ഈ മട്ടാഞ്ചേരിക്കാരനാണ്. കൗതുകം തോന്നി. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ പുതുമുഖ സംഗീത സംവിധായകനെ പരീക്ഷിക്കാനുള്ള ചങ്കൂറ്റം എവിടുന്നു കിട്ടി ? സത്യനോടൊരു ചോദ്യം.
'പടത്തിന്റെ നിര്‍മ്മാതാവ് റഷീദിന്റെ സുഹൃത്തായിരുന്നു ബാബു. സത്യന്‍ പറയുന്നു, കഴിവുള്ള ഗായകനാണ്. കുറച്ചു പടങ്ങളില്‍ പാടുകയും ചെയ്തു. എന്നിട്ടും സിനിമയില്‍ തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണ് ബാബു; നമുക്ക് അദ്ദേഹത്തിനൊരു അവസരം കൊടുത്തുകൂടേ എന്നായിരുന്നു റഷീദിന്റെ ചോദ്യം. സംഗീത സംവിധായകനായി പരീക്ഷിക്കാമെന്നു തോന്നിയത് അപ്പോഴാണ്. ഒപ്പനപ്പാട്ടൊക്കെയുള്ള സിനിമയായതുകൊണ്ട് എ.ടി. ഉമ്മറിനെപ്പോലൊരു സംഗീത സംവിധായകനായിരുന്നു എന്റെ മനസ്സില്‍. സീറോ ബാബുവിന്റെ സംഗീത പശ്ചാത്തലം വെച്ച് അദ്ദേഹത്തിന് അത്തരം പാട്ടുകള്‍ നന്നായി ചെയ്യാന്‍ കഴിയേണ്ടതാണ്. മാത്രമല്ല, നമ്മളും ഈ രംഗത്ത് പുതുമുഖമാണല്ലോ. സംഗീതത്തിലും ഒരു പുതുമ വരട്ടെ എന്ന് തോന്നി.' സത്യന്‍. പാട്ടുകാരനായ സീറോ ബാബു അങ്ങനെ കുറുക്കന്റെ കല്യാണത്തിലൂടെ സംഗീത സംവിധായകനായി തുടക്കം കുറിക്കുന്നു. 'വിനയാന്വിതനായി എന്റെ മുന്നില്‍ വന്നു നിന്ന ബാബുവിന്റെ രൂപം മറക്കാനാവില്ല. സംഗീതത്തെക്കുറിച്ച് നല്ല ധാരണയുള്ള ആളാണെന്ന് ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ മനസ്സിലായി. പാട്ടുകള്‍ നന്നായി ചെയ്യുകയും ചെയ്തു.'
'ഓപ്പണ്‍ സീറോ വന്നുകഴിഞ്ഞാല്‍ വാങ്ങും ഞാനൊരു മോട്ടോര്‍ കാര്‍' എന്ന പാട്ടാണ് ബാബുവിന് സീറോ ബാബു എന്ന പേര് നേടിക്കൊടുത്തത്. പിജെ തിയേറ്റേഴ്‌സിന്റെ 'ദൈവവും മനുഷ്യനും' എന്ന നാടകത്തിലെ ഹിറ്റ് പാട്ടായിരുന്നു അത്. 'സംഗീത സംവിധായകനായി അരങ്ങേറുന്ന കാര്യമറിഞ്ഞപ്പോള്‍ തിക്കുറിശ്ശി ചേട്ടന്‍ ബാബുവിനെ വിളിച്ചു പറഞ്ഞു: നിന്റെ പേരിലെ സീറോ എടുത്തുകള. അതിനൊരു രാശിയില്ല. ആദ്യ സിനിമയില്‍ തന്നെ സീറോ ആകുന്നത് ശരിയല്ലല്ലോ.' അങ്ങനെയാണ് പടത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ സീറോ ബാബു 'സൈറോ' ബാബു ആകുന്നത്.
പക്ഷേ, പേരുമാറ്റം കൊണ്ട് ബാബുവിന് ഗുണമുണ്ടായോ എന്ന് സംശയം. മൂന്ന് പാട്ടുകളുണ്ടായിരുന്നു 'കുറുക്കന്റെ കല്യാണ'ത്തില്‍. യേശുദാസ് പാടിയ 'അനുരാഗമേ എന്‍ ജീവനിലുണരൂ', 'പൊന്നോണത്തുമ്പികളും പൊന്‍വെയിലും,' പിന്നെ വാണിജയറാമിന്റെ 'മണവാട്ടിപ്പെണ്ണൊരുങ്ങി'യും. 'സീമ'യില്‍ ശങ്കര്‍ ജയ്കിഷന്റെ ഈണത്തില്‍ ലത മങ്കേഷ്‌കര്‍ പാടിയ മന്‍മോഹനാ എന്ന പ്രശസ്തഗാനത്തിന്റെ ചുവടുപിടിച്ച് ഒരുക്കിയതായിരുന്നു അനുരാഗമേ. പടം ശ്രദ്ധിക്കപ്പെട്ടെങ്കിലും ഗാനങ്ങള്‍ ഹിറ്റായില്ല എന്നത് പുതുമുഖ സംഗീതസംവിധായകന്റെ ദുര്യോഗം. തൊട്ടടുത്ത വര്‍ഷം ഫാസിലിന്റെ 'മറക്കില്ലൊരിക്കലും' എന്ന ചിത്രത്തിലും പാട്ടൊരുക്കാന്‍ അവസരം ലഭിച്ചെങ്കിലും അവിടെയും ഭാഗ്യം തുണച്ചില്ല സീറോ ബാബുവിനെ. ഫാസില്‍ ചിത്രത്തിന് സംഗീതം പകര്‍ന്നത് ബാബു എന്ന പേരിലാണ്. പാട്ടുകള്‍ മോശമല്ലായിരുന്നെങ്കിലും സംഗീത സംവിധാന രംഗത്തേക്ക് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല അദ്ദേഹത്തിന്.
പത്താം വയസ്സില്‍ ലതാജിയുടെ ഹിറ്റ് പാട്ടുകള്‍ വേദിയില്‍ അവതരിപ്പിച്ചുകൊണ്ട് ഗാനമേളാ ലോകത്തെത്തിയതാണ് ബാബു. നാടകത്തില്‍ ആദ്യ അവസരം നല്‍കിയത് പി.ജെ. ആന്റണി. 'കുടുംബിനി'യില്‍ (1964) എല്‍.പി.ആര്‍. വര്‍മ്മയുടെ ഈണത്തില്‍ കണ്ണിന് കണ്ണിനെ എന്ന പാട്ടുപാടിയാണ് പിന്നണിഗായകനായി അരങ്ങേറ്റം. പോര്‍ട്ടര്‍ കുഞ്ഞാലിയിലെ വണ്ടിക്കാരന്‍ ബീരാന്‍കാക്ക (ശ്രീമൂലനഗരം വിജയന്‍-ബാബുരാജ്), ഖദീജയിലെ ചക്കരവാക്ക് പറഞ്ഞെന്നെ ചാക്കിലാക്കി (യൂസഫലി-ബാബുരാജ്), ചൂണ്ടക്കാരിയിലെ മുത്തുബീബീ പണ്ടൊരിക്കല് സൊപ്പനം കണ്ട് (മോന്-കണ്ണൂര്‍ രാജന്‍) എന്നിവ സീറോബാബുവിന്റെ സവിശേഷമായ ആലാപനശൈലി കൊണ്ടുകൂടി ശ്രദ്ധേയമായ ഗാനങ്ങള്‍. 2020 ഒക്ടോബര്‍ 21-നായിരുന്നു എണ്‍പതാം വയസ്സില്‍ ബാബുവിന്റെ വേര്‍പാട്.
സത്യന്‍ അന്തിക്കാടിന്റെ പുത്തന്‍ സിനിമ തിയേറ്ററുകളിലെത്തുമ്പോള്‍ സീറോ ബാബു എന്ന നിര്‍ഭാഗ്യവാനായ സംഗീത സംവിധായകനേയും ഓര്‍ത്തുപോകുന്നു നാം, സിനിമാലോകത്തിന്റെ വഴികള്‍ എത്ര പ്രവചനാതീതമെന്നും.
Content Highlights: Zero Babu: The Unsung Music Director
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·